റിയാദ്: ഡിജിറ്റല്‍ വാലറ്റുകള്‍ വഴി ശമ്പളം വിതരണം ചെയ്യുന്നതിന് സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുമതി. ഇതുസംബന്ധിച്ച് മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ഡിജിറ്റല്‍ വാലറ്റ് കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചു.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ശമ്പളം വിതരണം ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരം ഡിജിറ്റല്‍ വാലറ്റുകള്‍ പ്രയോജനപ്പെടുത്താനാണ് അനുമതി. മാനവ വിഭവ ശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം അംഗീകരിക്കുകയും സൗദി പെയ്‌മെന്റ് നെറ്റ് വര്‍ക് സംവിധാനമായ മദാദില്‍ രജിസ്റ്ററും ചെയ്ത ഡിജിറ്റല്‍ വാലറ്റുകള്‍ വഴിയാണ് ശമ്പള വിതരണത്തിന് അനുമതിയുളളത്.
ശമ്പള വിതരണം ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സുമായി ബന്ധിപ്പിക്കും. ആവശ്യമായ വിവരങ്ങള്‍ കൈമാറണമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ചെറുകിട സ്ഥാപനങ്ങളില്‍ വേതന സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരും. ബാങ്ക് അക്കൗണ്ട് വഴി ശമ്പളം വിതരണം ചെയ്യുന്നതിനാണ് വേതന സംരക്ഷണ നിയമം നടപ്പിലാക്കുന്നത്. നിയമത്തിന്റെ പരിധിയില്‍ ഡിജിറ്റല്‍ വാലറ്റും ഉള്‍പ്പെടുത്തും. ബാങ്കുകളില്‍ പോകാതെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പണം അയക്കാന്‍ ഡിജിറ്റല്‍ വാലറ്റുകള്‍ക്ക് കഴിയും. ഉപഭോക്താക്കള്‍ക്ക് പര്‍ചേസിനും ഇതര പണമിടപാടിനും ഡിജിറ്റല്‍ വാലറ്റുകള്‍ എളുപ്പം ഉപയോഗിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ശമ്പള വിതരണം ഡിജിറ്റല്‍ വാലറ്റുകളിലാക്കുന്നതു സ്വീകാര്യത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.