യൂറോപ്പിലും ലാറ്റിനമേരിക്കയിലും ശതകോടികള്‍ ചിലവിട്ട് നിര്‍മ്മിച്ച സ്‌റ്റേഡിയങ്ങള്‍. വള്ളുവനാട്ടിന്റെ വിദൂര ഗ്രാമങ്ങളിലെ വെള്ളരിപ്പാടങ്ങള്‍. വെളിനിലങ്ങള്‍… ഇവിടങ്ങളിലെല്ലാം ഉയരുന്നത് ‘വാമോസ്’ വിളികള്‍! അര്‍ജന്റീനയെ ആരധകര്‍ എതിരേല്‍ക്കുമ്പോള്‍ മുഴക്കുന്നതാണ് വാമോസ് എന്ന ആര്‍പ്പുവിളി. ഇതിന്റെ മാസ്മരികത ഒരു പക്ഷേ കാല്‍പ്പന്ത് കളിക്ക് മാത്രം അവകാശപ്പെട്ടതാണ്.
ചരിത്രാതീത കാലം മുതല്‍ തന്നെ ഇടയബാലകര്‍ അവരുടേതായ കളിനിയമങ്ങളും ‘പന്തുകളും’ കൊണ്ട് കുന്നിന്‍മേടുകളെയും നദീതീരങ്ങളെയും ആവേശം കൊള്ളിച്ചിരുന്നു. അതിന്റെ ബാക്കിപത്രമാകാം ഇന്ന് കാണുന്ന ആധുനിക ഫുട്‌ബോള്‍ (സോക്കര്‍). എങ്കിലും കേവല വിനോദം എന്നതിന് ഉപരി വിശ്വ മാനവികതയുടെ ഏറ്റവും ഉജ്ജ്വല അധ്യായമായി വാഴ്ത്തപ്പെടുന്ന വേള്‍ഡ് കപ്പുകളുടെ നിലയിലേക്കുള്ള അതിന്റെ പ്രയാണം വിസ്മയകരം തന്നെയാണ്.
👇 വേള്‍ഡ് കപ്പ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇമേജില്‍ ക്ലാക് ചെയ്യുക 👇
ഫുട്‌ബോളും അതിന്റെ വിവിധ രൂപഭേദങ്ങളും വിനോദം എന്ന നിലയില്‍ നിലനിന്നിരുന്നു. അതിന്റെ ചരിത്ര ശേഷിപ്പുകള്‍ ബി സി രണ്ടും മൂന്നും നൂറ്റാണ്ടുകളിലേതാണ്. ഇതിന്റെ തെളിവുകള്‍ വിഭിന്ന ഭൂഖണ്ഡങ്ങളില്‍ നിന്നു ചരിത്രകാരന്മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ചൈനയിലെയും ജപ്പാനിലെയും പുരാതന ഗ്രീക്ക് റോമാ സാമ്രാജ്യങ്ങളിലെയും രാജകീയ മത്സരങ്ങളുടെ ചിത്രങ്ങള്‍ മുതല്‍ ആസ്‌ട്രേലിയയിലെയും അമേരിക്കയിലെയും ഗോത്രവര്‍ഗ്ഗക്കാരുടെ പോരാട്ടഭൂമികളുടെ സ്മരണികകള്‍ വരെ ഉള്‍പ്പെടുന്നു.
ഇന്ന് കാണുന്ന നിയമാവലികളും തോല്‍പ്പന്തും ഒക്കെയായി അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം ആദ്യമായി നടന്നത് നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1872 ലാണ്. ഇംഗ്ലണ്ടും സ്‌കോട്‌ലന്‍ഡും തമ്മിലാണ് ഏറ്റുമുട്ടിയത്. അതിന് മുമ്പും ‘അന്താരാഷ്ട്ര’ മത്സരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും വിവിധ കാരണങ്ങള്‍ കൊണ്ട് ലോക ഫുട്‌ബോള്‍ സംഘടന ‘ഫിഫ’ അംഗീകരിച്ചിരുന്നില്ല.
