
റിയാദ്: സ്വാതന്ത്ര്യസമര നായകന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകന്‍ തുടങ്ങിയ നിലകളില്‍ ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച വ്യക്തിയായിരുന്നു ‘സഖാക്കളുടെ സഖാവ്’ എന്നറിയപ്പെടുന്ന പി കൃഷ്ണപിള്ളയെന്ന് റിയാദ് നവോദയ അനുസ്മരിച്ചു.

നവോദയയുടെ രൂപീകരണത്തിന്റെ 15-ാം വാര്‍ഷികദിനചരണവും പി കൃഷ്ണപിള്ള അനുസ്മരണ യോഗവും നടന്നു. ഗാന്ധിജിയുടെ ദണ്ഡി യാത്രയോട് ഐക്യപ്പെട്ട് കേരളത്തില്‍ കോഴിക്കോട് നിന്ന് പയ്യന്നൂര്‍ കടപ്പുറത്തേക്ക് നടന്ന ഉപ്പ് സത്യാഗ്രഹയാത്രയുടെ പതാകവാഹകന്‍ പി കൃഷ്ണപിള്ള ആയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍ സോഷ്യലിസ്റ്റ് ഗ്രൂപ് പിറവയെടുത്തപ്പോള്‍ അതിന്റെ ആദ്യ സെക്രട്ടറിയായ കൃഷ്ണപിള്ള എ കെ ജിയോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരത്തില്‍ പങ്കെടുത്തു. ക്ഷേത്രത്തിലെ മണിയടിച്ചു ആചാരലംഘനം നടത്തിയതിന് മൃഗീയ ശാരീരിക മര്‍ദ്ദനം നേരിട്ടു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയ കൃഷ്ണപിള്ളയും സംഘവും കേരളത്തില്‍ തൊഴിലാളികളേയും കര്‍ഷകരേയും സംഘടിപ്പിക്കുകയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും തിരുവിതാംകൂര്‍ രാജഭരണത്തിനെതിരെയും ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. സ്വാതന്ത്ര്യത്തിന്റെ നാളുകളില്‍ ജയിലില്‍ കഴിയേണ്ടിവന്ന കൃഷ്ണപിള്ള ഒളിവിലിരിക്കുമ്പോള്‍ പാമ്പുകടിയേറ്റാണ് മരിച്ചത്.

പരിപാടി നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ ഉദ്ഘടനം ചെയ്തു. 15 വര്‍ഷത്തിനുള്ളില്‍ സംഘടന വിവിധ മേഖലകളില്‍ നടത്തിയ സംഭാവനകള്‍ രവീന്ദ്രന്‍ വിശദീകരിച്ചു. കൃഷ്ണപിള്ളയുടെ ജീവചരിത്രം മനോഹരന്‍ പയ്യന്നൂര്‍ വിവരിച്ചു. കുമ്മിള്‍ സുധീര്‍, ബാബുജി, നാസര്‍ പൂവ്വാര്‍, ഗോപിനാഥന്‍ നായര്‍, ഷൈജു ചെമ്പൂര്, അബ്ദുല്‍ കലാം, അനില്‍ പിരപ്പന്‍കോട് എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് വിക്രമലാല്‍ അധ്യക്ഷനായിരുന്നു. പൂക്കോയ തങ്ങള്‍ സ്വാഗതവും അജിത് നന്ദിയും പറഞ്ഞു.





