Sauditimesonline

watches

കേരളത്തിലേക്ക് സെപ്തംബര്‍ 14 മുതല്‍ വിമാന സര്‍വീസ്

നസ്‌റുദ്ദീന്‍ വി ജെ

കൊവിഡ് പ്രതിസന്ധിയില്‍ നിന്നു പൂര്‍ണമയും മുക്തി നേടാന്‍ ലോകത്തിന് കഴിഞ്ഞിട്ടില്ല. ജി സി സി രാജ്യങ്ങളില്‍ വിസയുളള ആയിരങ്ങള്‍ രാജ്യത്തിന് പുറത്തുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസ് എപ്പോള്‍ ആരംഭിക്കുമെന്ന് നിശ്ചയമില്ല.

വിമാന സര്‍വീസ് എപ്പോള്‍ ആരംഭിക്കുമെന്ന ചര്‍ച്ച കഴിഞ്ഞ ഏതാനും ദിവസങ്ങളായി സജീവമാണ്. ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാനുളള ഒരുക്കത്തിലാണ്. സദി അറേബ്യ വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളിലേക്ക് പ്രത്യേക വിമാന സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ സൗദിയിലേക്ക് അന്താരാഷ്ട്ര സര്‍വീസ് എപ്പോള്‍ ആരംഭിക്കും എന്നതിന് വ്യക്തതയില്ല. കൊവിഡ് വൈറസ് വ്യാപനത്തിന്റെ വ്യാപ്തി പരിശോധിച്ച് മാത്രമേ അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാംരംഭിക്കാന്‍ കഴിയുകയുളളൂവെന്നാണ് സൗദി ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്.

സെപ്തംബര്‍ 14 മുതല്‍ സര്‍വീസ്
ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് എയര്‍ കേരളത്തിലേക്കുളള സര്‍വീസ് പുനരാംരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളത്തിലേക്ക് സെപ്തംബര്‍ 14 മുതല്‍ മനാമയില്‍ നിന്നു സര്‍വീസ് ആരംഭിക്കും. ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കുളള സര്‍വീസും ഉടന്‍ പ്രഖ്യാപിക്കുമെന്നും ഗള്‍ഫ് എയര്‍ അറിയിച്ചു. പ്രവാസികളുടെ യാത്ര സുഗമമാക്കുന്നതിന് എയര്‍ ബബ്ള്‍ കരാറിന് ഇന്ത്യയും ബഹ്‌റൈനും ഒപ്പു വെച്ചതോടെയാണ് വ്യോമ ഗതാഗതം പുനരാംരംഭിക്കാന്‍ വഴിയൊരുങ്ങിയത്. ഒമാന്‍ എയര്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

റിയാദില്‍ നിന്നു മാത്രം ബഹ്‌റൈന്‍ വഴി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെക്ടറില്‍ ഗള്‍ഫ് എയറിന് ആഴ്ചയില്‍ 23 സര്‍വീസ് നേരത്തെ ഉണ്ടായിരുന്നു. ഇത് എപ്പോള്‍ സര്‍വീസ് ആരംഭിക്കുമെന്ന ആകാംഷയിലാണ് സൗദിയിലെ പ്രവാസികള്‍.

മാര്‍ച്ച് 15 മറക്കില്ല
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി 2020 മാര്‍ച്ച് 15ന് ആണ് സൗദി അറേബ്യ അന്താരാഷ്ട്ര വ്യോമ ഗതാഗതം നിര്‍ത്തിവെച്ചത്. ഇത് മറക്കാന്‍ പ്രവാസികള്‍ക്ക് കഴിയില്ല. വിവാഹിതരാവാന്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാക്കള്‍. മകളെ മാരന്റെ കൈപിടിച്ചു യാത്രയാക്കാന്‍ കാത്തിരുന്ന പിതാവ്. ഇവരുടെയെല്ലാം യാത്ര മുടങ്ങി. പല ചടങ്ങുകളും മാറ്റിവെച്ചു. കൊവിഡ് കാലത്തെ വിവാഹവും വിര്‍ച്വലായി പലരും നടത്തി.

