
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ‘കേളി കുടുംബ സുരക്ഷാ’ പദ്ധതി വിശദീകരണ യോഗം സംഘടിപ്പിച്ചു. ബത്ഹ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേളി ഓഫീസില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഏരിയ പ്രസിഡന്റ് ഷഫീക്ക് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍ ധനുവച്ചപുരം ആമുഖപ്രസംഗം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം പദ്ധതി വിശദീകരിച്ചു.

സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നു പങ്കാളികളായവരുടെ സംശയങ്ങള്‍ക്ക് പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ മറുപടി പറഞ്ഞു. മലയാളി പ്രവാസികള്‍ക്കായി ആരംഭിച്ച പദ്ധതിയില്‍ സമീപ ജില്ലകളിലെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്കും പങ്കാളികളാകാം. പൂര്‍ണ്ണമായും ഇന്ത്യന്‍ നിയമാവലിക്ക് അനുസൃതമായി നടപ്പിലാക്കിയിട്ടുള്ള പദ്ധതി 1,250 രൂപ നിക്ഷേപിച്ചു ആര്‍ക്കും പങ്കാളികളാകാം. പദ്ധതിയില്‍ അംഗമായവര്‍ ഒരു വര്‍ഷത്തിനിടെ ജീവഹാനി സംഭവിച്ചാല്‍ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ സഹായം ലഭിക്കും. എല്ലാ വര്‍ഷവും അംഗത്വം പുതുക്കുന്നവര്‍ക്ക് വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളും ആനുകൂല്യമായി ലഭിക്കും.

വിവിധ സ്ഥാപനങ്ങള്‍ അംശാദായം അടച്ചു ജീവനക്കാരെ പൂര്‍ണ്ണമായും പദ്ധതിയില്‍ ചേര്‍ക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളത് പദ്ധതിയുടെ സ്വീകാര്യതയാണെന്ന് കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോസ് തയ്യില്‍ പറഞ്ഞു.

കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടയി, പ്രഭാകരന്‍ കണ്ടോന്താര്‍, ഷമീര്‍ കുന്നുമ്മല്‍, ജോസഫ് ഷാജി, കേളി വൈസ് പ്രസിഡണ്ട് രജീഷ് പിണറായി, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിമാരായ മോഹന്‍ ദാസ്, സെന്‍ ആന്റണി എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏരിയാ കമ്മറ്റി അംഗം ഫക്രുദ്ദീന്‍ സ്വാഗതവും കേന്ദ്ര കമ്മറ്റി അംഗവും ഏരിയ ട്രഷററുമായ ബിജു തായമ്പത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.