റിയാദ്: സുഹൃത്തിന്റെ ചതിയില്‍പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ദുരിതത്തിലായ തിരുവനന്തപുരം സ്വദേശിക്ക് പ്രവാസി കൂട്ടായ്മ തുണയായി. പണമിടപാടില്‍ ജാമ്യം നിന്ന വര്‍ക്കല നടയറ യൂനസ് കുഞ്ഞ് നാസറിന് റിയാദ് ബദിയ കേളി കലാ സാംസ്‌കാരിക വേദിയാണ് ജാമ്യ തുകയും നിയമ സഹായവും നല്‍കിയത്.
റിയാദിലെ റബുവ ഖലീജില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് സുഹൃത്തിന്റെ പണമിടപാടില്‍ യൂനസ് കുഞ്ഞ് നാസര്‍ ജാമ്യം നിന്നത്. സുഹൃത്ത് മുങ്ങിയതോടെ ഭീമമായ സംഖ്യയുടെ ബാധ്യത ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായി. പണമടക്കാന്‍ കഴിയാതെ വന്നതോടെ ആഭ്യന്തര മന്ത്രാലയം മോസ്റ്റ് വാണ്ടഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഇതോടെ താമസാനുമതി രേഖയായ ഇഖാമ പുതുക്കാനും നാട്ടിലേക്ക് മടങ്ങാനും കഴിയാതെ വന്നു. പണമിടപാടായതിനാല്‍ തൊഴിലുടമയും കയ്യൊഴിഞ്ഞു. 5 വര്‍ഷമായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ അസുഖ ബാധിതനായി ചികിത്സയിലായതോടെ കൂടുതല്‍ ദുരിതത്തിലായി.
കേളി ബദിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവശ്യമായ തുക സമാഹരിച്ചു. ലീഗല്‍ അഡൈ്വസര്‍ ജമാന്‍ ഫൈസല്‍ ഗഹത്താനിയുടെ സഹായത്തോടെ തുക കോടതിയില്‍ കെട്ടിവെച്ചു. യൂനസ് കുഞ്ഞ് നാസറിനെതിരെ റെന്റ് കാര്‍ കമ്പനി നല്‍കിയ മറ്റൊരു പരാതിയില്‍ 17,000 റിയാല്‍ കുടിശ്ശിക ഉണ്ടായിരുന്നു. ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ 3000 റിയാലും കോടതി ചെലവും നല്‍കിയാല്‍ കേസ് പിന്‍വലിക്കാമന്ന് റെന്റ് എ കാര്‍ കമ്പനി സമ്മതിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ബാബു ജെസ്‌കോ പണമടച്ചു. ഇതോടെയാണ് ഫൈനല്‍ എക്‌സിറ്റിന് വഴിയൊരുങ്ങിയത്.
ബദിയയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ലളിതമായി നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഏരിയ ജോയിന്റ് സെക്രട്ടറി കിഷോര്‍ ഇ. നിസാം ടിക്കറ്റ് നാസറിന് കൈമാറി. ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കേളി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, ഏരിയ രക്ഷാധികാരി കണ്‍വീനര്‍ അലി കെ.വി, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ മധു പട്ടാമ്പി, ജനകീയ കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍, കണ്‍വീനര്‍ സത്യവാന്‍, കേളി സുവേദി യുണിറ്റ് സെക്രട്ടറി സുധീര്‍ സുല്‍ത്താന്‍, ട്രഷറര്‍ നിയാസ്, ഏരിയ ജീവകാരുണ്യ കമ്മറ്റി ചെയര്‍മാന്‍ ജാര്‍നെറ്റ് നെല്‍സന്‍ എന്നിവര്‍ സംസാരിച്ചു. യൂനിസ് കുഞ്ഞ് നാസര്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.