കേളി ഫുട്‌ബോള്‍ സമ്മാന പദ്ധതി: 13 സ്‌കൂട്ടറുകളും 132 ഗ്രാം സ്വര്‍ണവും വിതരണം ചെയ്തു

റിയാദ്: പത്താമത് കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സമ്മാന കൂപ്പണ്‍ വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. റിയാദ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മാനദാനത്തില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.

കുദു മാര്‍ക്കറ്റിങ് മാനേജര്‍ പവിത്രന്‍, ചെറീസ് റെസ്‌റ്റോറന്റ് എംഡി സജി ജോര്‍ജ് എന്നിവര്‍ സന്നിഹിതരായി. കേളി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സമ്മാനപദ്ധതി. കഴിഞ്ഞ ഒന്‍പത് തവണയും വ്യത്യസ്ഥങ്ങളായ സമ്മാന പദ്ധതികളാണ് കേളി ഏര്‍പ്പെടുത്തിയത്. കറി പൗഡര്‍, എയര്‍ ടിക്കറ്റ് എന്നിങ്ങനെയായിരുന്നു സമ്മാനങ്ങള്‍. പിന്നീട് ഒന്നാം സമ്മാനം കാറും പത്ത് പവന്‍ സ്വര്‍ണ്ണവും 14 സ്‌കൂട്ടറുകളും സമ്മാനിച്ചു. പത്താമത് ടൂര്‍ണമെന്റിന്റെ ഭാഗമായി 13 സ്‌കൂട്ടറുകളും 132 ഗ്രാം സ്വര്‍ണ്ണവും 26 പേര്‍ക്ക് സമ്മാനിച്ചു. കൂടാതെ ഏരിയാ തലത്തില്‍ നൂറിലേറെ സമ്മാനങ്ങള്‍ വേറെയും ഏര്‍പ്പെടുത്തിയിരുന്നു.

കേളിയുടെ 12 ഏരിയ കമ്മറ്റികളുടെ കീഴിലും കുടുംബ വേദിയുടെ കീഴിലും ഒന്നാം സമ്മാനമായി ഒരു സ്‌കൂട്ടറും രണ്ടാം സമ്മാനമായി സ്വര്‍ണ്ണ നാണയവും സമ്മാനിക്കും. സ്‌കൂട്ടറുകള്‍ നാട്ടിലാണ് വിതരണം ചെയ്യുക. പ്രതീകാത്മകമായി ചടങ്ങില്‍ താക്കോലുകള്‍ കൈമാറി. കേളി രക്ഷാധികാരി അംഗങ്ങള്‍, കേന്ദ്രകമ്മറ്റി അംഗങ്ങള്‍, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവരും വളണ്ടിയറായി സേവനമനുഷ്ഠിച്ച മണിയനും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനര്‍ഹരില്‍ ഒട്ടനവധി പേര്‍ ‘ഹൃദയപൂര്‍വ്വം കേളി’ പൊതിച്ചോര്‍ പദ്ധതിയിലേക്ക് സമ്മാനത്തിന്റെ ഒരു വിഹിതം സംഭാവന ചെയ്തു. സമ്മാനപദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ബത്ഹ ഏരിയ സെക്രട്ടറി രാമകൃഷ്ണനെ കേളി സെക്രട്ടറിയും പ്രസിഡന്റും ചേര്‍ന്ന് പൊന്നാടയണിച്ചു ആദരിച്ചു.

ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ അച്ചടക്കമുള്ള ടീമായി തിരഞ്ഞെടുത്ത റെയിന്‍ബോ സോക്കറിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ കണ്‍വീനര്‍ ഷറഫുദ്ധീന്‍ കൈമാറി. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സമ്മാന പദ്ധതിയുടെ കോഡിനേറ്റര്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

 

Leave a Reply