റിയാദ്: സന്ദര്‍ശന വിസയിലെത്തി രേഖകള്‍ നഷ്ടപ്പെട്ടു അസുഖബാധിതനായി മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം രണ്ടു മാസത്തിനു ശേഷം നാട്ടില്‍ എത്തിച്ചു. കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം ഇന്ത്യന്‍ എംബസ്സിയുടെ സഹായത്താല്‍ നാട്ടിലെത്തിച്ചത്. റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ അജ്ഞാത മൃതദേഹമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇന്ത്യക്കാരന്റെ മൃതദേഹം സംബന്ധിച്ച വിവരം മോര്‍ച്ചറിയിലെ ജോലിക്കാര്‍ മുഖേനയാണ് കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര അറിയുന്നത്. ഇന്ത്യന്‍ എംബസ്സിയില്‍ വിവരം അറിയിക്കുകയും പരിശോധിക്കാനുള്ള അനുവാദം വാങ്ങുകയും ചെയ്തു. പ്രഥമ അന്വേഷണത്തില്‍ പുരോഗതിയൊന്നും ലഭിച്ചില്ല. ഇതിനിടെ റിയാദില്‍ കാണാതായ വിജയനെ അന്വേഷിച്ചു അതേ ആശുപത്രിയിലെ നഴ്‌സ് എംബസ്സിയില്‍ പരാതി നല്‍കി. ഒന്നര വര്‍ഷം മുന്‍പ് റിയാദിലേക്ക് പോയ വിജയന്റൈ വിവരം ഇല്ലെന്നു ഭാര്യയുടെ പരാതി അയല്‍വാസിയായ നഴ്‌സ് എംബസ്സില്‍ അറിയിക്കുകയായിരുന്നു.
എംബസ്സിയില്‍ നിന്നു ലഭിച്ച വിജയന്റെ ഫോട്ടോയും മോര്‍ച്ചറിയിലെ മൃതദേഹവും വിജയന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഇതു നഴ്‌സ് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അബോധാവസ്ഥയില്‍ സൗദി റെഡ് ക്രസന്റ് വിഭാഗം കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് മൂന്നു മാസം ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നു. പിന്നീടാണ് മരണത്തിന് കീഴടങ്ങിയത്. അബോധാവസ്ഥയില്‍ ആയതിനാല്‍ ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ ആശുപത്രി രേഖയില്‍ ഉണ്ടായിരുന്നില്ല.
ആളെ തിരിച്ചറിഞ്ഞതോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേളി ജീവകാരുണ്യ വിഭാഗം കേന്ദ്ര കമ്മറ്റി അംഗം പിഎന്‍എം റഫീക് നേതൃത്വം നല്‍കി. നാടുമായി ബന്ധപ്പെട്ട് രേഖകള്‍ വരുത്തുകയും നിയമ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകള്‍ ഇന്ത്യന്‍ എംബസി വഹിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി ഡെത്ത് വിഭാഗവും ഫസ്റ്റ് സെക്രട്ടറി മൊയിന്‍ അക്തര്‍, അറ്റാഷെ മീനാ ഭഗവാന്‍ എന്നിവരും സഹായിച്ചിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.