റിയാദ്: പശ്ചിമേഷ്യയില്‍ ഇറാന്‍ അപകടകരമായ ഭീഷണി സൃഷ്ടിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ വെല്ലുവിളിക്കുകയാണ്. യമനില്‍ ഹൂതികള്‍ക്ക് സഹായം നല്‍കി അറബ് മേഖലയെ ഭീഷണിപ്പെടുത്താനാണ് ഇറാന്‍ ശ്രമിക്കുന്നത്. അറബ് രാഷ്ട്രങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ് ഇറാന്‍ നടപടി. അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി ഇറാന്‍ ഇടപെടലുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
ശത്രുതാപരമായ നിലപാടാണ് ഇറാന്‍ സ്വീകരിക്കുന്നത്. അറബ് രാജ്യങ്ങളില്‍ നാശം വിതക്കാനും ഛിദ്രത വളര്‍ത്താനും ഇറാന്‍ പ്രോത്സാഹനം നല്‍കുന്നു. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സൗദി ജനവാസ കേന്ദ്രങ്ങളിലും വിമാനത്താവളങ്ങളിലും ഹൂതികള്‍ ആക്രമണം തുടരുകയാണ്. ഇക്കാര്യത്തിലും അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യമാണ്. ഫലസ്തീനിലെ അധിനിവേശത്തെ പിന്തുണക്കില്ല. ഫലസ്തീന്‍ ജനതക്കൊപ്പമാണ് സൗദി അറേബ്യയെന്നും പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.