റിയാദ്: സാംസ്‌കാരിക മാഹാത്മ്യങ്ങളും സാമൂഹിക വൈവിദ്യങ്ങളും സംഗമിക്കുന്ന ജിദ്ദ സീസണ്‍ ആഘോഷങ്ങള്‍ക്ക് ജൂലൈ 26ന് തിരശീല ഉയരും. ഇന്ത്യയുടെ താളവും മാസ്മരിക കലാ പ്രകടനങ്ങളും അവതരിപ്പിക്കാന്‍ റാപ്പ് ഗായകന്‍ ഡെബ്‌സി, നികിത ഗാന്ധി, സല്‍മാന്‍ അലി, ബോളിവുഡ് നടിയും മോഡലുമായ ഗൗഹര്‍ അലി ഖാന്‍, സഞ്ജീതിന്റെ നേതൃത്വത്തിലുളള നൃത്തസംഘം എന്നിവര്‍ മേളപ്പെരുക്കം തീര്‍ക്കാന്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഒരുക്കുന്ന ജിദ്ദ സീസണിന്റെ ഭാഗമാകും. ഇന്ത്യന്‍ രുചിക്കൂട്ടൊരുക്കി പ്രശസ്ത റെസ്‌റ്റോറന്റുകള്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ നുകരാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും.
ആഗസ്ത് 16 വരെ നാല് വാരാന്ത്യങ്ങളിലാണ് പ്രവാസി സമൂഹത്തിന് സാംസ്‌കാരികോത്സവം ഒരുക്കിയിട്ടുളളതെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രൊജക്റ്റ് മാനേജര്‍ നൗഷീന്‍ വസീം പറഞ്ഞു. ആദ്യ ദിവസം ഇന്ത്യ-സൗദി നൈറ്റില്‍ ഇരു രാജ്യങ്ങളിലെയും സര്‍ഗ പ്രതിഭകള്‍ അണിനിരക്കുന്ന കലാപരിപാടികളോടെയാണ് ജിദ്ദ സീസണ്‍ ആരംഭിക്കുക.
തുടര്‍ന്നുളള ആഴ്ചകളില്‍ പാകിസ്ഥാന്‍-ഇന്തോനേഷ്യ, ബംഗഌദേശ്-ശ്രീലങ്ക, ഫിലിപ്പീനോ-നേപ്പാള്‍ നൈറ്റുകള്‍ നടക്കും. ഓരോ ആഴ്ചയും വ്യത്യസ്ത സാംസ്‌കാരിക ലോകം തീര്‍ക്കുന്ന സംഗീതം, നൃത്തം എന്നിവയാണ് ജിദ്ദ സീസണ്‍ ലക്ഷ്യം വെക്കുന്നതെന്നും നൗഷീന്‍ വസിം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാര്‍ക്കറ്റിംഗ് മേധാവി മദീഹ നുഅ്മാനും പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.