റിയാദ്: ജസാനില്‍ ഹൂതികള്‍ തൊടുത്ത മിസൈല്‍ പതിച്ച് നിര്‍ത്തിയിട്ട കാറിന് കേടുപാടുകള്‍ സംഭവിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇന്ന് രാവിലെയാണ് തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയായ ജസാനില്‍ മിസൈല്‍ പതിച്ചത്.
യമനില്‍ നിന്നു ഹൂത്തികളാണ് മിസൈല്‍ തൊടുത്തത്. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്താനാണ് ശ്രമിച്ചതെങ്കിലും ആളപായവും പരിക്കും ഇല്ല. മിസൈല്‍ അവശിഷ്ടം പതിച്ചാണ് കാറിന് കേട്പാട് സംഭവിച്ചതെന്നു സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ യഹിയ അല്‍ ഗാംദി പറഞ്ഞു.
യമനില്‍ നിന്നു ജസാനിലെ അല്‍ അര്‍ദ ഗവര്‍ണറേറ്റിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്കാണ് മിസൈല്‍ വിക്ഷേപിച്ചത്. സഖ്യസേനയും സൗദി വ്യോമ പ്രതിരോധ സേനയും ആക്രമണങ്ങളെ ആകാശത്ത് തകര്‍ക്കുന്നുണ്ട്. സെപ്റ്റംബര്‍ 15 ന് ഹൂത്തികള്‍ വിക്ഷേപിച്ച മിസൈല്‍ ജസാനില്‍ പതിച്ച് അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് വാഹനങ്ങള്‍ക്കു നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച തടവുകാരെ വിട്ടയക്കാന്‍ യുഎന്‍ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ ഹൂതികളും സഖ്യസേനയും കരാര്‍ ഒപ്പുവെച്ചിരുന്നു. യമന്‍ സംഘര്‍ഷത്തിന് അയവു വരുമെന്ന വിലയിരുത്തലിനിടെയാണ് വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.