Sauditimesonline

watches

നൂറ്റാണ്ടിന്റെ ഗോളും ദൈവത്തിന്റെ കരസ്പര്‍ശവും

1982.
ലോകകപ്പ് വീണ്ടും യൂറോപ്പിലെത്തി. കാളപ്പോരിന്റെ നാടായ സ്‌പെയിനിലാണ് കാല്‍പ്പന്തുകളിയുടെ മാമാങ്കത്തിന് കൊടിയേറിയത്. ഫൈനല്‍ റൗണ്ടില്‍ 16 ന് പകരം 24 ടീമുകള്‍. കളിക്കാന്‍ ആരംഭിച്ച ലോകകപ്പ് ഇതാണ്. നാലു ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ആദ്യ റൗണ്ട്. ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാരെ മൂന്ന് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളിലാക്കി രണ്ടാം റൗണ്ട് മത്സരവും നടന്നു.

ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പെനാല്‍റ്റി ഷൂട്ടൗട്ട് ഉപയോഗിക്കേണ്ടി വന്നത് പന്ത്രണ്ടാം ലോകകപ്പിലായിരുന്നു. സെമി ഫൈനലില്‍ പശ്ചിമജര്‍മ്മനി ഫ്രാന്‍സിനെ മറികടന്നത് ഷൂട്ടൗട്ടിലൂടെ ആയിരുന്നു. പരുക്കന്‍ അടവുകള്‍ നിറഞ്ഞ ടൂര്‍ണമെന്റ് അതുകൊണ്ട് തന്നെ ഏറെ ചീത്ത പേര് കേട്ടു. ഇതിനെതിരെ അടുത്ത ലോകകപ്പ് മുതല്‍ കളി നിയമങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താന്‍ ഫിഫ നിര്‍ബന്ധിതരായ. ഇറ്റലി മൂന്നാമതും ലോകകപ്പ് ട്രോഫിയില്‍ മുത്തമിട്ടു. ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയായിരുന്നു എതിരാളികള്‍. ഫ്രാന്‍സിനെ തോല്പിച്ച് പോളണ്ട് മൂന്നാം സ്ഥാനം നേടി.

1986 ലെ ലോകകപ്പിന്റെ വേദിയായി കൊളംബിയ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സാമ്പത്തിക കാരണങ്ങളെ തുടര്‍ന്ന് പിന്മാറി. ഇതോടെ മെക്‌സിക്കോ വേദി ആയി. അങ്ങനെ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു രാജ്യം രണ്ടാം തവണയും ആതിഥേയരാകാനുള്ള അവസരം മെക്‌സിക്കോ നേടി.

മുന്‍ ലോകകപ്പില്‍ നിന്നു വ്യത്യസ്തമായി രണ്ടാം റൗണ്ടില്‍ ഗ്രൂപ്പുകള്‍ക്ക് പകരം നോക്കൗട്ട് മത്സരങ്ങള്‍ തുടങ്ങി. ആറ് ഗ്രൂപ്പുകളിലെയും ഒന്നും രണ്ടും സ്ഥാനക്കാരെ കൂടാതെ ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരും അവസാന 16ല്‍ ഇടം നേടി. ഇരുപത്തഞ്ച് വയസ്സുണ്ടായിരുന്ന ലോകതാരം മറഡോണയുടെ ലോകകപ്പായിരുന്നു പതിമൂന്നാം ലോകകപ്പ് എന്ന് നിസ്സംശയം പറയാം. ഇംഗ്ലണ്ടുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ച് ഇംഗ്ലീഷ് താരങ്ങളെ ഒറ്റയ്ക്ക് വെട്ടിച്ച് ദീര്‍ഘ ദൂരം ഡ്രിബിള്‍ ചെയ്ത് മറഡോണ നേടിയ ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ എന്നറിയപ്പെടുന്നു. കൂടാതെ ‘ദൈവത്തിന്റെ’ കരസ്പര്‍ശത്തിലൂടെ വിവാദമായ രണ്ടാമത്തെ ഗോളും ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഭാഗമായി.

തുടര്‍ച്ചയായി രണ്ടാമതും ഫൈനലില്‍ കടന്ന പശ്ചിമ ജര്‍മ്മനിയെ 3-2 ന് തോല്പിച്ച് അര്‍ജന്റീന രണ്ടാം ലോക കപ്പ് വിജയം കരസ്ഥമാക്കി. മറഡോണ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബാള്‍ പുരസ്‌കാരം നേടി. ബെല്‍ജിയത്തെ 4-2 ന് തോല്പിച്ച ഫ്രാന്‍സ് മൂന്നാം സ്ഥാനക്കാരായി. സ്‌റ്റേഡിയങ്ങളെ ഇളക്കി മറിച്ച മെക്‌സിക്കന്‍ വേവ് എന്ന കാണികളുടെ ആഘോഷത്തിന് തുടക്കം കുറിച്ചത് ഈ ലോകകപ്പിലാണ്. ഇന്നത് ഫുട്‌ബോളില്‍ മാത്രമല്ല, എല്ലാ കായിക വിനോദങ്ങളിലും കളിക്കാര്‍ക്ക് ആവേശം പകരുന്നുണ്ട്.

