
ലോകത്ത് ഈന്തപ്പഴം വിളയുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് സൗദി അറേബ്യക്കുളളത്. വാണിജ്യാടിസ്ഥാനത്തില്‍ ഈന്തപ്പന ചെടികളുടെ കയറ്റുമതിയിലും വിപ്ലവം തീര്‍ക്കുകയാണ് സൗദി അറേബ്യ. ഒരിഞ്ച് വലിപ്പമുളള ഈന്തപ്പന കാമ്പില്‍ നിന്ന് ആയിരക്കണക്കിന് ചെടികളാണ് ഉത്പ്പാദിപ്പിക്കുന്നത്. മലയാളി ഗവേഷകന്‍ ബിജു എംജിയുടെ നേതൃത്വത്തില്‍ ടിഷ്യൂ കള്‍ചര്‍ ടെക്‌നോളജിയിലെ ഓര്‍ഗാനോജെനെസിസ് വിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്.

ഇറാഖും ഈജിപ്തും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം ഉത്പ്പാദിപ്പിക്കുന്നത് സൗദി അറേബ്യയിലാണ്. മൂന്ന് കോടി 40 ലക്ഷം ഈന്തപ്പനകളാണ് രാജ്യത്തുളളത്. മുന്നൂറിലധികം ഇനങ്ങളില്‍ 16 ലക്ഷം ടണ്‍ ഈത്തപ്പഴം പ്രതിവര്‍ഷം വിളവെടുക്കുന്നുണ്ട്. സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗമായി കാര്‍ഷിക രംഗത്ത് കൂടുതല്‍ ഉത്പാദനം ലക്ഷ്യമാക്കി നടപ്പിലാക്കിയ പദ്ധതികളില്‍ ഈന്തപ്പന കൃഷിയും ഉള്‍പ്പെടും. ഇതിന്റെ ഭാഗമായി കൂടുതല്‍ ചെടികള്‍ നട്ടുവളര്‍ത്തുകയാണ്. പരമ്പരാഗതമായി കന്നുചെടികള്‍ പിരിച്ചു നടന്നതിനു പകരം ടിഷ്യൂ കള്‍ച്ചറിലൂടെ ഏറ്റവും മികച്ച ഗുണനിലവാരമുളള ചെടികളാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നട്ടുവളര്‍ത്തുന്നത്. ഇവിടങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ചെടികള്‍ വിതരണം ചെയ്യുന്നത് റിയാദിലെ ക്ലോണ്‍ ബയോടെക് ലാബില്‍ നിന്നാണ്.

2000 മുതലാണ് ഈന്തപ്പന ചെടികള്‍ കേന്ദ്രീകരിച്ച് ടിഷ്യൂ കള്‍ചര്‍ ആരംഭിച്ചത്. സൗദിയില്‍ സുലഭമായ മജ്ദൂള്‍, അജ്‌വ, സഖായ്, സുക്കരി, ഖുദ്‌രി, സഫാവി എന്നിവയുടെ ചെടികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുളളതെന്ന് ക്ലോണ്‍ ബയോടെക് ലാബിലെ കണ്‍സള്‍ട്ടന്റും ടെക്‌നിക്കല്‍ മാനേജരുമായ ബിജു എംജി പറഞ്ഞു. കര്‍ഷകര്‍ക്ക് ആവശ്യമായ ചെടികളാണ് ഓര്‍ഗാനോജെനെസിസ് വിദ്യ ഉപയോഗിച്ച് ഉത്പ്പാദിപ്പിക്കുന്നത്. ഉള്‍ക്കാമ്പ് ശേഖരിച്ച് ടെസ്റ്റ്ട്യൂബുകളിലാണ് ചെടികളെ വളര്‍ത്തുക. പ്രകൃതിയില്‍ സ്വാഭാവികമായി വളരുന്ന ചെടിക്ക് ലഭ്യമാകുന്നതെല്ലാം കൃത്രിമമായി നല്‍കിയാണ് ഈന്തപ്പനയുടെ ഉള്‍ക്കാമ്പിനെ മുളപ്പിക്കുന്നത്.

