റിയാദ്: പഠനം മുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉക്രൈന്‍ യൂനിവേഴ്‌സിറ്റികളില്‍ നിന്ന് നേടുന്നതിന് എംബസിയുടെ സഹായം ഉറപ്പുവരുത്തുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. റിയാദ് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ഉക്രൈനിലെ ഇന്ത്യന്‍ എംബസി സജീവമാണ്. സര്‍ട്ടിഫിക്കേറ്റുകളും ഇതര രേഖകളും ലഭ്യമാക്കാന്‍ എംബസി ഇടപെടും. പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് ആവശ്യമായ സഹായവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് 70 ലക്ഷം ഇന്ത്യക്കാരെയാണ് വന്ദേ ഭാരത് മിഷന്‍ വഴി മാതൃരാജ്യത്തേക്ക് മടക്കി കൊണ്ടുവന്നത്. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമാണ്. ഉക്രൈന്‍ പ്രതിസന്ധി ഘട്ടത്തില്‍ 20,000 വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിച്ചു. ഇന്ത്യയുടെ കരുത്ത് ലോകം ആശ്ചര്യത്തോടെ നോക്കി നിന്ന നിമിഷമാണിതെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര രംഗത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുളള നിരവധി പദ്ധതികളുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്. സമീപ ഭാവിയില്‍ സൗദിയിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങള്‍ വരുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സൗദിയില്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ സമൂഹം ആവശ്യപ്പെട്ടു. മന്ത്രിതല ചര്‍ച്ചകളില്‍ ഇക്കാര്യം ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഡോ. എസ് ജയശങ്കര്‍ സൗദി വിദേശകാര്യ മന്ത്രി, ജിസിസി സെക്രട്ടറി ജനറല്‍ തുടങ്ങി നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.