റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 613 ഇന്ത്യക്കാര്‍ മരിച്ചതായി അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. ഇതില്‍ 155 പേര്‍ കേരളത്തില്‍ നിന്നുളളവരാണ്. സ്വതന്ത്രദിനത്തിന്റെ ഭാഗമായി സൗദിയിലെ ഇന്ത്യന്‍ സമൂഹവുമായി വിര്‍ച്വല്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച വിമാന സര്‍വീസ് 87,000 പേരെ ഇന്ത്യയിലെത്തിച്ചു. വന്ദേ ഭാരത് മിഷന്‍ സര്‍വീസും ചാര്‍ട്ടര്‍ വിമാനങ്ങളും ഉള്‍പ്പെടെ 480 വിമാനങ്ങളാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തിയത്. 1,62,000 പ്രവാസികളാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്ത 75,000 പേര്‍ ബാക്കിയുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
തൊഴില്‍ മന്ത്രാലയം റീജിയനല്‍ ഓഫീസുമായി ചേര്‍ന്ന് നിയമ ലംഘകരായ മൂവായിരം ഇന്ത്യക്കാര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നേടാന്‍ കഴിഞ്ഞു. ഇതില്‍ തൊഴിലുടമകളില്‍ നിന്ന് ഓടിപ്പോയ ഹൂറൂബില്‍ ഉള്‍പ്പെട്ടവരും ഉള്‍പ്പെടും. മികച്ച സഹകരണമാണ് സൗദി അധികാരികളില്‍ നിന്നു ലഭിക്കുന്നതെന്നും അംബാസഡര്‍ വ്യക്തമാക്കി.
കോണ്‍സുലാര്‍ സേവനങ്ങളുടെ ഔട്‌സോഴ്‌സിംഗ് കേന്ദ്രമായ വി എസ് എഫ് സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലെ കോണ്‍സുലാര്‍ സംഘങ്ങളുടെ സന്ദര്‍ശനം ഉടന്‍ പുനരാരംഭിക്കും. സൗദിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് സ്‌കീം സംബന്ധിച്ചും അംബാസഡര്‍ വിശദീകരിച്ചു.
കൊവിഡിനെതിരെ ഇന്ത്യ മൂന്ന് വാക്‌സിനുകള്‍ തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഫലം ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത് മിഷന്‍ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് വിവിധ രാജ്യങ്ങള്‍ക്ക് പാരസെറ്റാമോള്‍ ഉള്‍പ്പെടെ എത്തിക്കുന്നതില്‍ ഇന്ത്യക്കു കഴിഞ്ഞു. ഇന്ത്യയുടെ വിദേശ നയം, സൗദിയും ഇന്ത്യയും തമ്മിലുളള ഊഷ്മള സഹകരണം, വ്യവസായ വാണിജ്യ രംഗത്തെ സഹകരണം എന്നിവയും അംബാസഡര്‍ വിശദീകരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.