Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

‘ഹൃദയപൂര്‍വം കേളി’ വിതരണം ചെയ്തത് 55,000 പൊതിച്ചോറുകള്‍

റിയാദ്: കേരളത്തില്‍ ഒരു ലക്ഷം പൊതിച്ചോര്‍ വിതരണം ചെയ്യാന്‍ കേളി കലാസാംസ്‌കാരിക വേദി തയ്യാറാക്കിയ ‘ഹൃദയപൂര്‍വം കേളി’ പദ്ധതി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി അടുത്ത സമ്മേളന കാലയളവിനുള്ളില്‍ സംസ്ഥാനത്ത് ഒരുലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ വെട്ടം പി ബാലകൃഷ്ണന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ (ശാന്തി സ്‌പെഷ്യല്‍ സ്‌കൂള്‍) ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികള്‍ക്ക് 15 ദിവസത്തേക്ക് ഭക്ഷണം നല്‍കുന്നത്തിനുള്ള ധാരണ പത്രം മത്സ്യതൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ കൈമാറി. വെട്ടം ശാന്തി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പിപി നാസര്‍ അധ്യക്ഷനായി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനവും തൊഴില്‍ പരിശീലനവും നല്‍കി കുട്ടികളെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ 2002ലാണ് ശാന്തി സ്‌പെഷ്യല്‍ സ്‌കൂളിന് തുടക്കമിട്ടത്. ‘ഹൃദയപൂര്‍വ്വം കേളി’ പദ്ധതിയിലൂടെ രണ്ടാം തവണയാണ് ശാന്തി സ്‌കൂളിന് കേളി സഹായം നല്‍കുന്നത്. 120ല്‍ പരം കുട്ടികള്‍ പഠിക്കുന്ന ഇവിടെ ആദ്യ ഘട്ടത്തില്‍ 7 ദിവത്തെ ഭക്ഷണമായിരുന്നു നല്‍കിയിരുന്നത്. കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി, സ്‌കൂള്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം ഒകെഎസ് മേനോന്‍, കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ പ്രസിഡണ്ട് സിപി റസാഖ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ കൃഷ്ണന്‍ സ്വാഗതവും പ്രധാന അധ്യാപിക ശ്രീലത നന്ദിയും പറഞ്ഞു.

2022 സെപ്റ്റംബറില്‍ തുടങ്ങി 2024 ഓഗസ്റ്റ് മാസം വരെ വിവിധ ജില്ലകളില്‍ പാര്‍ശ്വവലക്കരിക്കപെട്ട 55,000 പേര്‍ക്ക് അന്നമൂട്ടാന്‍ പദ്ധതിയ്ക്കു സാധിച്ചു. കേളി അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും വിശേഷ ദിവസങ്ങള്‍, ഓര്‍മ ദിനങ്ങള്‍, ആഘോഷ ദിനങ്ങള്‍, തുടങ്ങി വ്യക്തി ജീവിതത്തിലെ അസുലഭ നിമിഷങ്ങളെ പാര്‍ശ്വവലക്കരിക്കപെട്ടവര്‍ക്ക് കൈതാങ്ങാക്കി മാറ്റുവാന്‍ കൂടിയാണ് പദ്ധതി തുടങ്ങിയത്. കേളി അംഗങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും നല്ല പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്. കേളിയുടെ ചില അംഗങ്ങള്‍ പദ്ധതി ആരംഭിച്ചത് മുതല്‍ ഓരോ മാസവറും നിശ്ചിത എണ്ണം പൊതിച്ചോറുകള്‍ നല്‍കിവരുന്നു. ഉദ്ദേശിച്ച രീതിയില്‍ അര്‍ഹരായവരുടെ കൈകളില്‍ ഭക്ഷണങ്ങള്‍ എത്തുന്നു എന്നതാണ് പദ്ധതിയെ സഹായിക്കാന്‍ കൂടുതല്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. അടുത്ത ഒരു വര്‍ഷം കേളിയുടെ സംഘടനാ സമ്മേളനങ്ങളുടെ കാലഘട്ടമാണ്. 2025 ജൂലൈയോട് കൂടി പദ്ധതി പൂര്‍ത്തിയാക്കുമെന്ന് സെക്രട്ടറി സുരേഷ് കണ്ണപുരം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top