Sauditimesonline

SaudiTimes

സാന്റിയാഗോ യുദ്ധവും പിക്കിള്‍സ് കണ്ടെത്തിയ കപ്പും

അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍

യൂറോപ്പ്യന്‍ രാജ്യങ്ങള്‍ തുടര്‍ച്ചയായി ലോകകപ്പ് വേദിയാവുന്നതില്‍ പ്രതിഷേധിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വീണ്ടും ബഹിഷ്‌ക്കരണ ഭീഷണി മുഴക്കി. തുടര്‍ന്ന് 1962ലെ ഏഴാം പതിപ്പില്‍ ലോകകപ്പ് വേദി വീണ്ടും തെക്കേ അമേരിക്കയിലെത്തി. ലോകകപ്പ് വേദിയ്ക്ക് വേണ്ടി എപ്പോഴും ശ്രമിച്ച് കൊണ്ടിരുന്ന അര്‍ജന്റീനയെ തഴഞ്ഞ് ചിലിയെ തെരഞ്ഞെടുത്തതിന് പിന്നില്‍ അവികസിത രാജ്യങ്ങളിലെ കായിക സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സഹകരിക്കുക എന്ന ഫിഫയുടെ ഉദ്ദേശ്യ ലക്ഷ്യമാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. എങ്കിലും അതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ആയിരുന്നു എന്ന് ഇപ്പോഴും സംശയിക്കപ്പെടുന്നു.

യോഗ്യതാ റൗണ്ടില്‍ മാറ്റുരച്ച 56 ടീമുകളില്‍ നിന്ന് മുന്നിലെത്തിയ 14 പേരും മുന്‍ ചാമ്പ്യന്മാരായ ബ്രസീലും ആതിഥേയരായ ചിലിയും ചേര്‍ന്ന 16 ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ ഏറ്റുമുട്ടി. ചിലിയെ ലോകകപ്പ് വേദിയായി തെരഞ്ഞെടുത്തതിനെതിരെ നിലപാടെടുത്ത ചില പാശ്ചാത്യ മാധ്യമങ്ങള്‍ തുടര്‍ച്ചയായി നടത്തിയ പ്രചരണങ്ങള്‍ ചിലിയിലെ പൊതുജനങ്ങളെ അവര്‍ക്കെതിരെ തിരിച്ചിരുന്നു. ചിലിയെ, വിശിഷ്യാ ചിലിയന്‍ തലസ്ഥാന നഗരിയായ സാന്റിയാഗോയെ, വളരെ മോശമായി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ നല്‍കിയ ചില ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകര്‍ തെരുവില്‍ കയ്യേറ്റം ചെയ്യപ്പെട്ടു.

കാണികളും കളിക്കാരും ടൂര്‍ണമെന്റിലുടനീളം നിരവധി തവണ അക്രമാസക്തരായി. ഇതിനെ തുടര്‍ന്ന് ദുഷ്‌പേര് നേടിയ ലോകകപ്പില്‍ ഗ്രൂപ്പ് റൗണ്ടിലെ ചിലി-ഇറ്റലി മത്സരം സാന്റിയാഗോ യുദ്ധം എന്ന പേരില്‍ കുപ്രസിദ്ധി നേടി. മത്സര മദ്ധ്യേ കളിക്കാരെ നിയന്ത്രിക്കാനും പുറത്താക്കാനും പോലീസ് ഇറങ്ങി. മത്സരത്തില്‍ ചിലിക്കായിരുന്നു വിജയം.

1934 ലും 1938 ലും വിജയിച്ച ഇറ്റലിക്ക് ശേഷം ആദ്യമായും അവസാനമായും കപ്പ് നിലനിര്‍ത്തി ബ്രസീല്‍ ചരിത്രമെഴുതി. ചെക്കസ്‌ളോവാക്യയായിരുന്നു ഫൈനലിലെ എതിരാളികള്‍. യുഗോസ്ലാവിയയെ തോല്പിച്ച് ആതിഥേയരായ ചിലി മൂന്നാമതെത്തി.
യൂറോപ്പ്യന്‍ ചാമ്പ്യന്മാരായ യു എസ്സ് എസ്സ് ആറിനെ അട്ടിമറിച്ച് ചിലി അപ്രതീക്ഷിതമായി സെമിയില്‍ കടന്നപ്പോള്‍ സെമി ഫൈനല്‍ മത്സര വേദികള്‍ പരസ്പരം മാറ്റിയത് പ്രതിഷേധം ഉണ്ടാക്കിയെങ്കിലും വാണിജ്യപരമായി അത് ഫലം കണ്ടു.

1960 ല്‍ റിക്ടര്‍ സ്‌കെയിലില്‍ 9.5 രേഖപ്പെടുത്തിയ അതി ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന് പോയ ഒരു രാജ്യത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകകപ്പ് നടത്താന്‍ കഴിഞ്ഞതിന് പിന്നില്‍ എടുത്ത് പറയേണ്ടത് ചിലിയന്‍ പ്രസിഡന്റ് ആയിരുന്ന കാര്‍ലോസ് ഡിറ്റ്‌ബേണിന്റെ ഇച്ഛാശക്തി ആയിരുന്നു. ഭൂകമ്പം തയ്യാറെടുപുകളെ സാരമായി ബാധിച്ചിരുന്നു. അതിനിടെ ലോകോത്തര താരമായി മാറിയിരുന്ന പെലെ രണ്ടാം മത്സരത്തില്‍ പരിക്കേറ്റു പിന്മാറി. അര്‍ജന്റീന ഗോള്‍ ശരാശരിയില്‍ ഗ്രൂപ്പ് റൗണ്ടില്‍ പുറത്താവുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ടൂര്‍ണമെന്റിന്റെ ശോഭ കെടുത്തിയിരുന്നില്ല.