1990ലെ പതിനാലാം ലോകകപ്പിന് ഇറ്റലിയായിരുന്നു വേദി. പ്രതിരോധത്തില്‍ ഊന്നിയുള്ള കളിതന്ത്രങ്ങള്‍ കാരണം ചരിത്രത്തില്‍ തന്നെ ഏറ്റവും കുറവ് ഗോളുകള്‍ പിറന്ന ലോകകപ്പായിരുന്നു അത്. അടുത്ത ലോകകപ്പില്‍ വിജയികള്‍ക്ക് രണ്ടിന് പകരം മൂന്ന് പോയിന്റ് നല്‍കാനുള്ള തീരുമാനം ഇതേ തുടര്‍ന്നായിരുന്നു. കൂടാതെ ഓഫ് സൈഡ്, ബാക്ക് പാസ്സ് നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തി.

ഏറ്റവും മോശം പ്രകടനം നടത്തിയ ലോകകപ്പ് എന്ന ചീത്ത പേര് പതിനാലാം ലോകകപ്പിനാണ്. എങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ വരെ എത്തിയ കാമറൂണ്‍ എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ കുതിപ്പും അതിന് കാരണമായ റോജര്‍ മില്ല എന്ന വെറ്ററന്‍ താരത്തിന്റെ മിന്നുന്ന ഗോളുകളും കാണികളുടെ മനസ്സില്‍ ഇടം നേടി. പശ്ചിമ ജര്‍മ്മനി മൂന്നാമതും ട്രോഫിയില്‍ മുത്തമിട്ടു. ഫൈനലില്‍ അര്‍ജന്റീനയായിരുന്നു എതിരാളികള്‍ (1-0). 1986 ഫൈനലിലേറ്റ പരാജയത്തിന്റെ മധുര പ്രതികാരം. ഇംഗ്ലണ്ടിനെ തോല്പിച്ച് ആതിഥേയര്‍ മൂന്നാം സ്ഥാനം നേടി.

അടുത്ത ലോകകപ്പിന്റെ വേദിയായി തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കന്‍ ഐക്യ നാടുകളായിരുന്നു. ഫുട്‌ബോള്‍ അത്രയൊന്നും ജനപ്രിയമല്ലാത്ത രാജ്യത്തെ 1996 ലെ പതിനഞ്ചാം പതിപ്പിന്റെ ആതിഥേയരായി തെരഞ്ഞെടുത്തതില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എങ്കിലും ചരിത്രത്തിലെ ഏറ്റവും ലാഭകരമായ ലോകകപ്പ് ടൂര്‍ണമന്റായിരുന്നു 1996 ലേത്.

ഉത്തേജക മരുന്നില്‍ കുടുങ്ങി സൂപ്പര്‍ താരം മറഡോണ പുറത്തായത് ആരാധകരെ കടുത്ത നിരാശയിലാക്കി. അമേരിക്കയ്‌ക്കെതിരെ നിര്‍ണ്ണായക മത്സരത്തില്‍ സെള്‍ഫ് ഗോള്‍ വഴങ്ങിയതിനാല്‍ കൊളംബിയ ടൂര്‍ണ്ണമെന്റില്‍ നിന്നു പുറത്തായി. ഇതിന് കാരണക്കാരനായ കൊളംബിയന്‍ താരം ആന്‍ഡ്രിയാസ് എസ്‌കോബാറിനെ അക്രമികള്‍ വെടി വെച്ച് കൊലപ്പെടുത്തിയത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു.

കഴിഞ്ഞ ലോകകപ്പുകളിലൊന്നും ഒരു കളി പോലും വിജയിച്ചിട്ടില്ലാത്ത ബള്‍ഗേറിയ സെമി ഫൈനല്‍ വരെ നീണ്ട വിജയക്കുതിപ്പിലൂടെ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി. സെമിയില്‍ ബള്‍ഗേറിയയെ മറികടന്ന് ഇറ്റലിയും സ്വീഡനെ തോല്പിച്ച് ബ്രസീലും ഫൈനലിലെത്തി. മുമ്പ് മൂന്ന് തവണ വീതം ലോകകപ്പ് നേടിയ പരമ്പരാഗത വൈരികളുടെ കലാശപ്പോരാട്ടം എക്‌സ്ട്രാ ടൈം വരെ ഗോള്‍ രഹിതമായിരുന്നു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ബ്രസീല്‍ നാല് തവണ കപ്പടിക്കുന്ന ആദ്യ ടീമായി. സ്വീഡനായിരുന്നു മൂന്നാം സ്ഥാനം.

ആദ്യ റൗണ്ടില്‍ തന്നെ രണ്ട് ടീമുകളും പുറത്തായെങ്കിലും റഷ്യ കാമറൂണ്‍ പോരാട്ടം രണ്ട് റക്കാര്‍ഡുകള്‍ സൃഷ്ടിച്ച് ചരിത്രത്തില്‍ ഇടം നേടി. റഷ്യ നേടിയ 6-1 വിജയത്തില്‍ ഒലെഗ് സാലെങ്കോ നേടിയ അഞ്ചു ഗോളുകള്‍ ഒരു ലോകകപ്പ് മത്സരത്തില്‍ മുമ്പും പിമ്പും ആര്‍ക്കും എത്തിപ്പിടിക്കാനായിട്ടില്ല. കാമറൂണിന്റെ ആശ്വാസ ഗോള്‍ നേടിയ 42 കാരന്‍ റോജര്‍ മില്ല ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായും റക്കോര്‍ഡ് നേടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top