
ദോഹ: കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് മറിഞ്ഞ് ഖത്തര്‍ പ്രവാസികളായ അഞ്ച് മലയാളികള്‍ക്കു ദാരുണാന്ത്യം. പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയില്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയയിരുന്നു. മരണം സ്ഥിരീകരിച്ച കെനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സഹായവുമായി രംഗത്തുണ്ട്.

രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. തൃശ്ശൂര്‍ സ്വദേശി ജസ്‌ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (1), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, പാലക്കാട് മണ്ണൂര്‍ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആനും (41) മകള്‍ ടൈറ റോഡ്വിഗസും (7) ആണ് മരിച്ച മലയാളികള്‍. അപകടത്തില്‍ റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവര്‍ ചികിത്സയിലാണ്. ജോയലിന്റെയും ട്രാവസിന്റെയും ആരോഗ്യ നില തൃപ്തികരമാണ്. എത്രിയും വേഗം മൃദദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചു.

ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ സംഘം വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലാണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടം. ന്യാഹുരുരുവിലെ പനാരി റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെ 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.