‘കലാലയം’ റിയാദ് സോണ്‍ സാഹിത്യോത്സ് ഒക്‌ടോ. 20ന്

റിയാദ്: കലാലയം സാംസ്‌കാരിക വേദിയുടെ പതിമൂന്നാമത് ‘എ’ ഡിഷന്‍ പ്രവാസി സാഹിത്യോത്സവ് ഒക്ടോബര്‍ 20ന് നടക്കും. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) റിയാദ് സോണ്‍ മത്സരങ്ങള്‍ രാവിലെ 8ന് സുലൈ റീമാസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കലാ,സാഹിത്യ രംഗത്ത് പ്രവാസി വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയിലെ സര്‍ഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സാഹിത്യോത്സവ്. 66 യൂനിറ്റ് മത്സരങ്ങളും 16 സെക്ടര്‍ മത്സരങ്ങളും പൂര്‍ത്തിയാക്കിയാണ് സോണ്‍ തല മത്സരങ്ങള്‍.

കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായി 87 ഇനങ്ങളില്‍ നാനൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍, പ്രസംഗങ്ങള്‍, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിന്‍ ഡിസൈന്‍, കവിത, കഥ, പ്രബന്ധം തുടങ്ങി സ്‌റ്റേജ്, സ്‌റ്റേജിതര മത്സരങ്ങള്‍ നാല് വേദികളില്‍ അരങ്ങേറും. സ്‌പെല്ലിംഗ് ബീ, ട്രാന്‍സ്ലേഷന്‍, തീം സോങ് രചന, ഫീച്ചര്‍ രചന, ഖസീദ, കോറല്‍ റീഡിംഗ് എന്നിവ ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയയ മത്സര ഇനങ്ങളാണ്.

സാഹിത്യോത്സവിന്റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ഉമര്‍ മുസ്‌ലിയാര്‍ പന്നിയൂര്‍, അബ്ദുല്‍ അസീസ് സഖാഫി, സുഹൈല്‍ നിസാമി, ശുഹൈബ് സഅദി, ഇബ്രാഹിം ഹിമമി എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply