Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

പുതിയ കേരളത്തിന് അടിത്തറയിടുന്ന തെരഞ്ഞെടുപ്പ്: എം. സ്വരാജ്

റിയാദ്: പുതിയ കേരളം കെട്ടിപ്പടുക്കാന്‍ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജ്. ഒന്‍പത് വര്‍ഷം കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന വികസന മുന്നേറ്റങ്ങള്‍ നിലനിര്‍ത്താനും പുതിയ കേരളം കെട്ടിപ്പടുക്കാനും തുടക്കം കുറിക്കുന്ന ഒന്നാവണം ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. കേളി കലാ സാംസ്‌കാരിക വേദി റിയാദില്‍ സംഘടിപ്പിച്ച ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കുകയായിരുന്നു എം സ്വരാജ്.

വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍ കഴിയുന്നവര്‍ നാട്ടിലെത്തണം. ബന്ധുക്കളെയും സുഹൃത്തുക്കളെയും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തണം. ഇടതു പക്ഷത്തിന്റെ വിജയം ഉറപ്പാക്കണമെന്നും സ്വരാജ് പറഞ്ഞു.

ഒന്‍പത് വര്‍ഷത്തെ ഭരണം കേരളം കണ്ട സമാനതകളില്ലാത്ത വികസനം പ്രതിപക്ഷം പോലും നിഷേധിക്കുന്നില്ല. പൊതു മരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, ദാരിദ്ര നിര്‍മാര്‍ജനം തുടങ്ങി സര്‍വ്വ മേഖലകളിലും വന്നിട്ടുള്ള മാറ്റം വേണ്ടെന്ന് വെക്കാന്‍ ഒരു രാഷ്ട്രീയ കക്ഷിക്കും കഴിയില്ല. ഈ വികസന പ്രവര്‍ത്തങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകത കണ്‍വെന്‍ഷനില്‍ സംസാരിച്ചവര്‍ ഓര്‍മിപ്പിച്ചു.

നാടിന്‍ന്റെ വികസനവും, മനുഷ്യരേയും സര്‍വ്വ ജീവജാലങ്ങളെയും ബാധിക്കുന്ന വിഷയങ്ങള്‍ ഇടതുമുന്നണി ജനങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ചയാക്കുമ്പോള്‍, അനാവശ്യ വിവാദങ്ങളും നുണ പ്രചരണങ്ങളുമായി ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് യുഡിഎഫ് പ്രചാരണങ്ങള്‍. ഏത് വിധേനയും ജയിക്കുക എന്ന ലക്ഷ്യത്തോടെ സര്‍വ്വ വര്‍ഗീയ വാദികളുമായി കൂട്ടുകൂടാന്‍ മടി കാണിക്കാത്ത യുഡിഎഫ് ഒരു വശത്തും, തെളിമയാര്‍ന്ന രാഷ്ട്രീയത്തിന്റെ കലര്‍പ്പില്ലാത്ത മുഖവുമായി ഇടത് മുന്നണി മറൂഭാഗത്തുമായാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് അധ്യക്ഷന്‍ കെപിഎം സാദിഖ് അഭിപ്രായപ്പെട്ടു.

ഉപതിരഞ്ഞെടുപ്പില്‍ അന്തര്‍ ദേശീയ വിഷയങ്ങള്‍ മുതല്‍ പ്രാദേശിക വിഷയങ്ങള്‍ വരെ ചര്‍ച്ചയാകുന്നത് ഇടത് മുന്നണി സ്ഥാനാര്‍ഥി ഉയര്‍ത്തി പിടിക്കുന്ന ഉറച്ചതും സുതാര്യവുമായ നിലപാടുകളുടെ പ്രതിഫലനമാണെന്ന് കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ പറഞ്ഞു. സ്വരാജിനെ പോലുള്ളവര്‍ കേരള നിയമസഭയുടെ ഭാഗമാകുക എന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കുടുംബവേദി സെക്രട്ടറി സീബാ കൂവോടും അഭിപ്രായപ്പെട്ടു. രക്ഷാധികാരി കമ്മറ്റി അംഗം പ്രഭാകരന്‍ കണ്ടോന്താറും പ്രസംഗിച്ചു. രക്ഷാധികരി സമിതി അംഗങ്ങളായ ഫിറോസ് തയ്യില്‍, ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും ട്രഷറര്‍ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top