റിയാദ്: വന്ദേ ഭാരത് മിഷന്റെ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നു 15 അധിക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. ഇതില്‍ ഒന്‍പതെണ്ണം കേരളത്തിലേക്കാണ്. ഇതോടെ ആറാം ഘട്ടത്തില്‍ നടത്തുന്ന സര്‍വീസുകളുടെ എണ്ണം 42 ആയി ഉയര്‍ന്നു. ഈ മാസം 30 വരെ നടത്തുന്ന സര്‍വീസുകളുടെ വിവരമാണ് ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ചത്.
റിയാദില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടും കൊച്ചിയിലേക്ക് ഒരു സര്‍വീസും നടത്തും. ദമ്മാമില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ടും കണ്ണൂരിലേക്ക് ഒരു സര്‍വീസുമാണ് അധികമായി അനുവദിച്ചത്. അതേസമയം, ജിദ്ദയില്‍ നിന്നു കേരളത്തിലേക്ക് വിമാനങ്ങള്‍ അനുവദിച്ചിട്ടില്ല. അധികമായി അനുവദിച്ച 15 സര്‍വീസുകളില്‍ 9 എണ്ണം കേരളത്തിലേക്കും ബാക്കിയുളള 6 സര്‍വീസുകള്‍ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുമാണ്.
റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഓഫീസുകളില്‍ നിന്നു ടിക്കറ്റ് നേടാമെന്നും എംബസി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.