റിയാദ് : സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ കേളി സെക്രട്ടറിയേറ്റ് അനുശോചനം അറിയിച്ചു.
സിപിഐ എം സെക്രട്ടറിയേറ്റ് അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, അപ്പക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിക്കുന്നതിനിടയിലാണ് അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചന്നത്. മൂന്ന് തവണ ആറ്റിങ്ങല്‍ എംഎല്‍എ ആയിരുന്നു. കൂലി വര്‍ദ്ധനവിന് 1954ല്‍ നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. സംഘടനാ പ്രവര്‍ത്തനത്തിനായി ജോലി ഉപേക്ഷിച്ചു സമരം നയിച്ചു. അടിയന്തിരാവസ്ഥാ കാലത്ത് ഒന്നര വര്‍ഷം ഒളിവിലും പിന്നീട് അറസ്റ്റിലുമായി. അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനു ശേഷമാണ് ജയില്‍മോചിതനായത്.
ത്യാഗപൂര്‍ണമായ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറ പഠന വിധേയമാക്കണമെന്നും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കണമെന്നും സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പില്‍ പറഞ്ഞു. ഇന്ത്യന്‍ ജനത എല്ലാ തരത്തിലുമുള്ള ചൂഷണങ്ങളും അടിച്ചമര്‍ത്തലുകളും നേരിടുന്ന സമയത്താണ് അദ്ദേഹത്തെ പോലുള്ള ധീരരായ സമര പോരാളികള്‍ നമ്മെ വിട്ടു പിരിയുന്നത്. പുതിയ കാലഘട്ടത്തെ അതിജീവിക്കാന്‍ അദ്ദേഹത്തെ പോലുള്ളവര്‍ കാണിച്ചു തന്ന പാതയിലൂടെ മുന്നോട്ട് നീങ്ങാന്‍ കേളി സെക്രട്ടറിയേറ്റ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെയും പ്രസ്ഥാനത്തിന്റെയും ദുഃഖത്തില്‍ കേളിയും പങ്ക് ചേരുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.