ഇതിനായി മുപ്പതിലധികം രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ പ്രത്യേക കൂട്ട് തയ്യാറാക്കും. ഇതില്‍ വൈറ്റമിന്‍സ്, ഹോര്‍മോണ്‍ തുടങ്ങിയവ കൃത്രിമമായി ചേര്‍ത്ത് മണ്ണിന്റെ എല്ലാ ഗുണങ്ങളും സൃഷ്ടിക്കും. ഇത് ടെസ്റ്റ്ട്യൂബില്‍ നിക്ഷേപിച്ച് ഈത്തപ്പന ചെടിയുടെ കാമ്പ് വളര്‍ത്തി എടുക്കുകയാണ് ചെയ്യുന്നത്. ഏറെ സൂക്ഷമതയോടെ ലാബുകളിലാണ് ഓര്‍ഗാനോജെനസിസ് വഴി ചെടികളെ വളര്‍ത്തുന്നത്. മൂന്ന് കോശങ്ങളുടെ പാളികളില്‍ നിന്ന് ചെടികള്‍ രൂപപ്പെടുന്ന പ്രക്രിയയാണ് ഓര്‍ഗാനോജെനിസിസ്. ഇവിടെ മൂലകോശത്തിന്റെ പ്രതിപ്രവര്‍ത്തനം, കോശങ്ങളുടെ വ്യാപം, അതിജീവനം, കോശങ്ങളുടെയും ടിഷ്യുവിന്റെയും ആകൃതി, വലുപ്പം, സംയുക്ത കോശങ്ങളുടെ വികസം എന്നിവയെല്ലാം പ്രവര്‍ത്തനക്ഷമമാവുന്നു. ഇങ്ങനെ വിവിധ വര്‍ഗങ്ങളിലുളള ഈന്തപ്പനയുടെ ചെടി വളര്‍ത്തിയെടുക്കാന്‍ മൂന്നര വര്‍ഷം വരെ സമയം ആവശ്യമാണ്.

ടെസ്റ്റ്ട്യൂബില്‍ സൂക്ഷിക്കുന്ന കാമ്പ് 7 മുതല്‍ 13 മാസം ആകുന്നതോടെ പെരുകാന്‍ (മള്‍ട്ടിപ്ലിക്കേഷന്‍) തുടങ്ങും. ഇതു ബോട്ടിലിലേക്കു മാറ്റും. അള്‍ട്ടിപ്ലിക്കേഷന്‍ വര്‍ധിക്കുന്നതോടെ ഓരോന്നും ഓരോ ടെസ്റ്റ്ട്യൂബുകളിലേക്കു മാറ്റി സ്ഥാപിക്കും. ലാബിലെ അവസാന ഘണ്ണം വേര് വളരാന്‍ സഹായിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ മിശ്രിതം മാധ്യമമായ ടെസ്റ്റ്ട്യൂബിലേക്ക് മാറ്റുക എന്നതാണ്. ഇവിടെയാണ് ചെടികള്‍ക്ക് വേര് വളരാന്‍ തുടങ്ങുന്നത്.

വേര് മുളച്ചു കഴിഞ്ഞാല്‍ ഗ്രീന്‍ ഹൗസില്‍ 95 ശതമാനം ഹ്യുമിഡിറ്റിയില്‍ പ്രത്യേക ടണല്‍ രൂപത്തിലുളള ചെടിച്ചട്ടില്‍ ആറു മാസം വരെ വളര്‍ത്തും. ഇതോടെയാണ് ചെടികള്‍ വിത്പ്പനക്കു തയ്യാറാകുന്നത്. സൗദി അറേബ്യയിലെ ഈന്തപ്പന ചെടികള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഗുണവും രുചിയും ഏറെയുളള ഈന്തപ്പഴം പ്രധാനം ചെയ്യുന്നത് സൗദിയിലെ ചെടികളാണ്. ലാബുകളില്‍ വളര്‍ത്തിയ ചെടികള്‍ വീണ്ടും ആറുമാസം ഗ്രീന്‍ ഹൗസുകളില്‍ പരിപാലിക്കും. അതിനു ശേഷമാണ് വിദേശ രാജ്യങ്ങളിലേക്കും സൗദിയിലെ വിവിധ കൃഷിയിടങ്ങളിലേക്കും കയറ്റി അയക്കുന്നത്.

സൗദി അറേബ്യയില്‍ മുന്നൂറിലധികം ഇനങ്ങളിലുളള ഈന്തപ്പഴം കൃഷി ചെയ്യുന്നുണ്ടെങ്കിലും മജ്ദൂളിനാണ് ആവശ്യക്കാര്‍ ഏറെ. ഒരു മജ്ദൂള്‍ ഈത്തപ്പഴത്തിന് 28 ഗ്രാം വരെ ഭാരം ഉണ്ടാകും. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ മജ്ദൂള്‍ മൃദുവും സ്വാദിഷ്ടവുമാണ്. കിംഗ് ഓഫ് ഡേറ്റ്‌സ് എന്നാണ് മൊറോക്കന്‍ ഒറിജിനായ മജ്ദൂള്‍ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈന്തപ്പന തോട്ടങ്ങളില്‍ മജ്ദൂള്‍ ചെടികള്‍ കൃഷി ചെയ്യാത്ത കര്‍ഷകര്‍ ഉണ്ടാവില്ല. ആവശ്യക്കാര്‍ ഏറെയുളളതുകൊണ്ടു മജ്ദൂള്‍ ചെടികള്‍ ധാരാളം ഉത്പ്പാദിപ്പിക്കുമെന്നും ബിജു എംജി പറഞ്ഞു.
ഓരോ രാജ്യത്തെയും കാലാവസ്ഥ, വിപണി സാധ്യത എന്നിവ പരിഗണിച്ചാണ് ചെടികളുടെ ഉത്പ്പാദനം. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഫ്രഷ് ഈത്തപ്പഴങ്ങളോടാണ് താത്പര്യം. എന്നാല്‍ അറബ് രാജ്യങ്ങള്‍ ഈത്തപ്പഴം ഉണക്കി സൂക്ഷിക്കുകയും അതു ഉപയോഗിക്കുകയും ചെയ്യുന്നു.

