
ദുബായ്: ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ റെമിറ്റന്‍സില്‍ കുറവ് രേഖപ്പെടുത്തിയതായി ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ റെമിറ്റന്‍സിലാണ് കുറവ് രേഖപ്പെടുത്തിയത്. യുഎഇയില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം കുറവുണ്ട്. ഇന്ത്യയിലേക്കുള്ള റെമിറ്റന്‍സിലാണ് ഏറ്റവും കുറവ്.

2010 മുതല്‍ 2019 വരെ മുകളിലേക്ക് പോയിരുന്ന പണമയക്കല്‍ അതിന് ശേഷം കുറയുകയാണ്. 2019 മുതലാണ് ഈ കുറവ് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തുന്നത്. 2022ല്‍ 145.5 ബില്യണ്‍ ദിര്‍ഹം യുഎഇയില്‍ നിന്നും വിദേശത്ത് അയച്ചിരുന്നുവെങ്കില്‍, കഴിഞ്ഞ വര്‍ഷം ഇത് 141.3 ബില്യണ്‍ ദിര്‍ഹമായി കുറഞ്ഞു. 2019ലെ കോവിഡിന് ശേഷമാണ് ഇത്രയധികം കുറവ് ഉണ്ടായത്. സൗദി അറേബ്യയില്‍ നിന്നും വിദേശത്ത് പണം അയക്കുന്നതിലും കാര്യമായ കുറവുണ്ടായി.

ഗള്‍ഫ് രാജ്യങ്ങള്‍ ആകെയെടുത്താല്‍ 13 ശതമാനത്തിന്റെ കുറവ് 2022നെ അപേക്ഷിച്ച് 23ല്‍ ഉണ്ടായി. യുഎഇയില്‍ 87 ലക്ഷത്തോളം പ്രവാസികളുള്ളതില്‍ ഏറ്റവും അധികം പേര്‍ ഇന്ത്യക്കാരാണ്. പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് പിന്നീട് വരുന്നത്. കൂടുതലും ഇന്ത്യക്കാരായതിനാല്‍ തന്നെ പണമയക്കുന്നതിലെ കുറവും പ്രകടമാകുന്നത് ഇന്ത്യയിലേക്കുള്ളതിലാണ്.

അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷം മുതല്‍ ഇന്ത്യയിലേക്കുള്ള പണപ്രവാഹം വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. 2024 അവസാനമാകുമ്പോഴേക്കും 3.7 ശതമാനവും അടുത്തവര്‍ഷം അവസാനിക്കുമ്പോഴേക്കും 4 ശതമാനവും വര്‍ദ്ധന ഇക്കാര്യത്തിലുണ്ടാകും. 12400 കോടി ഡോളര്‍, 12900 കോടി ഡോളര്‍ എന്നിങ്ങനെ പണപ്രവാഹം വര്‍ദ്ധിക്കുമെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.