
റിയാദ്: സാമൂഹിക പ്രവര്‍ത്തകനും റിയാദ് ഒഐസിസി മുന്‍ സെക്രട്ടറിയുമായിരുന്ന അജയന്‍ ചെങ്ങന്നൂരിന്റെ മകള്‍ ആര്‍ച്ച വിശാഖ് (28) ഓസ്‌ട്രേലിയയില്‍ മരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് മരണ കാരണമെന്നാണ് വിവരം. ക്വീന്‍സ്‌ലാന്റ് യൂനിവേഴ്‌സിറ്റിയിലെ ഇന്‍ഡസ്ട്രിയല്‍ ഫാര്‍മസി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. 3 വര്‍ഷം മുമ്പായിരുന്നു ആര്‍ച്ചയുടെ വിവാഹം. രണ്ടു വയസ് പ്രായമായ കുഞ്ഞുണ്ട്. ഭര്‍ത്താവ് വിശാഖ് ഉദയകുമാര്‍. ബ്രിസ്റ്റണിലെ ജോണ്‍ടണ്‍ സെന്ററില്‍ സൂക്ഷിച്ചിട്ടുളള മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ സംസ്‌കരിക്കും.

മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏതാനും ദിവസം സമയം ആവശ്യമായി വരുമെന്ന് ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ ജന. സെക്രട്ടറിയുടെ മകനും ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വിദ്യാര്‍ഥിയുമായ ഹിഷാം ഹാഷിം സൗദിടൈംസിനോടു പറഞ്ഞു. മരണകാരണം നിര്‍ണ്ണയിക്കുന്നതിനും രോഗം എന്താണെന്നും പരിക്ക് സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനും നടപടി ആരംഭിച്ചു. ഓട്ടോപ്‌സി ഫലം വരുന്നതോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹിഷാം പറഞ്ഞു.

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലായിരുന്ന ആര്‍ച്ചയുടെ പ്രാഥമിക വിദ്യാഭ്യാസം. മാതാവ് മിനി കെ അജയന്‍ റിയാദ് കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ നഴ്‌സായിരുന്നു. ഏക സഹോദരന്‍ അര്‍ജുന്‍ കെ അജയന്‍ അമേരിക്കയിലാണ്. റിയാദില്‍ ധാരാളം സൗഹൃദമുളള ആര്‍ച്ചയുടെ വിയോഗം മലയാളി സമൂഹത്തിനു നൊമ്പരമായി മാറി. ആര്‍ച്ചയുടെ ആകസ്മിക നിര്യാണത്തില്‍ ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അനുശോചനം അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.