Sauditimesonline

BOOK RELEASE
ആശ്ചര്യങ്ങളുടെ ലോകം 'മിറബിള്‍ ദി ട്രാവലേഴ്‌സ്‌ വ്യൂ ഫൈന്‍ഡര്‍' പ്രകാശനം

കേരളം കരുതിയിരിക്കണം

നസ്‌റുദ്ദീന്‍ വി ജെ

P M F Charter flight

ഞ്ചു വര്‍ഷത്തിലധികമായി ഗള്‍ഫ് നാടുകളിലെ ധനവരുമാനം ഗണ്യമായി കുറഞ്ഞുതുടങ്ങിയിരുന്നു. 2014 അവസാനം ആഗോള എണ്ണ വിപണിയിലുണ്ടായ വിലതകര്‍ച്ചയാണ് ജിസിസി രാജ്യങ്ങളിലെ വരുമാനം കുറയാന്‍ ഇടയാക്കിയത്. ഇത് ഗള്‍ഫിലെ തൊഴില്‍ വിപണികളെയും സാരമായി ബാധിച്ചു. 2014ല്‍ തന്നെ ഗള്‍ഫ് രാജ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുളള തൊഴില്‍ നഷ്ടം സംബന്ധിച്ച് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എണ്ണ വരുമാനം ഗണ്യമായി ഇടിഞ്ഞു. ഇത് നേരിടാന്‍ ഘടനാപരമായ അടിസ്ഥാനകാര്യങ്ങള്‍ 2020ന്റെ തുടക്കത്തില്‍ ആരംഭിച്ചു. ഒപെകിന് പുറത്തുളള രാജ്യങ്ങളെ കൂടി ചേര്‍ത്ത് ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉത്പ്പാദനം കുറച്ച് വിപണി വില നിലനിര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. ക്രൂഡിന് ചൈനയില്‍ ഡിമാന്‍ഡ് കുറയുകയും യുഎസ് ഉല്‍പാദകരില്‍ നിന്നുള്ള കൂടുതല്‍ ക്രൂഡ് വിതരണവും വിപണിയെ സ്വാധീനിച്ചു. ഇതോടെയാണ് റഷ്യ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളെ കൂട്ടുപിടിച്ച് ഒപെക് പ്ലസ് രാജ്യങ്ങള്‍ 2016ന്റെ അവസാനത്തില്‍ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. ഇതുമൂലം വില അല്പം മെച്ചപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും കൊവിഡ് മഹാമാരി പടര്‍ന്നതോടെ വില വീണ്ടും കുത്തനെ ഇടിഞ്ഞു. എണ്ണവിലയിലുണ്ടായ തകര്‍ച്ച പശ്ചിമേഷ്യയിലെ തൊഴില്‍ വിപണിയേയും സാരമായി ബാധിച്ചു. ദശലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് മടങ്ങുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയാണ് നിലവിലുളളത്. 35 ലക്ഷം മലയാളികളാണ് ഗള്‍ഫ് നാടുകളിലുളളത്. അതുകൊണ്ടുതന്നെ ഗള്‍ഫിലെ പ്രതിസന്ധികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തെയായിരിക്കും.

കുവൈത്തില്‍, സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഈ വര്‍ഷം അവസാനത്തോടെ 15 ലക്ഷം പ്രവാസി തൊഴിലാളികള്‍ രാജ്യം വിടുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദേശികളുടെ അനുപാതം കുറക്കുന്നതിനും കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുമുളള ശ്രമത്തിലാണ് കുവൈത്ത്. വിദേശികള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആഘാതം നേരിടുന്നത് ഇന്ത്യക്കാര്‍ക്കായിരിക്കും. അണ്‍സ്‌കില്‍ഡ് ലേബേഴ്‌സിനെ കുവൈതില്‍ ആവശ്യമില്ലെന്ന നിലപാടാണ് ഭരണകര്‍ത്താക്കളും മുതിര്‍ന്ന ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടിട്ടുളളത്.