ഗള്‍ഫ് മേഖലയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ശ്രമമാണ് മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ്. വിഷന്‍ 2030 പദ്ധതി പ്രകാരം 600 ദശലക്ഷത്തിലധികം മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കാനുളള ശ്രമത്തിലാണ്. ഇതിനു പുറമെ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുളള നടപടികളും നടക്കുന്നുണ്ട്. ഇതിനു ആവശ്യമായ ചെടികളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. പരീക്ഷണാര്‍ത്ഥം ബിജുവിന്റെ നേതൃത്വത്തില്‍ ടിഷ്യൂകള്‍ചര്‍ ചെയ്ത ഏത്തപ്പം, കറ്റാര്‍വാഴ, കാപ്പി, മുരിങ്ങ, കറിവേപ്പില എന്നിവ ക്ലോണ്‍ ബയോടെകിന്റെ തോട്ടത്തില്‍ സമൃദ്ധമായി വളരുന്നുണ്ട്.

സൗദി അറേബ്യയില്‍ ഉത്പ്പാദിപ്പിക്കുന്ന ഈന്തപ്പന ചെടികള്‍ സുഡാന്‍, ഇറാഖ്, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കയറ്റി അയക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഇന്ത്യയിലേക്കും ഈന്തപ്പന ചെടികള്‍ കയറ്റി അയക്കുന്നുണ്ട്. ഇന്ത്യയില്‍ വര്‍ഷം ആയിരം മെട്രിക് ടണ്‍ ഈന്തപ്പഴമെങ്കിലും ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഈന്തപ്പന കൃഷിയും ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ട്. ഗുജറാത്തിലെ കച്ച്, തമിഴ്‌നാട്ടിലെ ധര്‍മപുരി, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലേക്ക് വന്‍ തോതില്‍ റിയാദിലെ ക്ലോണ്‍ ബയോടെക് ഈത്തപ്പന ചെടി കയറ്റി അയക്കുന്നുണ്ടെന്നും ബിജു എംജി പറഞ്ഞു.

ഇരുപത് വര്‍ഷത്തിലേറെയായി സൗദിയിലുളള ബിജു മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ഹോര്‍ടികള്‍ചറില്‍ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷമാണ് പ്രവാസം ആരംഭിച്ചത്. ബയോടെക്‌നോളജിയിലെ മികവിന് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നിരവധി പുരസ്‌കാരങ്ങളും നേടി. യുഎഇ സര്‍ക്കാരിന്റെ ഖലിഫ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഫോര്‍ പാം ആന്റ് അഗ്രികള്‍ചറല്‍ ഇന്നൊവേഷന്‍ റിയാദിലെ ക്‌ളോണ്‍ ബയോടെകിന് നേടിക്കൊടുത്തതില്‍ ചുക്കാന്‍ പിടിച്ചതും ബിജു ആണ്.

കേരളത്തില്‍ ഈത്തപ്പന കൃഷി സാധ്യമാക്കാനുളള പരീക്ഷണവും ബിജു നടത്തുന്നുണ്ട്. ഇതിനായി പാലക്കാട് മുതലമടയില്‍ ഒരു ഏക്കര്‍ സ്ഥലത്ത് കൃഷി ആരംഭിച്ചു. അഞ്ചു വര്‍ഷം മുമ്പു അന്‍പതിലധികം ചെടികള്‍ നട്ടുപിടിപ്പിച്ചു. ഇതില്‍ ഏതാനും ചെടികളില്‍ ഫലം ലഭിച്ചുതുടങ്ങി. അന്തരീക്ഷ താപം 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ അനുഭവപ്പെടുന്ന പാലക്കാട് ഈന്തപ്പന കൃഷിക്ക് അനുയോജ്യമാണ്. സൗദിയില്‍ നിന്നുളള ഏറ്റവും മികച്ച ഇനം ചെടികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇതു വിജയിച്ചാല്‍ മുതലമടയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഈത്തപ്പന കൃഷി ചെയ്യാനുളള ഒരുക്കത്തിലാണ് ബിജു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
