
മക്ക: ഹജ്ജ് കഴിഞ്ഞു രണ്ടാമത്തെ വെള്ളിയാഴ്ചയും ജുമുഅ പ്രാര്‍ത്ഥനയ്ക്കു വിശ്വാസി സമൂഹത്തിന്റെ വന്‍ തിരക്ക്. പ്രഭാത നിസ്‌ക്കാരത്തിന് എത്തിയ പല ഹാജിമാരും ജമുഅ നിസ്‌ക്കാരത്തിന് ശേഷമാണ് മസ്ജിദുല്‍ ഹറമില്‍ നിന്നു മടങ്ങിയത്.

മക്കയില്‍ കനത്ത അന്തരീക്ഷ താപമാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ തീര്‍ത്ഥാടകരെ താമസ കേന്ദ്രങ്ങളില്‍ നിന്നു ഹറമിലെത്തിക്കുന്ന ബസ്സുകള്‍ രാവിലെ 6 മണിയോടെ സര്‍വ്വീസ് നിര്‍ത്തിയിരുന്നു.
നിസ്‌ക്കാരം കഴിഞ്ഞ് മടങ്ങുന്ന ഹാജിമാരെ ബസ്സ് കയറുന്നതിന് കുദൈ സ്‌റ്റോപ്പിലും ക്ലോക്ക് ടവറിന് താഴെയും അല്‍ജിയാദിലും സഹായിക്കാന്‍ കെഎംസിസി വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്. കുടകള്‍ സമ്മാനിച്ചും കുടിവെള്ളം വിതരണം ചെയ്തും പദരക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്കു അതു നല്‍കിയുമാണ് കെഎംസിസിയുടെ കരുതല്‍.

നൂറിലേറെ വളന്റിയര്‍മാര്‍ പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയയുടെയും ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടുരിന്റെയും നേതൃത്വത്തിലാണ് ബസ് പോയന്റുകളിലും ഹറമിന്റെ വിവിധ പ്രവേശന കവാങ്ങളിലും സേവന സന്നദ്ധരായി പ്രവര്‍ത്തിക്കുന്നത്.






