Sauditimesonline

SaudiTimes

വേനല്‍ കനക്കുന്നു; താപം കുതിക്കുന്നു

സൗദി അറേബ്യ കടുത്ത അന്തരീക്ഷ താപത്തിന്റെ പിടിയിലാണ്. ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും കൂടിയ താപനില 44 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. അതുകൊണ്ടുതന്നെ ഹജ് തീര്‍ത്ഥാടകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ താപം അതികഠിനമായതോടെ മധ്യാഹ്‌ന ഉച്ച വിശ്രമ നിയമം പ്രഖ്യാപിക്കുകയും ചെയ്തു. അന്തരീക്ഷ താപത്തെ പ്രതിരോധിക്കുകയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുകയും വേണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് സൗദി അറേബ്യയില്‍ ഉയര്‍ന്ന അന്തരീക്ഷ താപം അനുഭവപ്പെടുക. കഴിഞ്ഞ വര്‍ഷം 50 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപം ഉയര്‍ന്നിരുന്നു. ജൂണ്‍ 14ന് ആരംഭിക്കുന്ന ഹജ് വേളയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് താപ നില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം അന്തരീക്ഷ താപം 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. വരും ദിവസങ്ങളില്‍ താപനില ഉയരാന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ ഉച്ചക്ക് 12 മുതല്‍ 3 വരെ രാജ്യത്ത് മധ്യാഹ്‌ന വിശ്രമ നിയമം പ്രഖ്യാപിക്കും. സൂര്യാഘാതം ചെറുക്കുന്നതിന് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് മധ്യാഹ്‌ന വിശ്രമ നിയമം. നിര്‍മാണ മേഖലയില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല. അതി കഠിനമായ ചൂട് ജീവന് വരെ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വിശ്രമം നിര്‍ബന്ധമാക്കുന്നത്.

കടുത്ത വേനലില്‍ കായികാധ്വാനമുളള ജോലി ചെയ്യുന്നവര്‍ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു ഇടവരുത്തും. ശരീരത്തിന് താപനില നിയന്ത്രിക്കാന്‍ കഴിയാതെ വരും. മാത്രമല്ല താപനില അതിവേഗം ഉയരുകയും ഹീറ്റ് സ്‌ട്രോക് സംഭവിക്കുകയും ചെയ്യുന്നു.

അന്തരീക്ഷ താപം ഉയര്‍ന്നിരിക്കുന്ന വേളയില്‍ ഭക്ഷണ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ദ്രവ രൂപത്തിലുളള വിഭവങ്ങള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. ശരീരത്തിന് തണുപ്പ് പ്രധാനം ചെയ്യുന്ന ഭക്ഷണമാണ് വേനല്‍ കാലത്ത് ഉത്തമം. മുട്ട, ചിക്കന്‍, ഫാസ്റ്റ് ഫുഡ് എന്നിവ പരമാവധി ഒഴിവാക്കുക.

വേനല്‍ കാലത്ത് പാകം ചെയ്ത ഭക്ഷണം അതിവേഗം കേടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഹോട്ടലുകളില്‍ നിന്നു വാങ്ങുന്ന ഭക്ഷണം കൂടുതല്‍ സമയം പുറത്തുവെക്കാതെ ഉപയോഗിക്കണം. ഗള്‍ഫ് നാടുകളില്‍ പുറം ജോലികള്‍ക്കും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും പോകുന്ന തൊഴിലാളികള്‍ ഉച്ച ഭക്ഷണം കൊണ്ടുപോവുക പതിവാണ്. അത്തരക്കാര്‍ ജലാംശം കൂടുതലുളള പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉപയോഗിക്കണം. പാകം ചെയ്തു ദീര്‍ഘനേരം ഫ്രിഡ്ജിന് പുറത്തു സൂക്ഷിക്കുന്ന ഭക്ഷണങ്ങള്‍ ഭക്ഷിക്കുന്നതിന് മുമ്പ് കേടായിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

ശീതീകരണ സംവിധാനം ഇല്ലാത്ത വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും നേരിട്ട് സൂര്യാഘാതം ഏല്‍ക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ സംഭവിച്ചേക്കാം. അത്തരത്തിലുളളവര്‍ അടിയന്തിര വൈദ്യ സഹായം തേടണം.

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയും റിയാദിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളില്‍ 46 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില അനുഭവപ്പെടുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. അടുത്ത ആഴ്ച വരെ രാജ്യത്തുടനീളം ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്യാവശ്യങ്ങള്‍ക്കല്ലാതെ ചൂട് കാലത്ത് പുറത്തിറങ്ങി നടക്കരുത്. പുറത്തിറങ്ങുന്നവര്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം. അന്തരീക്ഷ താപം പ്രതിരോധിക്കാന്‍ ലോകത്തെ ഏറ്റവും വലിയ കൂളിംഗ് സ്‌റ്റേഷനുകളാണ് മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലും മദീനയിലെ പ്രവാചകന്റെ പള്ളിയിലും ഒരുക്കിയിട്ടുളളത്. ഹജ് കര്‍മങ്ങള്‍ നടക്കുന്ന മിനതാഴ്‌വര, അറഫ മൈതാനം, മുസ്ദലിഫ എന്നിവിടങ്ങളിലെ തമ്പുകള്‍ ശീതീകരിച്ചതാണ്. എങ്കിലും ഓരോ വര്‍ഷവും നൂറുകണക്കിന് തീര്‍ത്ഥാടകര്‍ക്ക് അന്തരീക്ഷ താപം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതു പ്രതിരോധിക്കാനും പ്രാഥമിക ശുശ്രൂഷ നല്‍കാനും ആരോഗ്യ മന്ത്രാലയവും വിവധ ഏജന്‍സികളും ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരും രാജ്യത്ത് അധിവസിക്കുന്ന ജനങ്ങളും അന്തരീക്ഷ താപം നേരിടാന്‍ സ്വയം ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top