അല്‍ ഖോബാര്‍: യു പിയില്‍ അരങ്ങേറുന്നത് ഹിന്ദുത്വ രാഷ്ട്രത്തിന്റെ പരീക്ഷണമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും എന്‍.സി.എച്ച്.ആര്‍.ഒ ദേശീയ സെക്രട്ടറിയുമായ റെനി ഐലിന്‍. മാധ്യമ പ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പനേയും കാംപസ്ഫ്രണ്ട് നേതാക്കളായ അതീഖുറഹ്മാന്‍, മസൂദ് അഹമ്മദ് എന്നീ വിദ്യാര്‍ത്ഥി നേതാക്കളെയും യുഎപിഎ ചുമത്തി ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖോബാര്‍ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിനെതിരെ ഭിന്നിപ്പില്ലാതെ യോജിച്ച മുന്നേറ്റം മാത്രമാണ് പരിഹാരമെന്നു പരിപാടിയില്‍ പങ്കെടുത്ത രാഷ്ട്രീയ, സാമൂഹിക, മാധ്യമ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
ഭരണകൂടം വിദ്യാര്‍ത്ഥികളെയും,പൗരാവകാശമനുഷ്യാവകാശ പ്രവര്‍ത്തകരെയും ജയിലലടച്ചപ്പോള്‍ മതേതരത്വത്തിന്റെ വക്താക്കള്‍ മൗനത്തിലായിരുന്നു. സിദ്ധീഖ് കാപ്പന്റെ കുടുംബത്തിന്റെ കണ്ണീരിന്റെ വില പ്രതിപക്ഷ പാര്‍ട്ടികള്‍ മനസ്സിലാക്കണമെന്നും സിദ്ധീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനറും ആക്ടിവിസ്റ്റുമായ ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്കു നേരെ ഭരണകൂടം നടത്തുന്ന പ്രതികാര നടപടികള്‍ക്കെതിരെ പൗരസമൂഹത്തില്‍ നിന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരാത്തത് ആശങ്കപ്പെടുത്തുന്നു. ഹഥ്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ധീഖ് കാപ്പനെതിരെയും വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരേയുമുള്ള യു എ പി എ പിന്‍വലിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
അബ്ദുള്‍ നാസര്‍ ഒടുങ്ങാട് (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), അബ്ദുള്‍ സലാം മാസ്റ്റര്‍ (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം), മുഹ്‌സിന്‍ ആറ്റാശ്ശേരി (പ്രവാസി സംസ്‌കാരിക വേദി), പി എം നജീബ് (ഒ ഐ സി സി), ആലിക്കുട്ടി ഒളവട്ടൂര്‍ (കെ എം സി സി), ബെന്‍സി മോഹന്‍ (നവയുഗം), മുജീബ് കളത്തില്‍ (ദമ്മാം മീഡിയ ഫോറം), അബ്ദുള്‍ റഹീം വടകര എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.