
ജിസാന്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്ന ഇന്ത്യക്കാരെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ വൈസ് കോണ്‍സല്‍ സയിദ് ഖുദറത്തുള്ള സന്ദര്‍ശിച്ചു. ജിസാനിലെ സാമൂഹിക പ്രവര്‍ത്തകരും അനുഗമിച്ചു. പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചവരെ ലേബര്‍ ക്യാമ്പുകളിലും സന്ദര്‍ശിച്ചു.

കോണ്‍സുലേറ്റ് കമ്യൂണിറ്റി വളന്റിയര്‍മാരായ ഷംസു പൂക്കോട്ടൂര്‍, താഹ കൊല്ലേത്ത്, സയിദ് കാശിഫ് എന്നിവരാണ് സംഘടത്തിലുണ്ടായിരുന്നത്.. ജിസാന്‍ ബെയ്ഷ് ഇകണോമിക് സിറ്റിയില്‍ തിങ്കളാഴ്ചയാണ് ഒരു മലയാളിയടക്കം ഒമ്പത് ഇന്ത്യക്കാരും ഇതര രാജ്യങ്ങളില്‍ നിന്നുളള ആറു പേരും മരിച്ച അപകടം ഉണ്ടായത്. തൊഴിലാളികള്‍ സഞ്ചരിച്ച മിനി ബസും ട്രയിലറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഒമ്പത് ഇന്ത്യാക്കാരുള്‍പ്പടെ 11 പേര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ് കിങ് ഫഹദ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ബീഹാര്‍ സ്വദേശി മുഹമ്മദ് മൊത്തീന്‍ ആലം, തെലങ്കാന സ്വദേശി ശ്രീധര്‍ അരീപ്പള്ളി, ബെയിഷ് ജനറല്‍ ആശുപത്രിയിലുള്ള ബിഹാര്‍ സ്വദേശി സന്തോഷ് കുമാര്‍ സോണി, ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് ജന്‍ഗിതി എന്നിവരെയാണ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചത്.

തലയ്ക്ക് ഗുരുതമായി പരിക്കോടെ അബോധാവസ്ഥയില്‍ കഴിയുന്ന മുഹമ്മദ് മൊത്തീന്‍ അപകടനില തരണം ചെയ്തു. ചികിത്സയിലുള്ള സഞ്ജയ് യാദവ്, ഷംനാദ് എന്നിവര്‍ അബഹ സൗദി ജര്‍മന്‍ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. മലയാളികളായ നിവേദ്, അക്ഷയ് ചന്ദ്രശേഖരന്‍ എന്നിവര്‍ ബെയ്ഷ് ജനറല്‍ ആശുപത്രിയില്‍നിന്നും അനിഖിത് ജിസാന്‍ കിങ് ഫഹദ് ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തവരില്‍ ഉള്‍പ്പെടും.
പരിക്കേറ്റ ഇന്ത്യാക്കാരില്‍ നാലുപേരാണ് ആശുപത്രിയില്‍ തുലുള്ളത്. എ.സി.ഐ.സി സര്‍വിസ് കമ്പനിയുടെ 26 ജീവനക്കാര്‍ യാത്രചെയ്ത മിനി ബസിലേക്ക് അമിതവേഗതയിലെത്തിയ ട്രെയിലര്‍ ഇടിച്ചുകയറുകയായിരുന്നു.

15 പേര്‍ സംഭവസ്ഥലത്ത് മരിച്ചു. കൊല്ലം കേരളപുരം സ്വദേശിയും കമ്പനിയിലെ ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനീയറുമായ വിഷ്ണു പ്രസാദ് പിള്ള (31)യാണ് മരിച്ച മലയാളി. കമ്പനിയിലെ സേഫ്റ്റി ഓഫീസര്‍മാരായ കണ്ണൂര്‍ സ്വദേശി നിവേദ്, എടപ്പാള്‍ സ്വദേശി അക്ഷയ് ചന്ദ്രശേഖരന്‍ എന്നിവരാണ് പരിക്കേറ്റ മലയാളികള്‍. ഗുജറാത്ത് സ്വദേശികളായ ദിനകര്‍ ഭായ്, മുസഫര്‍ ഹുസൈന്‍ ഖാന്‍, ബിഹാര്‍ സ്വദേശികളായ സക്ലാന്‍ ഹൈദര്‍, താരിഖ് ആലം, മുഹമ്മദ് മുഹ്ത്താഷിം, തെലങ്കാന സ്വദേശി മഹേഷ് കപള്ളി, ഉത്തരാഖണ്ഡ് സ്വദേശികളായ പുഷ്‌കര്‍ വിങ്, മഹേഷ് ചന്ദ്ര എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍.

ഒമ്പത് ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലയക്കും. ഡിസ്ചാര്‍ജായി ക്യാമ്പില്‍ വിശ്രമിക്കുന്നവരെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലയക്കുന്നതിനു കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം നല്‍കുമെന്നുും വൈസ് കോണ്‍സല്‍ സയ്യിദ് ഖുദറത്തുള്ള അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.