സൗദി കെ.എം.സി.സി സോക്കര്‍ കലാശപ്പോരാട്ടം; മുസ്‌ലിം ലീഗ് നേതാക്കള്‍ മുഖ്യാതിഥികള്‍
റിയാദ്: സൗദി കെ.എം.സി.സി സി ഹാശിം മെമ്മോറിയല്‍ നാഷണല്‍ സോക്കര്‍ കലാശപ്പോരാട്ടം ആഗസ്റ്റ് 30 വെള്ളി വൈകീട്ട് 7.30് നടക്കും. റിയാദ് നസ്‌റിയ മുറൂറിനടുത്ത് റിയല്‍ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുകയെന്ന് സംഘാടകര്‍ അറിയിച്ചു. മല്‍സരത്തില്‍ മുഖ്യാതിഥികളായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ. ഹാരിസ് ബീരാന്‍ എം.പി എന്നിവര്‍ക്കൊപ്പം കെ.എം.സി.സി ദേശീയ നേതാക്കളും വിവിധ പ്രവിശ്യ ഭാരവാഹികളും പങ്കെടുക്കും.
കലാശപ്പോരാട്ടത്തില്‍ ജിദ്ദയില്‍ നിന്നുള്ള ചാംസ് സബീന്‍ എഫ്.സിയും കിഴക്കന്‍ പ്രവിശ്യലെ ഫസഫിക് ലൊജിസ്റ്റിക് ബദര്‍ എഫ്.സിയും മാറ്റുരക്കും. സൗദിയില്‍ ആദ്യമായാണ് ദേശീയ തലത്തില്‍ ഇത്തരം മേള സംഘടിപ്പിക്കുന്നത്. ഇരു ടീമുകളിലുമായി സന്തോഷ് ട്രോഫി, ഐ ലീഗ് താരങ്ങള്‍ ബൂട്ട് അണിയും. മല്‍സരം വീക്ഷിക്കുന്നതിന് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫൈനലിനോടുബന്ധിച്ച് കാണികള്‍ക്കായി നറുക്കെടുപ്പിലൂടെ സോണാ ജ്വല്ലേഴ്‌സും ഗ്ലോബല്‍ ട്രാവല്‍സും നല്‍കുന്ന ഗോള്‍ഡ് കോയിന്‍ സമ്മാനിക്കും.
2024ലെ സൗദി കെ.എം.സി.സിയുടെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ബിസിനസ് അവാര്‍ഡ് വിജയ് വര്‍ഗ്ഗീസ് മൂലനും കായിക രംഗത്തെ സമഗ്ര സംഭാവനക്കായി എഞ്ചിനിയര്‍ ഹാഷിം മെമ്മോറിയല്‍ അവാര്‍ഡ് കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഫുട്‌ബോള്‍ സംഘാടകനും ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ സമീര്‍ കൊടിയത്തൂരിനും സമ്മാനിക്കും.വര്‍ഗ്ഗീസ് മൂലന്‍ കലാരംഗത്തും കായിക രംഗത്തു കേരളത്തില്‍ സജീവ സാന്നിധ്യമാണ്. ഷമീര്‍ കൊടിയത്തൂര്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റാണ്.സമാപന പരിപാടിയില്‍ മാര്‍ച്ച്പാസ്റ്റ്, ഒപ്പന, മുട്ടിപ്പാട്ട്, കോല്‍ക്കളി, നാസിക് ദോള്‍, ശിങ്കാരി മേളം, പുലിക്കളി എന്നിവ അരങ്ങേറും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റിയാദ് പാലക്കാട് ജില്ലാ കെ.എം.സി.സി ഫുട്‌ബോളിന്റെ ഫൈനല്‍ മല്‍സരവും ഒരേ ഗ്രൗണ്ടില്‍ അരങ്ങേറും. ഇതോടെ റിയാദില്‍ ആദ്യമായി രണ്ട് ഫൈനല്‍ എന്ന അപൂര്‍വ്വ കലാശപ്പോരിനും വേദിയാകും. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സൗദി അമ്പയര്‍മാര്‍ മല്‍സരം നിയന്ത്രിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
വാര്‍ത്താ സമ്മേളനത്തില്‍ കെഎംസിസി നേതാക്കളായ, സി.പി മുസ്തഫ, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, വി.കെ. മുഹമ്മദ്, മുജീബ് ഉപ്പട, അഷ്‌റഫ് കല്‍പകഞ്ചേരി, മൊയ്തീന്‍ കുട്ടി കോട്ടക്കല്‍ എന്നിവര്‍ പങ്കെടുത്തു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.