ഇടതു സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് അനിവാര്യമായ ഭരണമാറ്റത്തിന് കേരളത്തില്‍ നിന്നു മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി കലാസാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു.

നാടിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോടും കേരളത്തിലെ പ്രതിപക്ഷത്തോടും ഒരേ സമയം പോരാടേണ്ട അവസ്ഥയാണ് നിലവില്‍. ഈ അവസ്ഥക്ക് മാറ്റം വരണം. നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ യൂണിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനും അവ നേടിയെടുക്കാനും തിരഞ്ഞെടുത്ത പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് കഴിയണം. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നിന്നും നിലവില്‍ അംഗങ്ങളായിരിക്കുന്ന പ്രതിപക്ഷ നിരയിലെ അംഗങ്ങളുടെ ഭാഗത്തുനിന്നും അത്തരത്തിലുള്ള ഇടപെടല്‍ കാണാന്‍ സാധിക്കുന്നില്ല.

ഉമ്മന്‍ചാണ്ടിയുടെ ഭരണ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനും ചേര്‍ന്നാണ് നാടിന്റെ ആവശ്യങ്ങള്‍ക്കായി പോരാടിയിരുന്നത്. ഇന്ന് ന്യായമായ ആവശ്യങ്ങള്‍ക്കായി മന്ത്രിമാര്‍ക്കും എംഎല്‍എ മാര്‍ക്കും രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കേണ്ട അവസ്ഥയിലാണ്.

രാജ്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാകുന്ന വിധത്തിലാണ് ഇന്നത്തെ ഭരണ സംവിധാനങ്ങള്‍ പൊയ്‌കൊണ്ടിരിക്കുന്നത്. സര്‍വ്വ മേഖലയിലും രാജ്യം നേടിയ പുരോഗതി ദിനംതോറും നഷ്ടമായി കൊണ്ടിരിക്കുകയാണ്. ഇതിനെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കണം. അതിനായി വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ വിവേകപൂര്‍വ്വം നേരിടേണ്ടത് അനിവാര്യമാണ്.

കേരളത്തിലെ ഇടതുമുന്നണി കരുത്തരായ 20 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. നാടിന്റെ വികസനത്തിനും അവകാശ പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കിയ നേതൃനിരയെയാണ് മുന്നണി പ്രഖ്യാപിച്ചിട്ടുള്ളത്.

സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങള്‍, മണ്ഡലം കണ്‍വെന്‍ഷനുകള്‍, കുടുംബ സംഗമങ്ങള്‍ തുടങ്ങി ഇടതു മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ട വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേളി പദ്ധതിയിട്ടിട്ടുണ്ടെന്ന് കേളി സെക്രട്ടറിയിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

 

Leave a Reply