
റിയാദ്: ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്ര ബജറ്റിനെതിരെയുള്ള കേരള മാതൃകയാണ് ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച അഞ്ചാം ബജറ്റെന്ന് കേളി കലാസാംസ്‌കാരിക വേദി. ദിവസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ഇന്ത്യയുടെ ഒരു സംസ്ഥനമാണെന്ന പരിഗണന പോലും നല്‍കാതെ കേരളത്തെ അവഗണിച്ചു. എ

ന്നാല്‍ കേരള സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ദുര്‍ബ്ബല വിഭാഗങ്ങളെയും പ്രവാസികളെയും ചേര്‍ത്ത് പിടിക്കുന്ന ബജറ്റായി മാറി. ഇന്ത്യ അടുത്തകാലത്ത് നേരിട്ട ഏറ്റവും വലിയ പ്രകൃതി പ്രത്യാഘാതമായ വയനാട്, ചൂരല്‍ മല ദുരന്തത്തെ കണ്ടില്ലെന്ന് നടിച്ച യൂണിയന്‍ സര്‍ക്കാര്‍ കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടിയത്. എന്നാല്‍ പൗരന്‍മാരോടുള്ള പ്രതിബദ്ധത ഉയര്‍ത്തി പിടിച്ച് കേരള സര്‍ക്കാര്‍ പുനരധിവാസം ഉറപ്പുവരുത്താന്‍ 750 കോടി വിലയിരുത്തി.

ഡിജിറ്റല്‍ വിപ്ലവത്തില്‍ കേരളത്തെ ആഗോളനേതൃനിരയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിടുന്നതായി വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 517.64 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. പ്രവാസി ക്ഷേമത്തിനായി 178.81 കോടി രൂപയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തി. 2024 ബജറ്റില്‍ 156 കോടി വകയിരുത്തിയിരുന്നു.

നോര്‍ക്കയുടെ വിവിധ പദ്ധതികള്‍ക്കുളള 150.81 കോടിയില്‍ 77.50 കോടി രൂപ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസത്തിനാണ്. 25 കോടി രൂപ പുനരിവാസ പദ്ധതിയായ എന്‍ഡിപിആര്‍ഇഎംന് പ്രത്യേകമായും മാറ്റി വെച്ചു. ബാക്കി തുക സാന്ത്വന പദ്ധതി അടക്കമുള്ള മറ്റു പദ്ധതികള്‍ക്കായും വിനിയോഗിക്കുമെന്നും ബജറ്റില്‍ പറയുന്നു. പ്രവാസി ക്ഷേമനിധിക്കായി 23 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. ഇത് പ്രവാസി പെന്‍ഷന്‍ അടക്കമുള്ള വിവിധ സഹായങ്ങള്‍ക്കായി വിനിയോഗിക്കും.

പ്രവാസികള്‍ക്ക് സ്വന്തമായുള്ള അടഞ്ഞു കിടക്കുന്ന പാര്‍പ്പിടം വാടകക്ക് കൊടുക്കാന്‍ തയ്യാറാണെങ്കില്‍ ടൂറിസം മേഖലയില്‍ ഉപയോഗപ്പെടുത്തും. വരുമാനത്തിനൊപ്പം ഇത്തരം അടഞ്ഞു കിടക്കുന്ന വീടുകളുടെ പരിരക്ഷ ഉറപ്പ് വരുത്താനുമാകും. പ്രായം ചെന്നവര്‍ക്ക് അസിസ്റ്റഡ് ലിവിങ് സൗകര്യം ഒരുക്കാനും പദ്ധതി തയ്യാറാക്കുന്നു. ഇതിനായി 5 കോടി രൂപയാണ് ബജറ്റില്‍ മാറ്റി വെച്ചിട്ടുള്ളത്. ഇതിന് പുറമെ, പ്രവാസികളും നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ലോക കേരള കേന്ദ്രങ്ങള്‍ സ്ഥാപിക്കും എന്നും ബജറ്റില്‍ പറയുന്നു.

വിദേശത്ത് തൊഴില്‍ കമ്പോളത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന്ന്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും മറ്റും ബോധവല്‍ക്കരണം നടത്തുമെന്നും ബജറ്റില്‍ പറയുന്നു. ഇത്തരത്തില്‍ പ്രവാസികളെ ചേര്‍ത്ത് പിടിക്കുന്നതോടൊപ്പം നാടിന്റെ പുരോഗതിക്ക് അനുയോജ്യമായ ബജറ്റാണ് അവതിപ്പിച്ചിട്ടുള്ളതെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്ഥാവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.