വിവിധ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ 1904 ല്‍ പാരീസിലാണ് ഫിഫ-ലോക ഫുട്‌ബോള്‍ സംഘടന രൂപം കൊള്ളുന്നത്. ഭാവിയില്‍ 211 രാഷ്ട്രങ്ങളുടെ അംഗബലവും ആറ് ഭൂഖണ്ഡങ്ങളിലും സബ്‌സിഡിയറികളും സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ച് നഗരത്തില്‍ അതിബൃഹത്തായ ആസ്ഥാനവുമായി ലോകത്തിലെ ഏറ്റവും വലിയ കായിക സംഘടനയായി അത് മാറുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല.
തുടക്കത്തില്‍ 1908ലും 1912ലും നടന്ന ഒളിംപിക്‌സ് പോരാട്ടങ്ങളില്‍ ഫുട്‌ബോള്‍ മത്സരങ്ങളുടെ സംഘാടനം മാത്രമായിരുന്നു ഫിഫയുടെ സംഭാവന. അന്ന് നിലവിലിരുന്ന ഒളിംപിക്‌സ് ചട്ടങ്ങള്‍ പ്രകാരം പ്രൊഫഷണല്‍ താരങ്ങള്‍ക്ക് ഈ മത്സരങ്ങളില്‍ പങ്കെടുക്കാനാകാത്തത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. കൂടാതെ, ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചതോടെ സംഘടനയുടെ നിലനില്‍പ് തന്നെ സംശയത്തിലുമായി.
യുദ്ധാനന്തരം സാവകാശം പ്രതാപം വീണ്ടെടുത്തു. 1930 ല്‍ ആദ്യ ലോകകപ്പ് സംഘടിപ്പിച്ചെങ്കിലും പ്രഥമ ഫുട്‌ബോള്‍ ലോകകപ്പ് എന്ന അനൗദ്യോഗിക ഖ്യാതി നേടിയത് 1909ല്‍ ഇറ്റലിയിലെ ടൂറിനില്‍ നടന്ന സര്‍ തോമസ് ലിപ്ടണ്‍ ട്രോഫിയാണ്. ഇറ്റാലിയന്‍ രാജവംശവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സംഘാടകര്‍ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളിലെ ടീമുകളെ സംഘടിപ്പിച്ച് നടത്തിയ മത്സരങ്ങളില്‍ രാജ്യങ്ങളുടെ ടീമുകള്‍ക്ക് പകരം പ്രൊഫഷണല്‍ ക്ലബ്ബുകള്‍ തന്നെ നേരിട്ട് ഏറ്റുമുട്ടിയത് കാണികള്‍ക്ക് ആവേശം പകര്‍ന്നു.
ഒന്നാം ലോക മഹായുദ്ധാനന്തരം പുനരാംരംഭിച്ച ഒളിംപിക്‌സില്‍ 1920, 1924, 1928 വര്‍ഷങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങളുടെ വന്‍ വിജയമാണ് സമ്മാനിച്ചത്. ഇതാണ് രണ്ട് ഒളിംപിക്‌സുകള്‍ക്കിടയിലെ ഇടവേളയില്‍ ഫുട്‌ബോള്‍ ലോകകപ്പ് എന്ന ആശയവുമായി മുന്നോട്ട് വരാന്‍ ഫിഫയെ പ്രേരിപ്പിച്ചത്. ഏറ്റവും അധികം കാലം ഫിഫയുടെ തലപ്പത്ത് ഉണ്ടായിരുന്ന പ്രസിഡന്റ് എന്ന റിക്കോര്‍ഡ് ഇന്നും നിലനിര്‍ത്തുന്ന ജൂള്‍സ് റിമേത് എന്ന ഫ്രഞ്ച് ഫുട്‌ബോള്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഇതിഹാസ തുല്യമായ ഇടപെടലുകളാണ് മഹത്തായ ആശയത്തെ പ്രാവര്‍ത്തികമാക്കിയത്.
