Sauditimesonline

watches

കേളി നിയമ സഹായം; കന്യാകുമാരി സ്വദേശി നാട്ടിലേക്ക്

റിയാദ്: നിയമ ലംഘകനായി കഴിയാന്‍ വിധിക്കപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ദുതിതത്തയലായ തമിഴ്‌നാട് കന്യാകുമാരി സ്വദേശി ജസ്റ്റിന് കേളിയുടെ സഹായഹസ്തം.

ഇരുപത്തിരണ്ട് വര്‍ഷമായി റിയാദിലെ നിര്‍മ്മാണ മേഖലയില്‍ ജോലിചെയ്യുന്ന ജസ്റ്റിന്‍ ഒന്‍പത് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയത്. 2019 അവസാനത്തോടെ നിലവിലെ സ്‌പോണ്‍സറില്‍ നിന്നും എക്‌സിറ്റ് അടിച്ച് നാട്ടില്‍ പോകുന്നതിനായി തയ്യാറായപ്പോഴായിരുന്നു കോവിഡ് മഹാമരിയുടെ തുടക്കം. ഫൈനല്‍ എക്‌സിറ്റ് വിസ നേടിയെങ്കിലും കോവിഡ് കാരണം നാട്ടില്‍ പോയാല്‍ പുതിയ വിസയില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന് കരുതി നാട്ടില്‍ പോകുന്നത് നീട്ടിവെക്കുകയായിരുന്നു.

കോവിഡിനെ ലോകം അതിജീവിച്ചെങ്കിലും, എക്‌സിറ്റ് നേടി തിനു ശേഷം നാട്ടില്‍ പോകാതിരുന്നത് ജസ്റ്റിന് വിനയായി. രണ്ടു വര്‍ഷത്തോളം നിയമത്തിന് പിടികൊടുക്കാതെ ജോലികള്‍ ചെയ്തു. അതിനിടയില്‍ എക്‌സിറ്റടിച്ച വ്യക്തി രാജ്യം വിടാത്തതിനാല്‍ സിസ്റ്റം ബ്ലോക്ക് ആയെന്നും എത്രയും പെട്ടെന്ന് രേഖകള്‍ ശരിയാക്കണമെന്നും സ്‌പോണ്‍സര്‍ ജസ്റ്റിനെ അറിയിച്ചു.

ഇക്കാമ അടിക്കുന്നതിനും പിഴയുമായി 13,500 റിയാല്‍ ജസ്റ്റിന്‍ സ്‌പോണ്‍സര്‍ക്ക് നല്‍കി. രേഖകള്‍ ശരിയാക്കി നാട്ടില്‍ പോകാനാകുമെന്ന വിശ്വാസത്തില്‍ ആറു മാസത്തോളം കാത്തിരുന്നു. മറുപടി ലഭിക്കാത്തതിനാല്‍ വീണ്ടും സ്‌പോണ്‍സറെ സമീപിച്ചപ്പോഴാണ്, ഇക്കാമ പുതുക്കുന്നതിന് എക്‌സിറ്റ് കാലാവധി കഴിഞ്ഞത് മുതലുള്ള പിഴ 40,000 റിയാല്‍ ഉണ്ടെന്ന് അറിയുന്നത്. ഇത്രയും ഭീമമായ തുക കണ്ടെത്തുക പ്രയാസകരമായതിനാല്‍ മറ്റു മാര്‍ഗങ്ങള്‍ അന്വേഷിച്ചാണ് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തെ സമീപിക്കുന്നത്.

ജസ്റ്റിന്റെ വിഷയം കേളി ഇന്ത്യന്‍ എംബസ്സിയുടെ ശ്രദ്ധയില്‍ പെടുത്തുകയും, നാട്ടില്‍ പോകുന്നതിന് സഹായമഭ്യര്‍ത്ഥിച്ച് എംബസ്സിയില്‍ അപേക്ഷയും സമര്‍പ്പിച്ച് ഊഴത്തിനായി മൂന്നു മാസം വരെ കാത്തിരിന്നു. ഇന്ത്യന്‍ എംബസ്സിയുടെ നിരന്തര ശ്രമത്തിന്റെ ഫലമായി എക്‌സിറ്റ് കാലാവധി തീര്‍ന്നവര്‍ക്ക് കാലയളവ് നോക്കാതെ 1000 റിയാല്‍ പിഴയടച്ച് എക്‌സിറ്റ് പോകാമെന്ന സൗദിയുടെ പുതിയ ഉത്തരവ് വന്നത്.

നിശ്ചിത കാലയളവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ജസ്റ്റിനെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് തുണയായ ഈ ഉത്തരവ് മുഖേന അപേക്ഷ സമര്‍പ്പിച്ച പരമാവധി ആളുകളെ സഹായിക്കാനാണ് എംബസ്സിയുടെയും തീരുമാനം. എംബസ്സിയുടെ ശ്രമഫലമായി തര്‍ഹീല്‍ (നാടുകടത്തല്‍ കേന്ദ്രം) വഴി നാടിലെത്താനുള്ള എക്‌സിറ്റ് ജസ്റ്റിന് ലഭിച്ചു. നിയമ ലംഘകര്‍ക്കെതിരെ സൗദി പരിശോധന ഊര്‍ജിതമാക്കിയതിനാല്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയേണ്ടി വരുമോ എന്ന ഭയപ്പാടിലായിരുന്ന ജസ്റ്റിന്‍ ആശ്വാസത്തോടെ കഴിഞ്ഞ ദിവസം നാടണഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top