Sauditimesonline

watches

കരുത്തിലേക്ക് കുതിച്ച് ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധം

ദല്‍ഹി: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. ജി20 ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷം കിരീടാവകാശി ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് ഒരു ദിവസം തങ്ങിയിരുന്നു. ഉഭയകക്ഷി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ ഉച്ചകോടിയില്‍ രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്തു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്ത്യ-സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ 45 ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ ഇരു രാജ്യങ്ങളിലും ഓഫീസുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.

വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം, സൗദി നിക്ഷേപ മന്ത്രാലയം എന്നിവ സംയുക്തമായാണ് ഇന്ത്യസൗദി അറേബ്യ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിന് വേദി ഒരുക്കിയത്. ഇതിന്റെ ഭാഗമായിരുന്നു ഉഭയകക്ഷി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ ചേര്‍ന്നത്. ഇരുരാജ്യങ്ങളില്‍ നിന്നുമായി അഞ്ഞൂറിലധികം കമ്പനികള്‍ പങ്കെടുത്തു. ഇന്ത്യക്കും സൗദി അറേബ്യയ്ക്കുമിടയിലെ പ്രഥമ ഔപചാരിക ചര്‍ച്ചക്കാണ് വേദിയായത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ വിവിധ മേഖലകളില്‍ ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് സൗദി അറേബ്യ നേരത്തെ നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം നടന്നത്.

ഇന്ത്യസൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിന്റെ മന്ത്രിതല യോഗത്തില്‍ കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ്, ഉപഭോക്തൃകാര്യ, ഭക്ഷ്യപൊതുവിതരണ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി പീയൂഷ് ഗോയലും സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹും സംയുക്തമായി അധ്യക്ഷത വഹിച്ചു.

നിക്ഷേപ പ്രോത്സാഹിപ്പിക്കുന്നതിന് രണ്ട് രാജ്യങ്ങളുടെയും ഏജന്‍സികളുടെ സഹകരണം വര്‍ധിപ്പിക്കുകയും ഇതിനായി ഓഫീസുകള്‍ സ്ഥാപിക്കുകയും ചെയ്യും. ഇന്ത്യയിലേക്ക് നേരിട്ടുള്ള നിക്ഷേപം പരിഗണിക്കും. ഇതിനായി സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ട് പ്രോത്സാഹനം വഴി സ്റ്റാര്‍ട്ടപ്പുകളിലും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപം നടത്തും.

സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ സാമ്പത്തിക നിക്ഷേപ സമിതിക്ക് കീഴില്‍ കണ്ടെത്തിയ പങ്കാളിത്ത സാധ്യതകള്‍ എത്രയും വേഗം നടപ്പിലാക്കുന്നതിന് മന്ത്രിതല ചര്‍ച്ചക്കു കഴിഞ്ഞു. ഭക്ഷ്യ സംസ്‌കരണം, ലോജിസ്റ്റിക്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യ സംരക്ഷണം, ഊര്‍ജം, പുനരുപയോഗ ഊര്‍ജം, നൈപുണ്യ വികസനം, ബഹിരാകാശം എന്നീ രംഗങ്ങളിലെ സഹകരണ സാധ്യതകളും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.

കിരീടാവകാശിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒരുക്കിയ അത്താഴ വിരുന്നില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top