Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

കേളി ‘ജ്വാല’ അവാര്‍ഡ് സമ്മാനിച്ചു

റിയാദ്: കേളി കുടുംബവേദി അന്താരാഷ്ട്ര വനിതാദിനത്തില്‍ പ്രഖ്യാപിച്ച അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വനിതകളെ ആദരിക്കുന്ന പ്രഥമ ജ്വാല അവാര്‍ഡിന് ബിന്ദു സാബുവും ഖദീജ നിസയും അര്‍ഹരായി. പക്ഷാഘാതത്തെ തോല്‍പ്പിച്ച് നൃത്തം അഭ്യസിപ്പിക്കുകയും കോറിയോഗ്രഫി ചെയ്ത് പ്രതിഭ തെളിയിച്ചതിനാണ് ബിന്ദു സാബുവിന് അംഗീകാരം. സൗദി ദേശീയ ഗെയിംസില്‍ ബാഡ്മിന്റര്‍ സ്വര്‍ണ മെഡല്‍ നേടിയ പ്രഥമ ഇന്ത്യക്കാരിയാണ് ഖദീജ നിസ. അല്‍ ഹൈറിലെ അല്‍ ഒവൈദ ഓഡിറ്റോറിയത്തില്‍ ‘ജ്വാല 2023’ വനിതാ ദിന പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

വര്‍ണ്ണാഭമായ കലാ പരിപാടികള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച ‘ജ്വാല 2023’ ആഘോഷത്തില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ പങ്കെടുത്തു. ‘ഡിജിറ്റല്‍ ലോകം എല്ലാവര്‍ക്കും, നൂതനാശയങ്ങളും സാങ്കേതിക വിദ്യയും ലിംഗ സമത്വത്തിന്’ എന്ന അന്താരാഷ്ട്ര വനിതാദിന പ്രമേയം ഉള്‍ക്കൊള്ളുന്ന വിഡിയോ പ്രദര്‍ശനത്തോടെ പരിപാടി ആരംഭിച്ചു. ദമാം നവോദയ കുടുംബവേദി കേന്ദ്ര വൈസ് പ്രസിഡണ്ട് ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സീബ കൂവോട് സ്വാഗതം പറഞ്ഞു.

കുടുബവേദി സെക്രട്ടറി സീബ കൂവോടില്‍ നിന്ന് ശ്രീമതി ബിന്ദു സാബുവും കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദില്‍ നിന്നു ഖദീജ നിസയുടെ അസാന്നിധ്യത്തില്‍ പിതാവ് ലത്തീഫ് കോട്ടൂരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ശാരീരിക പ്രതിസന്ധിയെ മറികടക്കാനുള്ള ഊര്‍ജ്ജമാക്കി മാറ്റാന്‍ സാധിക്കണം എന്ന് അവാര്‍ഡിന് നന്ദി പറഞ്ഞു ബിന്ദു സാബു പറഞ്ഞ വാക്കുകള്‍ പ്രചോദനം നല്‍കുന്നതായിരുന്നു. മകളുടെ ഉയര്‍ച്ചയില്‍ പിതാവ് എന്ന നിലയില്‍ അഭിമാനിക്കുന്നു എന്ന് ഖദീജ നിസയുടെ പിതാവ് ലത്തീഫ് കോട്ടൂരും പറഞ്ഞു.

സിന്ധു സോമന്റെ ദേവിക നൃത്തകലാക്ഷേത്ര, റീന കൃഷ്ണകുമാറിന്റെ ചിലങ്ക ഡാന്‍സ് ആന്റ് മ്യൂസിക് എന്നീ നൃത്ത വിദ്യാലയങ്ങളിലെ വനിതകളും കുട്ടികളും അവതരിപ്പിച്ച വിവിധ നൃത്തരൂപങ്ങള്‍ അരങ്ങേറി. കേളി കുടുംബവേദിയിലെ അനാമികരാജ് അവതരിപ്പിച്ച മുരുകന്‍ കാട്ടാക്കടയുടെ ‘കനല്‍പ്പൊട്ട്’ കവിതയുടെ ദൃശ്യാവിഷ്‌കാരം, സിന്ധു ഷാജി അവതരിപ്പിച്ച ട്രാന്‍സ്ജന്‍ഡര്‍ പ്രമേയമാക്കിയ ഏകാംഗ അഭിനയം, കണ്ണൂര്‍ സീനത്തും റിയാദിലെ പ്രമുഖ ഗായകരും ചേര്‍ന്നൊരുക്കിയ സംഗീത സായാഹ്നം എന്നിവയും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top