രണ്ടാം ലോക മഹായുദ്ധത്തിന്റെ മുറിവുകള്‍ ഉണങ്ങി തുടങ്ങിയതിന്റെ പ്രത്യക്ഷമായ തെളിവായിരുന്നു 1966ലെ എട്ടാം ലോകകപ്പ് വേദിയുടെ തെരഞ്ഞെടുപ്പ്. ലോകയുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത ഇംഗ്ലണ്ടിനായിരുന്നു ഇത്തവണ ഭാഗ്യം. പ്രധാനമായും ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു രാജ്യത്തേക്ക് കപ്പ് എത്തിയതും ആദ്യം.

ആഫ്രിക്കയില്‍ നിന്നു ഒരു ടീമിനെങ്കിലും നേരിട്ട് പ്രവേശനം എന്ന ആവശ്യം നിരസിക്കപ്പെട്ടതിനാല്‍ യോഗ്യതാ റൗണ്ടില്‍ നിന്നു 15 ആഫ്രിക്കന്‍ രാജ്യങ്ങളും പിന്മാറി. എങ്കിലും 70 രാജ്യങ്ങള്‍ തമ്മില്‍ പോരാടിയ യോഗ്യതാ റൗണ്ട് അതുവരെ നടന്നതില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുത്ത ഒന്നായിരുന്നു.

ആദ്യ ലോകകപ്പിനെത്തിയ പോര്‍ച്ചുഗലും ഉത്തര കൊറിയയും സ്വപ്ന തുല്യമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രൂപ്പ് തലത്തില്‍ ഏറെ ശ്രദ്ധേയമായ വിജയങ്ങളോടെ മുന്നേറിയ ഇരു ടീമുകളും ക്വാര്‍ട്ടര്‍ ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടി. യൂറോപ്പിനും അമേരിക്കയ്ക്കും പുറത്ത് നിന്ന് രണ്ടാം റൗണ്ടിലെത്തിയ ആദ്യ ടീമായിരുന്നു ഉത്തര കൊറിയ. എങ്കിലും, ക്വാര്‍ട്ടറില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ശേഷം അവര്‍ ഒടുവില്‍ 5-3 എന്ന നിലയില്‍ പരാജയം സമ്മതിച്ചു.

പോര്‍ച്ചുഗലിന്റെ തേരോട്ടം സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ അവസാനിച്ചെങ്കിലും അവരുടെ താരം യൂസേബിയോ ഒമ്പത് ഗോളുകളോടെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നേടിയെടുത്തു.

ജൂള്‍സ് റിമേത്ത് ട്രോഫി കാണാതായതും പിക്കിള്‍സ് എന്ന പേരിട്ടിരുന്ന പോലീസ് നായ അത് വീണ്ടെടുത്തതും ടൂര്‍ണമെന്റിന് മുമ്പ് ഉദ്വേഗജനകമായ നിമിഷങ്ങള്‍ സമ്മാനിച്ചു. വേള്‍ഡ് കപ്പ് വില്ലി എന്ന് പേരിട്ട സിംഹം ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഭാഗ്യചിഹ്നമായി. സാറ്റലൈറ്റ് വഴി ടി വി സംപ്രേഷണം മറ്റ് ഭൂഖണ്ഡങ്ങളിലേക്കു എത്തിക്കാനായതും 1966 ലോകകപ്പിന്റെ സവിശേഷത ആയിരുന്നു.

ആള്‍ യൂറോപ്യന്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ട് പോര്‍ച്ചുഗലിനെയും പശ്ചിമ ജര്‍മ്മനി സോവിയറ്റ് യൂണിയനെയും മറികടന്നു. കലാശ പോരാട്ടത്തില്‍ നിശ്ചിത 90 മിനിട്ടില്‍ 2-2 സമനില പാലിച്ചെങ്കിലും എക്‌സ്ട്രാ ടൈമില്‍ ജെഫ് ഹര്‍സ്റ്റ് നേടിയ ഹാട്രിക്ക് ഗോളോടെ കിരീടം ആതിഥേയര്‍ ഉറപ്പിച്ചു. ലോകകപ്പ് ഫൈനലില്‍ ആദ്യത്തെയും അവസാനത്തെയും ഹാട്രിക്കായിരുന്നു അത്.

സോവിയറ്റ് യൂണിയനെ 2-1 ന് തോല്പിച്ച് പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനം നേടി. കന്നി ലോകകപ്പിന് ശേഷം, ആദ്യമായി യോഗ്യത നേടിയ ഒരു ടീം ഫൈനല്‍ റൗണ്ടില്‍ മൂന്നാം സ്ഥാനം നേടുന്നത് അത്തരത്തിലുള്ള ഏറ്റവും മികച്ച പ്രകടനമാണ്. (തുടരും)

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top