റിയാദ്: സൗദി അറേബ്യ ഗ്രിഗോറിയന്‍ കലണ്ടര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. അന്താരാഷ്ട്ര വ്യാപാര രംഗത്ത് ഗ്രിഗോറിയന്‍ കലണ്ടറിലുളള ക്രയവിക്രയം കൂടുതല്‍ ഫലപ്രദമാണെന്ന വിലയിരുത്തലിലാണ് തീരുമാനം. അതേസയമയം, ഇസ്‌ലാമിക കാര്യങ്ങളും ഹജ്, പെരുന്നാള്‍ ഉള്‍പ്പെടെയുളളവ ഹിജ്‌റ കലണ്ടര്‍ അടിസ്ഥാനമാക്കി തുടരും. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം.
ഗാസയിലെ സംഭവ വികാസങ്ങള്‍ മന്ത്രി സഭ ചര്‍ച്ച ചെയ്തു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് അവശ്യ വസ്തുക്കളും ചികിത്സയും ഉള്‍പ്പെടെ ലഭ്യമാക്കും. ഫലസ്തീനില്‍ ഫലപ്രദമായ സമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടി ദ്രുതഗതിയിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി നടത്തുന്ന ശ്രമങ്ങളും മന്ത്രി സഭാ യോഗം വിലയിരുത്തി.
ഖത്തറുമായി വിവിധ കരാറുകര്‍ ഒപ്പുവെക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇരട്ട നികുതി, നികുതി വെട്ടിപ്പ്, ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്, കേന്ദ്ര ബാങ്ക് പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് ഒപ്പുവെക്കാനാണ് അനുമതി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.