1928ല്‍ ആംസ്റ്റര്‍ഡാമില്‍ ചേര്‍ന്ന ഫിഫയുടെ കോണ്‍ഗ്രസ് കൈക്കൊണ്ട ചരിത്ര തീരുമാനം ഒളിംപിക്‌സിന് പുറത്തേക്ക് അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേദിയൊരുക്കാന്‍ ഇടയാക്കി. നിലവിലെ ഒളിംപിക്‌സ് ഫുട്‌ബോള്‍ ജേതാക്കള്‍ എന്ന നിലയിലും സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമെന്ന നിലയിലും ആദ്യ ലോകകപ്പിന് വേദിയൊരുക്കാനുള്ള അവസരം ലാറ്റിനമേരിക്കന്‍ രാജ്യമായ ഉറുഗ്വേ നേടിയെടുത്തു.
യൂറോപ്പില്‍ നിന്ന് ഏറെ ദൂരെ സംഘടിപ്പിച്ചതിനാല്‍ വര്‍ദ്ധിച്ച യാത്രാച്ചെലവും യാത്രാസമയവും മിക്ക രാജ്യങ്ങളും ലോകകപ്പിനായി തയ്യാറാവാതിരുന്നത് മത്സരത്തിന്റെ തയ്യാറാടെപ്പുകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. എന്നാല്‍ യൂള്‍ റിമേയുടെ ശക്തമായ ഇടപെടലുകള്‍ ഫലം കണ്ടു. ബെല്‍ജിയം, ഫ്രാന്‍സ്, റൊമാനിയ, യുഗോസ്ലാവിയ എന്നീ നാല് യൂറോപ്യന്‍ ടീമുകളും രണ്ട് വടക്കേ അമേരിക്കന്‍ ടീമുകളും ഏഴ് ലാറ്റിനമേരിക്കന്‍ ടീമുകളും ചേര്‍ന്ന പതിമൂന്ന് രാജ്യങ്ങളാണ് ആദ്യ ലോകകപ്പില്‍ മാറ്റുരച്ചത്.
1930 ജൂലൈ 13 ന് ഒരേ സമയം നടന്ന ഉദ്ഘാടന മത്സരങ്ങളില്‍ ഫ്രാന്‍സ് മെക്‌സിക്കോയെയും യു എസ്സ് എ ബെല്‍ജിയത്തെയും തോല്പിച്ച് ആദ്യ മത്സര വിജയികളായി. ഓരോ ഗ്രൂപ്പുകളിലും മുന്നിലെത്തി അര്‍ജന്റീന, യു എസ്സ് എ , ഉറുഗ്വേ, യുഗോസ്ലാവിയ എന്നീ ടീമുകള്‍ ആദ്യ സെമി ഫൈനലിസ്റ്റുകളും.
ഫൈനല്‍ മത്സരത്തില്‍ ഉപയോഗിക്കുന്ന പന്ത് ആരുടേതെന്ന കാര്യത്തിലുണ്ടായ തര്‍ക്കം മത്സരത്തിന് മുമ്പ് ഏറെ വിവാദം സൃഷ്ടിച്ചു. എങ്കിലും ഫിഫയുടെ ഇടപെടലിലൂടെ ആദ്യ പകുതിയില്‍ ഉപയോഗിക്കുന്ന പന്ത് അര്‍ജന്റീനയും രണ്ടാം പകുതിയിലേത് ഉറുഗ്വേയും നല്‍കാന്‍ തീരുമാനിച്ചതോടെ അയല്‍ക്കാര്‍ തമ്മിലുള്ള അത്യന്തം ആവേശകരമായ ഫൈനലിന് കളമൊരുങ്ങി.
ഒടുവില്‍, 1930 ജൂലൈ 30ന് ഉറുഗ്വന്‍ തലസ്ഥാനമായ മോണ്ടി വിഡിയോയിലെ സെന്റിനറി സ്‌റ്റേഡിയത്തില്‍ എഴുപതിനായിരത്തോളം വരുന്ന കാണികളെ മുന്‍ നിര്‍ത്തി ആതിഥേയരായ ഉറുഗ്വേ, അര്‍ജന്റീനയെ 4-2ന് അട്ടിമറിച്ചു. അത് 1928 ഒളിംപിക്‌സ് ഫൈനലിന്റെ തനിയാവര്‍ത്തനമായി. (തുടരും)
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.