റിയാദ്: ഇസ്‌ലാമിക മൂല്യങ്ങളില്‍ വെറുപ്പിനും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് പണ്ഡിത സഭാ അംഗവും മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലുമായ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ കരിം അല്‍ ഈസ. അറഫ സംഗമത്തില്‍ നമിറ മസ്ജിദില്‍ ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസാരത്തിലും പ്രവൃത്തിയിലും നല്ല പെരുമാറ്റം ശീലിക്കണം. വെറുപ്പും വിദ്വേഷവും വിഭജനത്തിലേക്ക് നയിക്കും. സ്‌നേഹം, അനുകമ്പ, സഹാനുഭൂതി എന്നിവയായിരിക്കണം മറ്റുളളവരുമായി ഇടപഴകുമ്പോള്‍ പുലര്‍ത്തേണ്ട മൂല്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം 10 ലക്ഷം തീര്‍ഥാടകരാണ് ഹജിന്റെ മുഖ്യ കര്‍മമായ അറഫ സംഗമത്തില്‍ പങ്കെടുത്തത്. സൂര്യാസ്ഥമയത്തോടെ ഇവര്‍ മുസ്ദലിഫയില്‍ രാപാര്‍ക്കാന്‍ പുറപ്പെട്ടു. നാളെ സൂര്യോദയത്തോടെ മുസ്ദലിഫയില്‍ നിന്ന് ഇവര്‍ ജംറകളിലെ കല്ലേറ് കര്‍മത്തില്‍ പങ്കെടുക്കുകയും കഅ്ബയെ വലംവെക്കുകയും ചെയ്യും. തുടര്‍ന്ന് മൂന്ന് ദിവസം മിന താഴ്‌വരയില്‍ രാപാര്‍ക്കുന്നതോടെയാണ് ഹജ് കര്‍മങ്ങള്‍ സമാപിക്കുക.
അറഫ സംഗമം സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. കൊവിഡിനെതിരെ മുന്‍കരുതല്‍ നടപടി സ്വീകരിച്ച് ആരോഗ്യ മന്ത്രാലയവും വിവിധ വകുപ്പുകളും പുണ്യ ഭൂമിയില്‍ സജീവമാണ്. ഇന്ത്യന്‍ ഹജ് മിഷനും മലയാളികള്‍ ഉള്‍പ്പെടെയുളള വളന്റിയര്‍മാരും മിന താഴ്‌വരയില്‍ സേവന സന്നദ്ധരായി രംഗത്തുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.