
റിയാദ്: അനുഗ്രഹത്തിന്റെ ചാറ്റല്‍ മഴ അതിഥികള്‍ക്കായി വഴിമാറിയപ്പോള്‍ ആയിരങ്ങള്‍ റമദാന്‍ വ്രതശുദ്ധിയുടെ ചൈതന്യം ഏറ്റുവാങ്ങി ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. കേളി കലാ സാംസ്‌ക്കാരിക വേദി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ മലാസ് ലുലു ഹൈപ്പര്‍ റൂഫ് അരീനയില്‍ 3500റിലധികം പേര്‍ക്കായി ഒരുക്കിയ ഇഫ്താര്‍ വിരുന്നാണ് വേറിട്ട അനുഭവമായത്.

രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച ഒരുക്കങ്ങള്‍ക്കിടയില്‍ 2 തവണ മഴപെയ്തു. മൂന്നുമണിയോടെ തെളിഞ്ഞ കാലാവസ്ഥയില്‍ പരവതാനി വിരിച്ചും വിരുന്നിനാവശ്യമായ വിഭവങ്ങള്‍ നിരത്തിയും ഇഫ്താറിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി 5.30 ന്ന് സംഘാടകരെ ആശങ്കയിലാക്കി ചാറ്റല്‍ മഴ! എന്നാല്‍ പത്ത് മിനിറ്റിനകം മാനം തെളിഞ്ഞു. ഇതോടെ വിരുന്നിനെത്തിയവരുടേയും സംഘാടകരുടെയും മനസ്സ് നറഞ്ഞു. കര്‍മ്മനിരതരായ വളന്റിയര്‍മാര്‍ 10 മിനിറ്റിനകം 3400 ഇരിപ്പിടങ്ങളിലും അതിഥികളെ സ്വീകരിച്ചു. അവര്‍ക്കാവശ്യമായ വിഭവങ്ങള്‍ നിരത്തുകയും ചെയ്തു.

വിരുന്നിനെത്തിയവര്‍ കേളി പ്രവര്‍ത്തകരുടെ അര്‍പ്പണ മനോഭാവത്തേയും സംഘാടന മികവിനെയും മുക്തകണ്ഠം പ്രശംസിച്ചു. ഏറ്റവും തിരക്കേറിയ ഓഫര്‍ സെയില്‍ നടക്കുന്ന ലുലുവിന് യാതൊരു വിധ തടസ്സങ്ങളും സൃഷ്ടിക്കാതെ ഒരു മണിക്കൂറിനകം പരിപാടി നടന്ന ഇടം കേളിയുടെ നൂറുകണക്കിന് വോളണ്ടിയര്‍രുടെ കഠിന പരിശ്രമത്തിലൂടെ വൃത്തിയാക്കി.

കേളി രക്ഷാധികാരി സമിതി ആക്ടിംഗ് സെക്രട്ടറി ഫിറോസ് തയ്യില്‍, ഇഫ്താര്‍ സംഘാടക സമിതി കണ്‍വീനര്‍ പ്രഭാകരന്‍ കണ്ടൊന്താര്‍, ചെയര്‍മാന്‍ സുരേന്ദ്രന്‍ കൂട്ടായ്, ട്രഷറര്‍ സുനില്‍ സുകുമാരന്‍, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, കേളി ട്രഷറര്‍ ജോസഫ് ഷാജി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കേളി രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മറ്റി അംഗങ്ങള്‍, കുടുംബവേദി പ്രവര്‍ത്തകര്‍, വിവിധ ഏരിയായിലെ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം ഇഫ്താര്‍ വന്‍ വിജയമാക്കി. റിയാദിലെ സാമൂഹിക, രാഷ്ട്രീയ, വ്യാപാര, മാധ്യമ രംഗത്തെ പ്രമുഖരും, എംബസി ഉദ്യോഗസ്ഥന്മാരും സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും വിരുന്നില്‍ പങ്കാളികളായി.






