റിയാദ്: ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാടിന് അടിയന്തിര സഹായമായി റിയാദ് കേളി കലാസാംസകാരിക വേദി പത്ത് ലക്ഷം രൂപ നല്‍കുമെന്ന് കേളി സെക്രട്ടറിയേറ്റ്. ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നാട്ടില്‍ അവധിയിലുള്ള പ്രവര്‍ത്തകരും പങ്കാളികളാകാന്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ആഹ്വാനം ചെയ്തു. ദുരന്തത്തിന്റെ വ്യാപ്തിയും മരണ സംഖ്യയും ഒന്നും വ്യക്തമായിട്ടില്ല. എങ്കിലും അടിയന്തിര സഹായമായി ആദ്യ ഗഡുവാണ് സഹായമെന്നും കേളി വ്യക്തമാക്കി.
സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്. വിറങ്ങലിച്ചു നില്‍ക്കുന്ന കേരളത്തെ സഹായിക്കുന്നതിന് ഓരോ മനുഷ്യസ്‌നേഹികളും രംഗത്തിറങ്ങണം. കര്‍ണാടകയിലെ ഷിഗൂറില്‍ മണ്ണിടിച്ചിലിന്റെ ഇരയായ അര്‍ജുന്‍ നോവായ് നില്‍ക്കുന്നതിനിടയിലാണ് കേരളത്തെ കണ്ണീരിലാഴ്ത്തി ദുരന്തം വന്നു കയറിയത്. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കേളി പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.