വിവിധ രാജ്യങ്ങളിലുളള പൗരന്‍മാരെ മടക്കി കൊണ്ടുവരുന്നതിന് പ്രത്യേക സര്‍വീസ് ഇപ്പോഴും തുടരുന്നുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് മടക്കി കൊണ്ടുവരുന്നുണ്ട്. എന്നാല്‍ മാര്‍ച്ചിന് മുമ്പ് അവധിക്ക് നാട്ടിലേക്ക് മടങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് വിമാന സര്‍വീസ് നിര്‍ത്തിയത് തിരിച്ചടിയായി.

ബഡ്ജറ്റ് തെറ്റിച്ച അവധി
സാധരാണ പ്രവാസി കുടുംബങ്ങള്‍ക്ക് ഗൃഹനാഥന്റെ വരുമാനം നിലച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മറ്റു വരുമാന മാര്‍ഗമില്ലാതെ ജീവസന്ധാരണം പ്രവാസലോകമാക്കിയവരാണ് ദൈ അതേസമയം, അവധിയില്‍ നാട്ടിലുളള നിരവധിയാളുകളുടെ ഇഖാമയുടെയും റീ എന്‍ട്രി വിസയുടെയും കാലാവധി കഴിഞ്ഞിട്ടുണ്ട്. പ്രവാസി സമൂഹത്തോട് എന്നും കാരുണ്യത്തോടെ പെരുമാറുന്ന സൗദി ഭരണകൂടം പല തവണ ആനുകൂല്യം പ്രഖ്യാപിക്കുകയും റീ എന്‍ട്രി വിസ നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവു പ്രകാരം റീ എന്‍ട്രി കാലാവധി കഴിഞ്ഞവര്‍ക്ക് സെപ്തംബര്‍ 30വരെ കാലാവധി നീട്ടി നല്‍കി.

എന്നാല്‍ ചില കമ്പനികളെങ്കിലും ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അവധിക്ക് നാട്ടില്‍ പോയ പ്രവാസികളോട് മടങ്ങി വരേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്. ചിലരുടെ സേവനാനന്തര ആനുകൂല്യം നാട്ടിലെത്തിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അപ്രതീക്ഷിതമായി ദീര്‍ഘ കാലം നാട്ടില്‍ കഴിച്ചുകൂട്ടേണ്ടി വന്നത് പലരുടെയും ബഡ്ജറ്റിനെ സാരമായി ബാധിച്ചു. മാത്രമല്ല, മറ്റുവരുമാനം ഇല്ലാത്തവര്‍ എത്രയും വേഗം പ്രവാസ ലോകത്തേക്ക് മടങ്ങിയെത്തി കുടുംബം പുലര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലുമാണ്.

യുഎഇയില്‍ പ്രവാസികള്‍ മടങ്ങിയെത്തി
യു എ ഇയിലേക്ക് പ്രവാസികളുടെ മടങ്ങി വരവ് ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവേശനം അനുവദിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് സര്‍വീസ് ആരംഭിക്കുകയും ചെയ്തു. റഷ്യയില്‍ നിന്നു വിനോദ സഞ്ചാരികളും കഴിഞ്ഞ ദിവസം യു എ ഇയില്‍ എത്തി.

വ്യവസായം, വാണിജ്യം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകള്‍ യു എ ഇ യുടെ സമ്പദ് ഘടനയുടെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ടുതന്നെ സമ്പൂര്‍ണ അടച്ചിടല്‍ ഒഴിവാക്കുകയും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുളള ശ്രമവുമാണ് യു എ ഇ നടത്തുന്നത്.

സൗദിയിലേക്ക് വിമാനം എപ്പോള്‍

സൗദിയിലേക്ക് വിമാന സര്‍വീസ് എപ്പോള്‍ പുനരാരംഭിക്കും എന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ജിസിസി രാജ്യങ്ങള്‍ വ്യോമ പാത തുറക്കുന്നതോടെ സൗദിയും വിമാന സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗദി എയര്‍ലൈന്‍സില്‍ ഇന്ത്യയിലേക്ക് പോകുന്നവര്‍ കൊവിഡ് പ്രോടോകോള്‍ പാലിക്കണമെന്ന് സൗദി എയര്‍ലൈന്‍സ് നിര്‍ദേശം നല്‍കി. ഇന്ത്യ ഉള്‍പ്പെടെ 30 രാജ്യങ്ങളിലേക്ക് പോകുന്നവര്‍ പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങള്‍ സൗദി എയര്‍ലൈന്‍സ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

സൗദി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രഖ്യാപനം നടത്തിയിട്ടില്ല.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ വ്യാപ്തി പരിശോധിച്ച് മാത്രമേ അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാംരംഭിക്കാന്‍ കഴിയുകയുളളൂവെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ വ്യക്തമാക്കി. സുരക്ഷക്കും മുന്‍കരുതലിനുമാണ് പരിഗണന നല്‍കുന്നത്. വിശദമായ വിലയിരുത്തലിന് ശേഷം മാത്രമേ ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊളളാന്‍ കഴിയുകയുളളൂ. എല്ലാവരുടെയും ആരോഗ്യ സുരക്ഷക്കാണ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത്. അതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് നിയന്ത്രണ വിധേയം
സൗദിയില്‍ ഇപ്പോഴും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി ശരിയായ തീരുമാനം സ്വീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുളളത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം വൈറസ് വ്യാപനവും പൊതു സാഹചര്യവും വിലയിരുത്തും. അതിനു ശേഷം തീരുമാനമെടുക്കുമെന്നാണ് വിശദീകരണം.


ദേശീയ ദിനംകഴിഞ്ഞ് സര്‍വീസ്?
സെപ്തംബര്‍ 23ന് സൗദി ദേശീയ ദിനമാണ്. ഇതിന് ശേഷം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. റീഎന്‍ട്രി വിസയില്‍ രാജ്യം വിട്ട വിദേശികള്‍ക്ക് മടങ്ങി വരാന്‍ അവസരമുണ്ടെന്നും സാമൂഹിക മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വിദഗ്ദ സമിതിയുടെ വിലയിരുത്തലുകള്‍ക്കു ശേഷമായിരിക്കും. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമെന്നും പാസ്‌പോര്‍ട് ഡയറക്ടറേറ്റ് വിശദീകരിച്ചു.

സെപതംബര്‍ ഒന്നു മുതല്‍ 10 വരെയുളള കണക്കു പ്രകാരം രാജ്യത്ത് 8,087 പേര്‍ക്ക് പുതുതായി കൊവിഡ് വൈറസ് ബാധിച്ചു. ഇതേ കാലയളവില്‍ 9,083 രോഗമുക്തി നേടുകയും ചെയ്തു. മെയ് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വൈറസ് ബാധിതരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞത് ശുഭ സൂചനയാണ്. വൈറസ് ബാധിച്ച 3.23 ലക്ഷം ആളുകളില്‍ മൂന്നു ലക്ഷം ആളുകളും രോഗം ഭേദമായി എന്നതും ആശ്വാസകരമാണ്.

ജി 20 ഉച്ചകോടി
ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവിയിലുളള രാജ്യമാണ് സൗദി അറേബ്യ. വിവിധ ലോക നേതാക്കളുമായി നിരന്തരം ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ചര്‍ച്ച നടത്തുന്നുണ്ട്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളുടെ ആഘാതം കുറക്കുന്നതിനുളള കഠയിന ശ്രമത്തിലാണ് ഭരണാധികാരികള്‍.

നവംബര്‍ 23, 24 തീയതികളില്‍ ജി20 രാഷ്ട്രതലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടി റിയാദില്‍ നടത്താന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു. നിലവില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് ഗണ്യമായി കുറഞ്ഞതോടെ റിയാദ് ഉച്ചകോടി നടക്കുമെന്ന പ്രതീക്ഷയിലാണ്.

കൊവിഡ് പ്രതിരോധിക്കുന്നതിന് സുശക്തമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നുണ്ട്. പ്രതിരോധത്തിന്റെ ഭാഗമായി അനന്തമായി വ്യോമ ഗതാഗതം നിര്‍ത്തിവെക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ല. അതുകൊണ്ടുതന്നെ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളോടെ വ്യോമ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസ ലോകം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top