
റിയാദ്: കുട്ടികളുടെ കുസൃതികളും സര്‍ഗ വാസനകളും ആസ്വദിക്കാനണ് അച്ഛന്മാര്‍ ഒത്തു ചേര്‍ന്നതെങ്കിലും കുരുന്നുകള്‍ക്കൊപ്പം ആടിയും പാടിയും ആഘോഷമാക്കി ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പിതൃദിനാഘോഷം. മുര്‍സലാത്ത്, മലാസ് സ്‌കൂളുകളിലാണ് പിതൃദിനാഘോഷം ഒരുക്കിയത്.

കുട്ടികളുടെ ജീവിതത്തില്‍ അച്ഛന്മാരുടെ പങ്ക്, സ്‌നേഹം, സമര്‍പ്പണം എന്നിവയ്ക്കുളള ആദരസൂചകമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ സംഗീത അനുപ് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വളര്‍ച്ചയിലും ലക്ഷ്യബോധത്തിലും അച്ഛന്മാര്‍ക്ക് വലിയ പങ്കാണുളളത്. മാത്രമല്ല വ്യക്തിത്വ വികസനത്തിലും സ്വഭാവ രൂപീകരണത്തിലും പിതാവിന് സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും സംഗീത അനൂപ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ അച്ഛന്മാര്‍ക്കായി ഒരുക്കിയ നൃത്തങ്ങളും, അച്ഛന്മാരും മക്കളും ചേര്‍ന്നൊരുക്കിയ റാംപ് വാക്കും ഗാനങ്ങളും ആകര്‍ഷകമായി. ബന്ധങ്ങള്‍ ഊഷ്മളമാക്കുന്ന ഗെയിമുകളും അരങ്ങേറി.

‘ബെസ്റ്റ് ഡാഡ് എവര്‍’ എന്ന പ്രമേയത്തില്‍ കുട്ടികള്‍ ഒരുക്കിയ ട്രോഫികള്‍ സ്‌നേഹത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതീകമായി പിതാക്കന്മാര്‍ക്ക് സമ്മാനിച്ചു. സ്‌കൂള്‍ ഭാരവാഹികളും അധ്യാപകരും ചേര്‍ന്ന് അച്ഛന്മാര്‍ക്കും സ്‌നേഹസമ്മാനങ്ങള്‍ സമര്‍പ്പിച്ച് ആദരിച്ചു. ഹെഡ്മിസ്ട്രസ് വിദ്യ വിനോദ് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.