
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് പ്രവാസി മലയാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ഇസ്മ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ‘പരിരക്ഷ 2025’ ത്രൈമാസ ആരോഗ്യ ക്യാമ്പയിന്‍ ആരംഭിച്ചു. ഫെബ്രുവരി 14ന് ഇസ്മ മെഡിക്കല്‍ സെന്ററില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത 300 പേര്‍ക്ക് ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ നടക്കുന്ന ക്യാമ്പില്‍ ഹൃദയം, കിഡ്‌നി, കണ്ണ് എന്നിവയുള്‍പ്പെടെയുള്ള പരിശോധന നടക്കും. മലയാളി നേത്ര രോഗ വിദഗ്ധര്‍ ഉള്‍പ്പെടെ പ്രഗല്‍ഭരയാ ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാക്കും.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കു ഒരു വര്‍ഷം മാസത്തില്‍ ഒരിക്കല്‍ സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും അടിസ്ഥാന ആരോഗ്യ പരിശോധനകളും ലഭിക്കും. ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്കും വിസിറ്റിംഗ് വിസക്കാര്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. റിയാദിന്റെ ഏത് ഭാഗത്തു നിന്നും മെട്രോയില്‍ ക്യാമ്പില്‍ എത്തിച്ചേരാം. കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മെട്രോ റെഡ് ലൈനിലെ സ്‌റ്റേഷന്‍ നമ്പര്‍ 23ല്‍ നിന്നു നൂറ് മീറ്റര്‍പരിധിയിലാണ് ഇസ്മാ മെഡിക്കല്‍ സെന്റര്‍.

ഏപ്രില്‍ 25ന് വൈകുന്നേരം 7ന് സുലൈ വൈറ്റ് പാലസ് വിശ്രമ കേന്ദ്രത്തില്‍ ആരോഗ്യ പരിശീലകരുടെ നേതൃത്വത്തില്‍ വെല്‍നസ് വര്‍ക്ക്‌ഷോപ്പ് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് പ്രവാസികള്‍ക്കിടയിലെ തൊഴില്‍ കേസുകള്‍, ജയില്‍ കേസുകള്‍, മരണ കേസുകള്‍, നിയമപരമായ പ്രശ്‌നങ്ങള്‍ എല്ലാം കൈകാര്യം ചെയ്യുന്നതിന് വ്യത്യസ്ത ടീമുകളായി തിരിച്ച് 16 മണ്ഡലങ്ങളില്‍ നിന്നായി പ്രാപ്തരായ 90 വളണ്ടിയേഴ്‌സും ”ഡ്യൂ ഡ്രോപ്‌സ് ” എന്നപേരില്‍ നൂറിലധികം വളണ്ടിയേഴ്‌സിനെ ഉള്‍പ്പെടുത്തി രക്തദാന സേനയും വെല്‍ഫെയര്‍ വിങ്ങിന് കീഴില്‍ സജ്ജമാണ്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ‘ദി വോയേജ് ‘ ക്യാമ്പയിനിന്റെ ഭാഗമായാണ് വെല്‍ഫെയര്‍ വിംഗ് ‘പരിരക്ഷ 2025 ‘ ആരോഗ്യ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

2018 മാര്‍ച്ച് മാസത്തിലെ ലോക കിഡ്‌നി ദിനത്തില്‍ തുടങ്ങിയ ‘പരിരക്ഷ’ ക്യാമ്പയിന്‍ വഴി, വെല്‍ഫെയര്‍ വിംഗ് മുന്‍ വര്‍ഷങ്ങളില്‍ ബത്ഹയിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കിന്റെ സഹായത്തോടെ നടത്തിയ കിഡ്‌നി പരിശോധനയില്‍ റിയാദ് നഗരത്തിലെ കുറഞ്ഞ വേതനം ലഭിക്കുന്ന പ്രവാസി മലയാളികളില്‍ നിരവധി പേര്‍ക്ക് വൃക്ക രോഗത്തെക്കുറിച്ച് അറിയുവാന്‍ കഴിഞ്ഞു. ഇതുവഴി പ്രാഥമിക ചികിത്സ നേടുവാനും സാധിച്ചിട്ടുണ്ട്. തുടര്‍ ചികിത്സയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിഞ്ഞു. പദ്ധതിയുടെ വിജയമാണ് വെല്‍ഫെയര്‍ വിംഗിനെ ക്യാമ്പയിന്‍ തുടരാന്‍ പ്രേരിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ ഇസ്മ മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് വി എം, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ഫാഹിദ് സി കെ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്, ട്രഷറര്‍ മുനീര്‍ വാഴക്കാട്, വെല്‍ഫെയര്‍ വിംഗ് ഭാരവാഹികളായ ജാഫര്‍ വീമ്പൂര്‍, ഇസ്മായില്‍ പടിക്കല്‍, ഹാഷിം കോട്ടക്കല്‍, എന്നിവര്‍ പങ്കെടുത്തു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.