റിയാദ്: സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി ദേശീയ ആരോഗ്യ സര്‍വേ ആരംഭിച്ചു. 15 വയസില്‍ കൂടുതലുമുള്ളവര്‍ക്കിടയിലാണ് സര്‍വേ. വ്യക്തികളെ നേരിട്ടു സമീപിച്ചാണ് വിവരശേഖരണം. ജനങ്ങളുടെ ആരോഗ്യ സ്ഥിതി, രോഗ വിവരങ്ങള്‍, വൈദ്യപരിചരണം, അതിന്റെ ആവശ്യം, ആരോഗ്യകരമായ പെരുമാറ്റം, ജീവിത ശൈലി എന്നിവ ഉള്‍പ്പെട്ട ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
പൊതുജനങ്ങളുടെ ആരോഗ്യനിലയും അവരുടെ ആവശ്യങ്ങളും വിലയിരുത്തി വ്യക്തിഗത ഘടകങ്ങളും പെരുമാറ്റവും ആരോഗ്യ സേവനങ്ങളും വിലയിരുത്തി പൊതുജനാരോഗ്യത്തിെന്റ നിര്‍ണായക ഘടകങ്ങള്‍ പഠിക്കുകയാണ് സര്‍വേ ലക്ഷ്യംവെക്കുന്നതെ ന്ന് അതോറിറ്റി വ്യക്തമാക്കി.
ആരോഗ്യ പരിപാലന സേവനങ്ങളുടെ ഗുണനിലവാരം, ലഭിക്കാനുള്ള സാധ്യത, താങ്ങാനാവുന്ന വില, അവയുമായി ബന്ധപ്പെട്ട അസമത്വങ്ങളും വെല്ലുവിളികളും തിരിച്ചറിയല്‍ എന്നിവയും ലക്ഷ്യമിടുന്നതായും അതോറിറ്റി പറഞ്ഞു.
ഡാറ്റ ശേഖരിക്കുന്നതിനുള്ള ഏക മാര്‍ഗം വ്യക്തിഗത അഭിമുഖങ്ങളാണെന്ന് അതോറിറ്റി സൂചിപ്പിച്ചു. പുകയില ഉപഭോഗം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, പോഷകാഹാരം, ജോലിസ്ഥലത്തെ സുരക്ഷ, ജനസംഖ്യാ ആരോഗ്യത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങള്‍ എന്നിവ പോലെയുള്ള ജനങ്ങളുടെ ആരോഗ്യനില നിര്‍ണയിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കലും ദേശീയ ആരോഗ്യ സര്‍വേ ഉന്നംവെക്കുന്നതായും അതോറിറ്റി വിശദീകരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.