കുവൈത്തിലെ പ്രവാസികളുടെ എണ്ണം കുറച്ച് തൊഴില്‍ വിപണി പരിഷ്‌കരിക്കുന്നതിനാണ് രാഷ്ട്രീയ താല്‍പര്യമെന്ന് വാഷിംഗ്ടണിലെ അറബ് ഗള്‍ഫ് സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് റസിഡന്റ് സ്‌കോളര്‍ ഡോ. റോബര്‍ട്ട് മൊഗീല്‍നി വ്യക്തമാക്കുന്നു.

ജദ്‌വ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദി അറേബ്യയില്‍ 12 ലക്ഷം പ്രവാസി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കും എന്ന് വിലയിരുത്തുന്നു. ഇവര്‍ ഈ വര്‍ഷം രാജ്യം വടേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്.

അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുളളത് ഈജിപ്ഷ്യന്‍ പൗരന്‍മാര്‍ക്കാണ്. 50 ലക്ഷം ഈജിപ്തുകാരില്‍ 10 ലക്ഷം പേര്‍ ജിസിസി രാജ്യങ്ങളില്‍ നിന്നു ഈ വര്‍വസാനത്തോടെ മാതൃരാജ്യത്തേക്ക് മടങ്ങേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

റസിഡന്റ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള വിദേശ തൊഴിലാളികള്‍ ഗള്‍ഫ് നാടുകളിലുണ്ട്. അന്താരാഷ്ട്ര വിമാനസര്‍വീസ് ഇല്ലാത്തതാണ് ഇവരുടെ മടങ്ങിപ്പോക്കിന് തടസ്സം. ഇവരെല്ലാം ഈ വര്‍ഷം അവസാനത്തോടെ രാജ്യം വിടും.

അണ്‍സ്‌കില്‍ഡ് ലേബര്‍മാരുടെ തൊഴിലിന് യാതൊരു സുരക്ഷിതത്വവും നിലവില്‍ ഗള്‍ഫ് നാടുകളിലില്ല. മാത്രമല്ല ഓരോ രാജ്യത്തെയും പൗരന്മാരുടെ സാമൂഹിക സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്താന്‍ സര്‍ക്കാരുകള്‍ പുതിയ നടപടികളാണ് സ്വീകരിക്കുന്നത്. സ്വദേശികള്‍ക്ക് പരിശീലനവും തൊഴില്‍ സാഹചര്യവും സൃഷ്ടിച്ച് സെമി സ്‌കില്‍ഡ് ജോലികള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട്. സൗദി അറേബ്യയില്‍ നടപ്പിലാക്കിയ സ്വദേശിവത്ക്കരണ പദ്ധതികള്‍ വിജയകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ സ്വദേശിവത്ക്കരണം ആയിരക്കണക്കിന് സ്വദേശി യുവതി, യുവാക്കള്‍ക്ക് തൊഴിലും സ്വയം തൊഴിലും നേടിക്കൊടുത്തത് നേട്ടമാണ്. വിദേശികളുടെ കുത്തകയായിരുന്ന മേഖലയായിരുന്ന മൊബൈല്‍ ഫോണ്‍ വിപണി.

സൗദിയിലെ ടെലികോം കമ്പനികളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്നതിന് കമ്യൂണിക്കേഷന്‍സ് ആന്റ് ഐ ടി മന്ത്രാലയം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. നിലവില്‍ ടെലികോം, ഐ ടി കമ്പനികളിലെ 43 ശതമാനം ജീവനക്കാരും സ്വദേശികളാണ്. ഇത് ഉയര്‍ത്തുകയാണ് ലക്ഷ്യം. രാജ്യത്ത് 2.63 ലക്ഷം ടെലികോം, ഐ ടി തസ്തികകളില്‍ 1.12 ലക്ഷം സ്വദേശികളാണ്. ഈ മേഖലയില്‍ ഒന്നര ലക്ഷം വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കിയിട്ടുളളത്.

വന്‍കിട കമ്പനികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനാണ് മന്ത്രാലയം പ്രഥമ പരിഗണന നല്‍കുന്നത്. സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ഉയര്‍ന്ന തോതില്‍ സ്വദേശികളെ നിയമിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. ഉന്നത തസ്തികകള്‍ സ്വദേശി വനിതകള്‍ ഉള്‍പ്പെടെയുളളവരെ നിയമിക്കുന്നതിനു മന്ത്രാലയം പ്രോത്സാഹനം നല്‍കും. കോള്‍ സെന്ററുകള്‍, ഔട്ട്‌സോഴ്‌സിംഗ് യൂനിറ്റുകള്‍ തുടങ്ങി നവ സംരംഭങ്ങളിലൂടെ വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും ടെലികോം, ഐ.ടി കമ്പനികള്‍ക്ക് മന്ത്രാലയം സഹായം നല്‍കും.

ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍, അവസാന വര്‍ഷം പഠിക്കുന്നവര്‍ എന്നിവരെ ലക്ഷ്യമാക്കി പ്രത്യേക പരിശീലനവും ആരംഭിച്ചിട്ടുണ്ട്. പതിനേഴു സ്ഥാപനങ്ങളുമായി സഹകരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സ്വദേശി യുവതികള്‍ക്ക് പരിശീലനം നല്‍കുന്നത്.

സൗദിയിലെ ദന്തപരിചരണ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന പദ്ധതികളും നടപ്പിലാക്കി കഴിഞ്ഞു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ധാരാളം മലയാളി ഡോക്ടര്‍മാര്‍ ദന്ത പരിചരണ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വദേശിവല്‍ക്കരണം മലയാളി ഡോക്ടര്‍മാരെയും ബാധിക്കും.

9729 വിദേശ ദന്ത ഡോക്ടര്‍മാരാണ് സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിറ്റീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 5287 സ്വദേശി ഡോക്ടര്‍മാരും രജിസ്‌ട്രേഷന്‍ നേടിയിട്ടുണ്ട്. എന്നാല്‍ ആയിരത്തിലധികം സ്വദേശികള്‍ തൊഴില്‍ രഹിതരായി കഴിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദന്ത പരിചരണ രംഗത്ത് കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്.

വിദേശ ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്‌മെന്റ് തടയാന്‍ നേരത്തെ ആരോഗ്യ മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും ധാരണയിലെത്തിയിരുന്നു. എന്നാല്‍ ആശ്രിത വിസയിലെത്തുന്ന വനിതാ ദന്ത ഡോക്ടര്‍മാര്‍ സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്‌ട്രേഷന്‍ നേടി തൊഴില്‍ കണ്ടെത്തുന്നുണ്ട്. സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതോടെ ഈ പ്രവണത ഇല്ലാതാക്കാന്‍ കഴിയും.

സൗദിയില്‍ 18 സര്‍ക്കാര്‍ ദന്തല്‍ കോളെജുകള്‍ ഉള്‍പ്പെടെ 26 അംഗീകൃത
കോളെജുകളാണുളളത്. ഇവിടങ്ങളില്‍ നിന്നു വര്‍ഷം 3000 ബിരുദ ധാരികളാണ് വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നത്. ഇവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് സദേശിവല്‍ക്കരണം അനിവാര്യമാണെന്നാണ് വിലയിരുത്തല്‍.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയിലെ സ്വകാര്യ തൊഴില്‍ വിപണിയില്‍ സ്വകാര്യ തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 2013 മുതല്‍ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ദൃശ്യമാകുന്നത്.

നാലു വര്‍ഷത്തിനിടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ രഖേപ്പെടുത്തിയ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. സ്വകാര്യ തൊഴില്‍ വിപണിയില്‍ 20.37 ശതമാനമാണ് സ്വദേശികളുടെ സാന്നിധ്യമെന്ന് നാഷണല്‍ എംപ്‌ളോയ്‌മെന്റ് മോണിട്ടറിഗ് കമ്മറ്റിയുടെ റിപ്പോര്‍ട്ട്. സ്വദേശികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് ദമ്മാം, ജുബൈല്‍ നഗരങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലാണ്. ഇവിടെ 24 ശതമാനം സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. റിയാദില്‍ 20.72 ശതമാനവും ജിദ്ദയില്‍ 20.46 ശതമാനവും സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്.

ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ 83 ശതമാനം സ്വദേശിവത്ക്കരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനകളിലെ സൗദിയിലെ ഓഫീസുകളില്‍ 70 ശതമാനവും വിദ്യാഭ്യാസ മേഖലയില്‍ 52 ശതമാനവും സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഐ ടി, കമ്യൂണിക്കേഷന്‍ രംഗത്ത് 48 ശതമാനം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തവരില്‍ 33 ശതാമനം വനിതകളാണ്. വനിതാ ശാക്തീകരണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതികള്‍ വന്‍ വിജയമാണ്. അഭ്യസ്ഥവിദ്യരായ വനിതകള്‍ സ്വകാര്യ തൊഴില്‍ വിപണിയിലേക്ക് കടന്നതോടെ തൊഴില്‍ നഷ്ടം സംഭവിച്ചത് വിദേശ തൊഴിലാളികള്‍ക്കാണ്.

സൗദിയിലെ വ്യവസായിക മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊവിഡ് വൈറസ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും 2020 ജൂലൈ മാസത്തില്‍ 471 സ്വദേശി പൗരന്‍മാര്‍ക്ക് സ്വകാര്യ വ്യവസായ സംരംഭങ്ങളില്‍ നിയമനം ലഭിച്ചു. 1,904 വിദേശി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും വിവിധ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇത് ഫലപ്രദമായ ഗുണങ്ങളാണ് വ്യവസായ മേഖലയില്‍ സമ്മാനിക്കുന്നത്.

സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളിലാണ്. ഇവിടങ്ങളില്‍ സ്വദേശിവല്‍ക്കരണം ഫലപ്രദമായി നടപ്പാക്കാന്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. സ്വദേശികളെ നിയമിക്കുന്നത് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നതായി സംരംഭകര്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ നിയമിക്കുന്ന സ്വദേശികള്‍ക്ക് മാനവ വിഭവ ശേഷി വികസന നിധിയുടെ സഹായം ലഭ്യമാക്കി ചെറുകിട സംരംഭകരെ സഹായിക്കുന്നുണ്ട്. ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ ശമ്പളം സഹായമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് നടപ്പിലാക്കിയിട്ടുളളത്.

സ്വദേശികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുളള പദ്ധതിയുടെ ഭാഗമായാണ് സാമ്പത്തിക സഹായം. സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്താന്‍ പുതിയ പദ്ധതി സഹായിക്കും. നേരത്തെ സ്വകാര്യ സ്‌കൂളുകളിലെ സ്വദേശി അധ്യാപകര്‍ക്ക് 2500 റിയാല്‍ വീതം അഞ്ച് വര്‍ഷം മാനവ വിഭവ ശേഷി വികസന നിധി നല്‍കിയിരുന്നു. അഞ്ച് വര്‍ഷം അധ്യാപക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ ജോലിയില്‍ മികച്ച നൈപുണ്യം നേടിയതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് മറ്റ് സ്വകാര്യ മേഖലയിലും സ്വദേശികളെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നത്.

കൊവിഡിനെ തുടര്‍ന്ന് ചെലവു ചുരുക്കാന്‍ സ്വകാര്യ സംരംഭകര്‍ തേടുന്ന മാര്‍ഗം തൊഴിലാളികളുടെ എണ്ണം കുറക്കുക എന്നതാണ്. സ്വദേശിവത്ക്കരണവും തൊഴില്‍ നഷ്ടവും ഇന്ത്യയിലേക്കുളള കൊഴിഞ്ഞ്‌പോക്കു വ്യാപകമാക്കുമെന്നാണ് റിപ്പോര്‍ട്ടകള്‍ വ്യക്തമാക്കുന്നത്. ഗള്‍ഫ് നാടുകളില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ കണ്ടെത്തിയിട്ടുളള വിഭാഗങ്ങളിലൊന്ന് കേരളത്തില്‍ നിന്നുളളവരാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യം നേരിടാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും കൂടുതല്‍ ജാഗ്രത കാണിക്കണം. ആവശ്യമായ തയ്യാറെടുപ്പും കരുതലും ചെയ്തു തുടങ്ങണം. അല്ലെങ്കില്‍ മടങ്ങിവരുന്ന പ്രവാസികളുടെ തൊഴില്‍ പ്രശ്‌നം കേരളത്തിന്റെ സാമൂഹിക പ്രശ്‌നമായി വളര്‍ന്നു വരും എന്ന കാര്യത്തില്‍ സംശയമില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top