
റിയാദ്: ക്രിമിനല്‍ കേസുകളിലൊഴികെ പിഴയടക്കാന്‍ കഴിയാതെ ദീര്‍ഘകാലമായി സൗദി ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഇടപെടുമെന്ന് പ്രവാസി സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി എന്‍ആര്‍കെ ഫോറം. റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തില്‍ പുനഃസംഘടിപ്പിച്ച ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ധന:സമാഹാരത്തിന് ബിരിയാണി ചലഞ്ച്, കേരളോത്സവം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ സിപി മുസ്തഫ പറഞ്ഞു. ഫോറം സ്ഥാപക ചെയര്‍മാന്‍ ഐ പി ഉസ്മാന്‍ കായ യോഗം ഉദ്ഘാടനം ചെയ്തു.

ഫോറം മുന്‍ ചെയര്‍മാന്‍ അയ്യൂബ് ഖാന്‍ വിഴിഞ്ഞം, ലോക കേരള സഭ അംഗങ്ങളായ കെപിഎം സാദിഖ്, ഇബ്രാഹിം സുബ്ഹാന്‍, പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട്, റിയാദ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, സത്താര്‍ താമരത്ത് (കെഎംസിസി), സുരേഷ് കണ്ണപുരം (കേളി), അബ്ദുള്ള വലഞ്ചിറ, ബാലു കുട്ടന്‍ (ഒഐസിസി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. സിദ്ധിഖ് തുവ്വൂര്‍ യൂസഫ് കാക്കഞ്ചേരി മലയാളി സമൂഹത്തിന് നല്‍കിയ സേവനങ്ങള്‍ വിശദീകരിച്ചു. സി. പി. മുസ്തഫ, സുരേന്ദ്രന്‍ കൂട്ടായി, യഹ്യ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് യൂസഫ് കാക്കഞ്ചേരിക്ക് പ്രസംസാ ഫലശം സമ്മാനിച്ചു. കേളി കലാസംസ്‌കാരിക വേദിക്ക് വേണ്ടി സെക്രട്ടറി സുരേഷ് കണ്ണപുരവും പ്രസിഡന്റ് സെബിന്‍ ഇഖ്ബാലും ചേര്‍ന്ന് മെമെന്റോ നല്‍കി, ഫ്രണ്ട്‌സ് ഓഫ് കേരളക്ക് വേണ്ടി ഗഫൂര്‍ കൊയിലാണ്ടിയും, പയ്യന്നൂര്‍ സൗഹൃദ വേദിക്ക് വേണ്ടി സനൂപ് പയ്യന്നൂരും പൊന്നാട അണിയിച്ചു.

മുഖ്യധാരാ സംഘടനകള്‍ ഒരുമിച്ച് നിന്നാല്‍ റിയാദിലെ മലയാളി സമൂഹത്തിന് നിരവധി കാര്യങ്ങള്‍ ചെയ്യാനാവും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് വധ ശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍. ഇനിയും കൂടുതല്‍ ഒരുമയോടെ പ്രവര്‍ത്തിച്ചു മലയാളി സമൂഹത്തിന് കൂടുതല്‍ സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ മലയാളി സംഘടനകളുടെ പൊതു വേദിയായ എന്‍ആര്‍കെ ഫോറത്തിന് കഴിയട്ടെ എന്നു യാത്രയയപ്പിന് നന്ദി അറിയിച്ച് യൂസഫ് കാക്കഞ്ചേരി പറഞ്ഞു.

ഫോറത്തിന്റെ പുതിയ ലോഗോ ചടങ്ങില്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി സ്വാഗതവും ആക്റ്റിംഗ് ട്രഷറര്‍ യഹ്‌യ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.