
റിയാദ്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആരവത്തിനിടെ ഇടത്-വലത് മുന്നണിയിലെ പ്രമുഖര്‍ മാറ്റുരച്ച തെരഞ്ഞെടുപ്പില്‍ 78.57 ശതമാനം വോട്ട് നേടി ഷാഫി പറമ്പില്‍. പിണറായി വിജയനും രമേശ് ചെന്നിത്തലയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയെങ്കിലും 71.43 ശതമാനം വോട്ട് നേടി ചെന്നിത്തല പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചു. 28.57 ശതമാനം വോട്ട് നേടാന്‍ മാത്രമേ പിണറായിയ്ക്ക് കഴിഞ്ഞുളളൂ.

റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ഭരണ സമിതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓണ്‍ലൈനില്‍ നടന്ന മോക് പോളിംഗിലാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പേര് നല്‍കിയത്. ജന. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ആര്യാടന്‍ ഷൗക്കത്ത്, പിവി അന്‍വറിനേക്കാള്‍ 28.58 ശതമാനം വോട്ട് കൂടുതല്‍ നേടി ജയം ഉറപ്പിച്ചു.

സണ്ണി ജോസഫും, ഗോവിന്ദന്‍ മാസ്റ്ററും തമ്മിലായിരുന്നു ട്രാഷറര്‍ സ്ഥാനത്തേക്കുള മത്സരം. കോഡിനേറ്റര്‍ സ്ഥാനത്തേക്ക് ഷാഫി പറമ്പിലും ഷൈലജ ടീച്ചറും ഏറ്റുമുട്ടി. ഷൈലജ ടീച്ചര്‍ നേടിയ ആകെ വോട്ടിനേക്കാള്‍ 57.14 ശതമാനം വോട്ട് കൂടുതല്‍ നേടിയ ഷാഫി പറമ്പിലിനാണ് ഏറ്റവും കൂടുതല്‍ വോട്ട്.

മീഡിയാ ഫോറം അംഗങ്ങളിലേറെയും അവധിയിലും റിയാദിന് പുറത്തുമായ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. സുതാര്യതയും സ്വകാര്യതയും ഉറപ്പുവരുത്താന്‍ പഴുതടച്ച സുരക്ഷ ഒരുക്കിയാണ് ഓണ്‍ലൈന്‍ വോട്ടിംഗ് പ്ലാറ്റ്‌ഫോം തയ്യാറാക്കിയത്. യൂസര്‍ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ഒന്നിലധികം വോട്ട് രേഖപ്പെടുത്താന്‍ ശ്രമിച്ചാല്‍ കയ്യോടെ പിടികൂടുകയും ചെയ്യും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ‘ബികാപ്‌സ്’ വെബ് ഡവലപ്‌മെന്റ് വിഭാഗമാണ് ഓണ്‍ലൈന്‍ വോട്ടിംഗ് പ്ലാറ്റ്‌ഫോം രൂപകല്പന ചെയ്തത്. ജൂണ്‍ 20ന് മീഡിയാ ഫോറം തെരഞ്ഞെടുപ്പ് നടക്കും.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.