Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

പുണ്യം തേടി തീര്‍ഥാടക പ്രവാഹം

ഹജിന്റെ പുണ്യം തേടി വിശുദ്ധ നഗരമായ മക്കയിലേക്കു തീര്‍ഥാടക പ്രവാഹമാണ്. 180 രാജ്യങ്ങളില്‍ നിന്നെത്തിയ 20 ലക്ഷത്തിലധികം തീര്‍ഥാടകരാണ് ഈ വര്‍ഷം അറഫാ മൈതാനിയില്‍ സംഗമിക്കുക. ഇന്ത്യയില്‍ നിന്ന് 175 ലക്ഷം തീര്‍ഥാടകര്‍ ഹജ് നിര്‍വഹിക്കും. തമ്പുകളുടെ നഗരമായ മിന താഴ്‌വരയിലേക്കു ശുഭ്ര വസ്ത്രം ധരിച്ച വിശ്വാസികള്‍ ഒഴുകുകയാണ്. ഇവര്‍ നാളെ സൂര്യോദയത്തോടെ അറഫ മൈതാനിയിലേക്കു നീങ്ങും. ഇതോടെ മാനവികതയുടെ സന്ദേശം വിളംബരം ചെയ്തു ഹജ് കര്‍മങ്ങള്‍ക്കു തുടക്കമാകും.

അഷ്ട ദിക്കുകളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ ദൈവ കീര്‍ത്തനം ഉരുവിട്ട് മിന താഴ്‌വരയിലേക്കു നീങ്ങുന്ന കാഴ്ചയാണ് മക്കയിലെ തെരുവുകളില്‍ അനുഭവപ്പെടുന്നത്. ഹജിന്റെ മുഖ്യ ആരാധനാ കര്‍മമായ അറഫാ സംഗമം നാളെയാണ്. മക്കയിലും മദീനയിലും കഴിഞ്ഞിരുന്ന ഇന്ത്യന്‍ തീര്‍ഥാടകര്‍ മിനയിലെ തമ്പുകളില്‍ എത്തിക്കഴിഞ്ഞു.

മനുഷ്യ സമൂഹം ഒന്നാണെന്ന മാനവികതയുടെ സന്ദേശമാണ് ഹജ് പകര്‍ന്നു നല്‍കുന്നത്. കറുത്തവനും വെളുത്തവനും വ്യത്യാസമില്ല. ഗോത്രങ്ങളും വര്‍ഗങ്ങളുമായി തിരിക്കുന്നത് തിരിച്ചറിയാനാണ്. സൂക്ഷ്മതയുളളവനാണ് ദൈവ സന്നിധിയില്‍ ഉന്നതര്‍ എന്നാണ് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്. ഇതാണ് ഹജ് നല്‍കുന്ന സന്ദേശം. സംഘര്‍ഷ ഭരിതമായ ലോകത്ത് സമാധാനവും സാഹോദര്യവുമാണ് അറഫ സംഗമം പങ്കുവെക്കുന്നത്. മനുഷ്യരുടെ അഭിമാനം സംരക്ഷിക്കപ്പെടണം. അതു പരിപാവനമാണെന്ന സന്ദേശവും അറഫ ദിന സംഗമം പ്രഖ്യാപിക്കുന്നു.

ഇന്ത്യയില്‍ നിന്നുളള 1.75 ലക്ഷം തീര്‍ഥാടകരില്‍ 1.4 ലക്ഷം പേര്‍ കേന്ദ്ര ഹജ് കമ്മറ്റി വഴിയും ബാക്കിയുളള 35000 പേര്‍ സ്വകാര്യ ഹജ് ഗ്രൂപ്പിലും എത്തിയവരാണ്. കേരളത്തില്‍ നിന്ന് ഈ വര്‍ഷം 18,201 തീര്‍ഥാടകര്‍ ഹജ് നിര്‍വഹിക്കും. ആണ്‍തുണയില്ലാതെ ഈ വര്‍ഷം അയ്യായിരത്തിലധികം തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നെത്തിയത്. ഇന്ത്യന്‍ ഹജ് മിഷന്റെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുളളത്.

മദീനയില്‍ ചികിത്സയിലുളള ഇന്ത്യന്‍ തീര്‍ഥാടകര്‍ ഉള്‍പ്പെടെയുളളവരെ മക്കയിലെ ആശുപത്രികളിലേക്കു കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇവരെ പ്രത്യേക ആംബുലന്‍സുകളില്‍ അറഫ മൈതാനിയിലെ പ്രാര്‍ഥനകളില്‍ പങ്കെടുപ്പിക്കും. ഇന്ത്യന്‍ തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുളള ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെട്ട സംഘം സജ്ജമാണ്. 20 കിടക്കകളുളള താത്ക്കാലിക ആശുപത്രി, ഡിസ്‌പെന്‍സറികള്‍ എന്നിവ ഇന്ത്യന്‍ ഹജ് മിഷന്‍ മക്ക, മിന, അറഫ, മുസ്ദലിഫ തുടങ്ങി ഹജിന്റെ വിവിധ ആരാധനാ കര്‍മങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നെത്തിയ വളന്റിയര്‍മാരുടെ സേവനം കൂടുതല്‍ കാര്യക്ഷമമായി തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുന്നതിന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ പരിശീലനവും മാര്‍ഗനിര്‍ദേശവും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. തീര്‍ഥാടകരുടെ പരാതി സ്വീകരിക്കാനും ആവശ്യമായ സഹായം ലഭ്യമാക്കാനും ഇന്ത്യന്‍ ഹജ് മിഷന്റെ ‘ഹജ് സുവിധ ആപ്’ സഹായിക്കും. തീര്‍ഥാടകരുടെ ക്ഷേമത്തിന് മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ആംബുലന്‍സുകളും വളന്റിയര്‍മാരെയും ഇന്ത്യന്‍ ഹജ് മിഷന്‍ വിന്യസിച്ചിട്ടുണ്ട്.

തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വിപുലമായ സജ്ജീകരണങ്ങളാണ് സൗദി അറേബ്യ ഒരുക്കിയിട്ടുളളത്. ഇതിനായി കര-നാവിക-വ്യോമ സേനകള്‍, പൊതു സുരക്ഷാ സേന, നാഷണല്‍ ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ് എന്നിവ ഉള്‍പ്പെട്ട ഒരു ലക്ഷത്തിലധികം ഭടന്‍മാരെയാണ് പുണ്യ ഭൂമിയില്‍ വിന്യസിച്ചിട്ടുളളത്. ഇവരുടെ പരേഡും മോക് ഡ്രില്ലും കഴിഞ്ഞ ദിവസം അരങ്ങേറി. ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദി സെല്യൂട് സ്വീകരിച്ചു.

അക്രമികളെ കീഴ്‌പ്പെടുത്തുന്നതും സ്‌ഫോടനം നടന്ന കെട്ടിടത്തില്‍ ഹെലികോപ്ടറിലെത്തി സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തുന്നതും സൗദി സേനയുടെ വൈദഗദ്യം വിളംബരം ചെയ്യുന്ന കാഴ്ചയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഹജ് സുരക്ഷ ഉറപ്പു വരുത്തുന്നത്.

ഈ വര്‍ഷം അള്‍ജീരിയയില്‍ നിന്നു 130 വയസ് പ്രായമുളള സര്‍ഹൗദ സ്റ്റിതിയാണ് ഏറ്റവും പ്രായം കൂടിയ തീര്‍ഥാടക. ഇവര്‍ക്ക് ഊഷ്മള സ്വീകരണമാണ് ജിദ്ദ വിമാനത്താവളത്തിലും മക്കയിലും സൗദി ഹജ് മന്ത്രാലയം ഒരുക്കിയത്. കര്‍ണാടകയില്‍ നിന്നെത്തിയ ഏഴ് മാസം പ്രായമുളള കുരുന്നാണ് ഏറ്റവും പ്രായം കുറഞ്ഞ തീര്‍ഥാടകന്‍. രക്ഷിതാക്കളോടൊപ്പം കേരള ഹജ് കമ്മറ്റിയുടെ കീഴിലാണ് ഇവര്‍ മക്കയിലെത്തിയത്.

ഇതിനിടെ ഈജിപ്തില്‍ നിന്നുളള കുരുന്നു തീര്‍ഥാടകന്‍ യഹ്‌യ മുഹമ്മദ് റമദാന്‍ മക്കയില്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈജിപ്തില്‍ നിന്നുളള ഏറ്റവും പ്രായം കുറഞ്ഞ ബാലന്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ യഹ്‌യ മുഹമ്മദിന്റെ ചിത്രം വൈറലായിരുന്നു. കടുത്ത അന്തരീക്ഷ താപം താങ്ങാന്‍ കഴിയാതെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അതേസമയം, ഈ വര്‍ഷത്തെ ഏറ്റവും വലിയ വെല്ലുവിളി അന്തരീക്ഷ താപമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താമാക്കി. തീര്‍ഥാടകര്‍ കുടകള്‍ ഉപയോഗിക്കണമെന്നും ആവശ്യത്തിനു ശുദ്ധ ജലം കുടിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

അറഫാ മൈതാനിയിലെ ആരാധനാ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി തീര്‍ഥാടകര്‍ മുസ്ദലിഫയില്‍ രാപാര്‍ക്കും. സുര്യോദയത്തോടെ അവിടെ നിന്ന് മിനാ താഴ്‌വരയിലെത്തും. തുടര്‍ന്നുളള നാലു ദിവസങ്ങളില്‍ മിനയിലെ തമ്പുകളില്‍ താമസിച്ചാകും വിവിധ കര്‍മങ്ങള്‍ക്കായി മസ്ജിദുല്‍ ഹറമിലേക്കും ജംറകളിലേക്കും തീര്‍ഥാടകര്‍ പോവുക.പാപമോചനം നേടി, കഴുകി തുടച്ച മനസ്സുമായി വിശ്വാസി സമൂഹം ജൂണ്‍ 19ന് മിന താഴ്‌വരയോട് വിടപറയും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top