Sauditimesonline

MODI
പ്രധാനമന്ത്രി മോദി 22ന് ജിദ്ദയില്‍

ആശുപത്രിയില്‍ പാചകക്കാരന് ശമ്പളം; കേളി ധാരണാപത്രം കൈമാറി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി കോഴിക്കോട് ഗവണ്‍മെന്റ് ഡെര്‍മറ്റോളജി ആശുപത്രിക്ക് നല്‍കിവരുന്ന പാചകക്കാരനുള്ള ശമ്പളം ഒരു വര്‍ഷം കൂടി തുടര്‍ന്ന് നല്‍കാനുള്ള ധാരണാപത്രം കൈമാറി. ചേവായൂരിലെ ആശുപത്രി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ് ബാലഗോപാലിന് ധാരണാപത്രം കൈമാറി.

കേളി പതിനൊന്നാം കേന്ദ്ര സമ്മേളന പ്രഖ്യാപനങ്ങളില്‍ ഒന്നായ ‘ഹൃദയപൂര്‍വ്വം കേളി’ ഒരു ലക്ഷം പൊതിച്ചോര്‍ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ രണ്ടു വര്‍ഷമായി കേളി ഈ സഹായം നല്‍കി വരുന്നു. ചടങ്ങില്‍ സീനിയര്‍ ഡോ. മിനി രാജ, ഡെപ്യൂട്ടി നേഴ്‌സിങ് സൂപ്രണ്ട് രജനി, സീനിയര്‍ നേഴ്‌സിങ് സൂപ്രണ്ട് റഷീദ, ആശുപത്രി സ്റ്റാഫ് സബീഷ്, കേളി ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി, മുന്‍ കേന്ദ്രകമ്മിറ്റി അംഗം ഹസ്സന്‍കോയ പാറോപ്പടി, കേളി പ്രവര്‍ത്തകരായ റഫീക്ക് പാലത്ത്, നൗഷാദ് അല്‍ ഖര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു. കേളി പ്രവര്‍ത്തകര്‍ ആശുപത്രിയിലെ രോഗികളെയും സന്ദര്‍ശിച്ചു. 55 രോഗികളാണ് നിലവില്‍ ആശുപത്രിയില്‍ അന്തേവാസികളായുള്ളത്.

പാചകക്കാരനെ നിയമിക്കുന്നത് വരെ ആശുപത്രി അന്തേവാസികള്‍ തന്നെ ഭക്ഷണം പാചകം ചെയ്യുന്ന രീതിയായിരുന്നു തുടര്‍ന്നിരുന്നത്. രോഗം മൂലം അവശത അനുഭവിക്കുന്ന ഇവര്‍ തന്നെ ഇത്തരം ജോലി കൂടി ചെയ്യേണ്ടി വരുന്നത് പ്രയാസം സൃഷ്ടിച്ചിരുന്നു. പാചകക്കാരന്റെ ശമ്പളത്തിന് പുറമെ മാസത്തില്‍ ഒരു ദിവസം അന്തേവാസികള്‍ ആവശ്യപ്പെടുന്ന ഭക്ഷണം കൂടി കേളി നല്‍കുന്നുണ്ട്. ഇവിടുത്തെ അന്തേവാസികള്‍ക്കായി മറ്റു ചില പദ്ധതികള്‍ കൂടി കേളിയുടെ ആലോചനയിലുണ്ടെന്നും വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും കേളി സെക്രട്ടറി സുരേഷ് കണ്ണപുരം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top