
റിയാദ്: സൗദി ഫാല്‍ക്കണ്‍ ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് പ്രദര്‍ശനം ആരംഭിച്ചു. രണ്ടു കോടി റിയാല്‍ കാഷ് പ്രൈസ് സമ്മാനിക്കുന്ന വിവിധ മത്സരങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും. ഡിസംബര്‍ 16ന് പ്രദര്‍ശനം സമാപിക്കും.
ഫാല്‍ക്കന്‍ (പ്രാപ്പിടിയന്‍ പറവകള്‍) അറബികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഫാല്‍ക്കന്‍ പക്ഷികളെ ഉപയോഗിച്ച് മരുഭൂമിയില്‍ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നത് അറബികള്‍ക്ക് ഹരമാണ്. അതുകൊണ്ടുതന്നെ റിയാദിലൊരുക്കിയ ഫാല്‍ക്കന്‍ ആന്റ് ഹന്റിംഗ് എക്‌സിബിഷന്‍ കാണാന്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവരുടെ പ്രവാഹമാണ് അനുഭവപ്പെടുന്നത്.

ഇരുപത് രാജ്യങ്ങളി നിന്നുളള പ്രതിനിധികള്‍ വിവിധയിനം ഫാള്‍ക്കനുകളെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജി സി സി രാജ്യങ്ങള്‍ക്ക് പുറമെ റഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, മംഗോളിയ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുളള ഫാല്‍ക്കനുകളെയും പ്രദര്‍ശന നഗരിയില്‍ കാണാം.
നിറം, വലിപ്പം, ഇനം എന്നിവ അനുസരിച്ചാണ് ഫാല്‍ക്കനുകള്‍ക്ക് വില നിശ്ചയിക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫാല്‍ക്കനുകളുടെ ലേലവും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. സൗദി ഫാല്‍ക്കന്‍ ക്ലബ് ആണ് രണ്ട് ആഴ്ച നീണ്ടു നിന്ന പ്രദര്‍ശനം ഒരുക്കിയത്.





