റിയാദ്: സൗദിയില്‍ ആംബുലന്‍സ് ഡ്രൈവറായി സ്വദേശി വനിതയെ നിയമിച്ചു. റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലാണ് രാജ്യത്തെ പ്രഥമ ആംബുലന്‍സ് ഡ്രൈവറായി സാറ അല്‍ എനൈസിയെ നിയമിച്ചത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് നടത്തുന്ന ആംബുലന്‍സിലാണ് സാറ സേവനം ആരംഭിച്ചത്. എമര്‍ജന്‍സി മെഡിസിനിലും പ്രഥമ ശുശ്രൂഷയിലും പരിശീലനം നേടിയിരുന്നു. ഏറെ തിരക്കുളള റിയാദ് നഗരത്തിലൂടെ ആംബുലന്‍സില്‍ കുതിക്കുന്ന സാറ അനായാസമാണ് ലക്ഷ്യത്തിലെത്തുന്നത്. അടിയന്തിര ചികിത്സ ആവശ്യമുളളവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിലെ ആത്മ സംതൃപ്തി സന്തോഷം പകരുന്നതാണെന്ന് സാറ പറയുന്നു.
ഡ്രൈവറായി സേവനം തുടങ്ങുന്നതിന് മുമ്പ് ആംബുലന്‍സില്‍ ആരോഗ്യ പ്രവര്‍ത്തകയായി ജോലി ചെയ്ത പരിചയമുണ്ട്. കൊവിഡ് കാലത്തു റിയാദിലും പരിസര പ്രദേശങ്ങളിലും നിരവധിയാളുകളെ ആശുപത്രിയിലെത്തിക്കുന്ന സംഘത്തില്‍ അംഗമായിരുന്നു. കൊവിഡ് കാലം വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിഞ്ഞു.
വെല്ലുവിളി നിറഞ്ഞ ജോലികളില്‍ വനിതകള്‍ക്ക് നിയമനം നല്‍കാന്‍ സൗദി മന്ത്രിസഭാ യോഗം കഴിഞ്ഞ മാസമാസം തീരുമാനിച്ചിരുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി വിവിധ പദ്ധതികളും രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗം കൂടിയാണ് സാറക്ക് ലഭിച്ച നിയമനം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.