റിയാദ്: രുചിക്കൂട്ടുകളുടെ പുത്തന്‍ അനുഭവം സമ്മാനിച്ച ‘ഇന്‍ഫ്‌ളേവര്‍’ ഫുഡ് എക്‌സിബിഷന്‍ റിയാദില്‍ സമാപിച്ചു. സൗദി ജല, കൃഷി, പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര ഭക്ഷ്യമേള അരങ്ങേറിയത്. ലുലു ഗ്രൂപ്പ് ഉള്‍പ്പെടെയുളള ഇന്ത്യന്‍ കമ്പനികളും മേളയില്‍ ശ്രദ്ധനേടി.
സൗദി നിര്‍മിത ബ്രാന്റുകളും സ്വകാര്യ മേഖലയിലെ വൈവിധ്യമാര്‍ന്ന ഭക്ഷ്യോല്‍പന്നങ്ങളുമായി എക്‌സ്‌പോയില്‍ സാന്നിധ്യമറിയിച്ച ലുലുവിന്റെ സ്റ്റാള്‍ ആയിരക്കണക്കിന് പ്രേക്ഷകരുടെ മനം കവര്‍ന്നു. ഗുണനിലവാരത്തിലും ഉപഭോക്തൃസേവനത്തിലും എക്കാലത്തും മുന്‍പന്തിയില്‍ നിന്നിട്ടുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളെ എക്‌സ്‌പോയിലെ ലുലു പവലിയന്‍ സന്ദര്‍ശിച്ച സൗദി ജല, കൃഷി, പരിസ്ഥിതി ഡെപ്യൂട്ടി മന്ത്രി അഹമ്മദ് സാലെഹ് അല്‍ഇയാദ പ്രശംസിച്ചു.
വിപണി സാധ്യതയെക്കുറിച്ചും ഉപഭോക്താക്കളുടെ സംതൃപ്തിയെക്കുറിച്ചും അവബോധമുള്ള ലുലു ഗ്രൂപ്പ് ഏത് വിധമാണ് പ്രതിബദ്ധതയോടെ ഭക്ഷ്യവിപണിയില്‍ അല്‍ഭുതങ്ങള്‍ സൃഷ്ടിച്ചതെന്ന് ലുലു വക്താക്കള്‍ വിശദീകരിച്ചു. സംസ്‌കരിച്ചെടുത്ത സമീകൃതാഹാരങ്ങള്‍, ബര്‍ഗര്‍, കബാബ്, ബിസ്‌ക്കറ്റ്, ചിപ്‌സ്, മുട്ട, വെണ്ണ പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയും ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള അലുമിനിയം ഫോയില്‍, ഫാബ്രിക് സോഫ്റ്റനറുകള്‍, വാഷിംഗ് പൗഡറുകള്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവയെക്കുറിച്ചും എക്‌സ്‌പോയിലെത്തിയ ജനങ്ങള്‍ക്ക് ലുലു സ്റ്റാളില്‍ നിന്ന് നേരിട്ടു മനസ്സിലാക്കാനായി.
അല്‍തയ്യിബ് ഇന്‍ര്‍നാഷനല്‍ ജനറല്‍ ട്രേഡിംഗുമായുള്ള പങ്കാളിത്തത്തിലൂടെ ഫ്രഷ് മാംസം, ശീതീകരിച്ച മാംസം എന്നിവയുടെ ഇറക്കുമതിയെക്കുറിച്ചുള്ള വിവരണങ്ങളും പ്രദര്‍ശന മേളയില്‍ ഒരുക്കിയിരുന്നു. ജി.സി.സിക്കകത്തും പുറത്തുമുള്ള ലുലു ശൃംഖലകളിലൂടെ സൗദിയില്‍ വളരുന്ന ഭക്ഷ്യോല്‍പന്നങ്ങളുടെ മാര്‍ക്കറ്റിംഗും ലുലുവിന്റെ പദ്ധതിയിലുണ്ട്. വ്യത്യസ്തതരം ഉല്‍പന്നങ്ങളുടെ 3000 മാതൃകകള്‍ കമനീയമായി അണിനിരത്തിയതിലൂടെ എക്‌സ്‌പോയിലെ സജീവസാന്നിധ്യമെന്ന നിലയില്‍ ആദരിക്കപ്പെടാന്‍ സാധിച്ചതായി ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.