Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

ആലപ്പുഴ കളക്ടര്‍ നിയമനം: ‘പ്രതിഷേധകൂട്ടം’ റിയാദില്‍

റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിന് ഉത്തരവാദി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ പ്രതിഷേധിച്ചു.

‘ഒപ്പമില്ല കേരളം, കളങ്കിതനെ മാറ്റുക’ എന്ന പ്രമേയത്തില്‍ ബത്ഹ അല്‍ മാസ് ഓഡിറ്റോറിയത്തിലായിരുന്നു പ്രതിഷേധകൂട്ടം. സര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തിനെതിരെ പ്രവാസ ലോകത്തെ അമര്‍ഷവും വിയോജിപ്പും പ്രതിഫലിക്കുന്ന പ്രതിഷേധത്തില്‍ വഴിവിട്ട നിയമനത്തിനെതിരെ കടുത്ത ഭാഷയില്‍ മുദ്രാവാക്യം മുഴക്കി.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സൈഫുദ്ധീന്‍ ഹാജി പ്രതിഷേധകൂട്ടം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്തിന്റെയും മാധ്യമ പ്രവര്‍ത്തകരുടെയും ബഷീറിന്റെ സുഹൃത്തുക്കളുടേയും സമ്മര്‍ദ്ധത്തിന്റെ ഫലമായി ആദ്യ ഘട്ടത്തില്‍ നല്ല നിലയില്‍ കേസ് കൈകാര്യം ചെയ്ത സര്‍ക്കാര്‍ പിന്നീട് നിലപാട് മാറ്റി. ഇത് എന്തിന്റെ പേരിലാണെന്നു വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വേ ഡയറക്ടറായി നിയമിതനായത്തിന്റെ ഭാഗമായി പെണ്‍സുഹൃത്തിനൊപ്പം നടത്തിയ ആഘോഷ തിമിര്‍പ്പില്‍, കുടിച്ചു കൂത്താടി കാറോടിച്ചാണ് അയാള്‍ ബഷീറിനെ കൊന്നത്. ഐ എ എസ് ഓഫീസര്‍ക്ക് കിട്ടാവുന്ന എല്ലാവിധ പിന്തുണയും നേടിയെടുത്ത വെങ്കിട്ടരാമന്‍, കേസില്‍ നിന്ന് രക്ഷപെടാനുള്ള എല്ലാ വഴികളും ഒരുക്കി. കേരള മുസ്ലിം ജമാഅത്തിന്റെ നിരന്തരമായ ഇടപെടല്‍ വഴി ശരിയായ രീതിയില്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞു. എ ഡി ജി പി യുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണം കൃത്യ സമയത്ത് തന്നെ പൂര്‍ത്തിയാക്കി. കേസിന്റെ ഗൗരവം മനസിലാക്കി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തു. ഇതിനിടയില്‍ അനാവശ്യമായി വകുപ്പ് തല അന്വേഷണം നടത്തുകയും ദുര്‍ബല ന്യായങ്ങള്‍ അവതരിപ്പിച്ചും ഉന്നത പദവികളില്‍ പ്രതിഷ്ഠിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ധൃതി അനുവദിച്ചു നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഐ സി എഫ് റിയാദ് സെന്‍ട്രല്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ന്യായീകരിക്കാന്‍ കഴിയാത്ത അനാസ്ഥയാണ് കെ എം ബഷീര്‍ കൊലപാതക കേസില്‍ ഉണ്ടായിരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നസറുദ്ദീന്‍ വി ജെ, നവാസ് വെളളിമാട്കുന്ന്, (ഒഐസിസി), ഷാഫി മാസ്റ്റര്‍ (കെഎംസിസി) ലുക്മാന്‍ പാഴൂര്‍ (ഐസിഎഫ്), സുഹൈല്‍ നിസാമി (ആര്‍എസ്‌സി) എന്നിവര്‍ പ്രസംഗിച്ചു. ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് സംഘടനാ കാര്യ സെക്രട്ടറി അഷറഫ് ഓച്ചിറ സംഗ്രഹം നടത്തി.

ഐ സി എഫ് നാഷണല്‍ വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് ഉമര്‍ പന്നിയൂര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു ഐ സി എഫ് റിയാദ് അഡ്മിന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ സമിതി പ്രസിഡണ്ട് ഹസൈനാര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ജബ്ബാര്‍ കുനിയില്‍ സ്വാഗതവും സംഘടന കാര്യ പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് മിസ്ബാഹി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top